ബ്രിട്ടീഷ് പൗരന്‍മാരെ കൊന്ന കേസിലും പ്രതികളെ വെറുതെവിട്ടു

Posted on: February 28, 2015 5:37 am | Last updated: February 28, 2015 at 12:37 am

അഹമ്മദാബാദ്: 2002 ലെ ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് മൂന്ന് ബ്രിട്ടീഷ് പൗരന്മാരടക്കം നാല് പേര്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികളായ ആറ് പേരെ പ്രത്യേക വിചാരണാ കോടതി വെറുതെ വിട്ടു. ഹിമ്മാത്‌നഗര്‍ ജില്ലയിലെ പ്രാണ്‍തിജ് ടൗണില്‍ ഇന്ത്യന്‍ വംശജരായ മൂന്ന് ബ്രിട്ടീഷുകാരടക്കം നാല്‌പേര്‍ കൊല്ലപ്പെട്ട കേസില്‍ പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി ഐ സി ഷായാണ് വിധി പ്രഖ്യാപിച്ചത്.
ഗോധ്രയില്‍ ട്രെയിനിന് തീയിട്ട സംഭവം കഴിഞ്ഞതിന് പിറ്റേദിവസമാണ് ഇമ്രാന്‍ ദാവൂദ്, ലണ്ടനില്‍ കഴിയുന്ന അമ്മാവന്‍ സഈദ് ദാവൂദ്, ശക്കീല്‍ ദാവൂദ്, മുഹമ്മദ് അസ്വാത് എന്നിവരെ കലാപകാരികള്‍ ആക്രമിച്ചത്. ഇവരില്‍ സഈദ്, ശക്കീല്‍, മുഹമ്മദ് അസ്വാത് അവരുടെ കാര്‍ ഡ്രൈവറായ യൂസുഫ് പരിഗാര്‍ എന്നിവരെ അക്രമികള്‍ ദേശീയ പാതയില്‍ തീവെച്ച് കൊല്ലുകയായിരുന്നു.
കാറിലുണ്ടായിരുന്ന ഇമ്രാന്‍ പോലീസിന്റെ സഹായത്തോടെ രക്ഷപ്പെട്ടു. സുപ്രീം കോടതിയുടെ മേല്‍നോട്ടത്തിലായിരുന്നു കേസ് അന്വേഷണം.