Connect with us

National

പന്നിപ്പനി: മരണ സംഖ്യ ആയിരത്തിലേക്ക്‌

Published

|

Last Updated

ലക്‌നോ/ ജയ്പൂര്‍/ അഹമ്മദാബാദ്: ഉത്തര്‍ പ്രദേശിലും രാജസ്ഥാനിലും ഗുജറാത്തിലും പന്നിപ്പനി പടര്‍ന്നുപിടിക്കുന്നു. വ്യാഴാഴ്ച 39 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്താകെ എച്ച് വണ്‍ എന്‍ വണ്‍ പിടിച്ച് മരിച്ചവരുടെ എണ്ണം ആയിരത്തിനടുത്തെത്തി. 17000ലധികം പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
യു പിയില്‍ 33 പുതിയ കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തതോടെ രോഗികളുടെ എണ്ണം 359 ആയി. സര്‍ക്കാര്‍ ആശുപത്രിയിലെ ഒരു നഴ്‌സിന് രോഗം ബാധിച്ചതോടെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയിലും ഭീതി പരന്നിട്ടുണ്ട്. അലിഗഞ്ച്, നിരാലനഗര്‍, ഗോമതിനഗര്‍, വികാസ്‌നഗര്‍ മുതലായ പുതിയ ഇടങ്ങളില്‍ നിന്നാണ് രോഗികളെത്തുന്നത്. ലക്‌നോയിലെ സിറ്റി ആശുപത്രിയില്‍ പരശോധനാ സൗകര്യം കാര്യക്ഷമമല്ല. പരിശോധനക്കെത്തുന്നവര്‍ വലയുന്ന സാഹചര്യമാണുള്ളത്. 200 രോഗികള്‍ക്ക് ഭേദമായതായി വിവിധ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. അലഹബാദിന്റെ ലക്‌നോ ബഞ്ചിന്റെ ഉത്തരവ് പ്രകാരം കിയ്‌സ്‌കുകളിലൂടെ മാസ്‌ക് വില്‍ക്കുന്നത് ആരോഗ്യ വകുപ്പ് ആരംഭിച്ചു. മെയ്ന്‍പുരി, ബിജിനൂര്‍, ബഹറൈഛ്, കിഴക്കന്‍ മേഖലകള്‍ എന്നിവിടങ്ങളില്‍ രോഗബാധ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
രാജസ്ഥാനില്‍ ആറ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം 250 ആയിട്ടുണ്ട്. ഗുജറാത്തില്‍ എട്ട് പേര്‍ കൂടി മരിച്ചതിനാല്‍ മരണസംഖ്യ 240 ആയി. ഗുജറാത്തിലുടനീളം 180 പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം നാലായിരത്തിനടുത്തെത്തി.

Latest