യു പിയില്‍ മൂന്ന് പേരെ വെടിവെച്ച് കൊന്ന് അരക്കോടി കവര്‍ന്നു

Posted on: February 28, 2015 5:34 am | Last updated: February 28, 2015 at 12:36 am

ലക്‌നോ: ഉത്തര്‍ പ്രദേശില്‍ മൂന്ന് പേരെ വെടിവെച്ചു വീഴ്ത്തി എ ടി എമ്മില്‍ അടക്കാന്‍ കൊണ്ടുവന്ന അരക്കോടി രൂപ കവര്‍ന്നു. ലക്‌നോ യൂനിവേഴ്‌സിറ്റി ക്യാമ്പസിന് സമീപമുള്ള ഹസന്‍ഗഞ്ച് പ്രദേശത്തെ തിരക്കേറിയ വ്യാപാര മേഖലയിലാണ് സംഭവം. ഉച്ചയോടെ ബൈക്കുകളിലെത്തിയ സംഘം മൂന്ന് പേര്‍ക്ക് നേരെ വളരെ അടുത്ത് നിന്ന് വെടിവെക്കുകയായിരുന്നു. പണം കൈക്കലാക്കി കൂടിനിന്നവര്‍ക്ക് നേരെയും വെടിവെച്ച ശേഷമാണ് സംഘം രക്ഷപ്പെട്ടത്. വെടിയേറ്റ മൂന്ന് പേരും മരിച്ചു. രണ്ട് പേര്‍ സംഭവസ്ഥലത്ത് വെച്ചും മറ്റൊരാള്‍ ആശുപത്രിയിലുമാണ് മരിച്ചത്.
സംഭവം ഗൗരവമായി എടുത്ത്, കേസില്‍ നേരിട്ട് മേല്‍നോട്ടം വഹിക്കാന്‍ ഡി ജി പി. എ കെ ജെയ്‌നിന് മുഖ്യമന്ത്രി അഖിലേഷ് യാദവ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 15 ദിവസത്തിനുള്ളില്‍ സംഘത്തെയും പണവും പിടികൂടാനാണ് ഉത്തരവ്. മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കും. വെടിയൊച്ച കേട്ട് സംഭവസ്ഥലത്തേക്ക് എത്തിയെങ്കിലും എന്താണെന്ന് മനസ്സിലാകും മുമ്പ് അക്രമികള്‍ രക്ഷപ്പെട്ടെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. മേഖലയൊന്നാകെ പോലീസ് വളയുകയും 16 സംഘങ്ങളെ അക്രമികളെ പിടികൂടാന്‍ അയക്കുകയും ചെയ്തിട്ടുണ്ട്.