Connect with us

Ongoing News

യഥാര്‍ഥത്തില്‍ ടീം ഇന്ത്യ. പിന്നണിയിലാണ് യഥാര്‍ഥ ടീം ഇന്ത്യ

Published

|

Last Updated

മഹേന്ദ്ര സിംഗ് ധോണി മുന്നില്‍ നിന്ന് പട നയിക്കുന്നു. വിരാട് കോഹ്‌ലിയും ശിഖര്‍ ധവാനും സുരേഷ് റെയ്‌നും അജിങ്ക്യരഹാനെയും രോഹിത് ശര്‍മയുമൊക്കെ ധോണിയുടെ ജോലിഭാരം കുറയ്ക്കാന്‍ ഏറ്റവും മികച്ച പ്രകടനത്തിനായി പരിശ്രമിക്കുന്നു. കോച്ച് ഡങ്കന്‍ ഫ്‌ളെച്ചറുടെ നിര്‍ദേശങ്ങളും ടീം ഡയറക്ടര്‍ രവി ശാസ്ത്രിയുടെ മേല്‍നോട്ടം കൂടി ചേരുന്നതോടെ ഇന്ത്യയുടെ ലോകകപ്പ് ടീം പൂര്‍ണതയിലെത്തി ! ഇതോണോ സത്യം ? ഒരു ശരാശരി ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമിയുടെ ധാരണയില്‍ ടീം ഇന്ത്യ എന്നത് അവര്‍ കണ്ടുപരിചയിച്ച ചില സൂപ്പര്‍ താരങ്ങളും ചില പുതുമഖങ്ങളുമൊക്കെ ഉള്‍പ്പെടുന്ന ചേരുവമാത്രമാണ്. യഥാര്‍ഥ ടീം ഇന്ത്യ ഇതൊന്നുമല്ലെന്നറിയുക. പതിനാറംഗ കളിക്കാരെ മത്സര സജ്ജമാക്കി നിര്‍ത്താന്‍ ടീം ഡയറക്ടര്‍ രവി ശാസ്ത്രി ഉള്‍പ്പടെ പതിനഞ്ചംഗ സ്‌ക്വാഡാണുള്ളത്. ഇവര്‍ ടീമിനൊപ്പം എപ്പോഴുമുണ്ട്. ബാക്ക് റൂം സ്റ്റാഫുകള്‍ അഥവാ പിന്നണിക്കാരാണ് ഒരു ടീമിന്റെ യഥാര്‍ഥ കരുത്ത്.
ഈ ലോകകപ്പിനെത്തിയ ടീമുകളില്‍ ഏറ്റവും വലിയ ബാക് റൂം സ്റ്റാഫ് സംഘം ഇന്ത്യക്ക് തന്നെ. ആസ്‌ത്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകള്‍ക്ക് എട്ടിനും പത്തിനുമിടയിലാണ് ബാക്ക്‌റൂം സ്റ്റാഫുകളുടെ എണ്ണം.
ടെസ്റ്റ് പരമ്പരക്കായി രണ്ട് മാസം മുമ്പെ ആസ്‌ത്രേലിയയിലെത്തിയ ടീം ഇന്ത്യയെ ലോകകപ്പിലും ഫ്രഷ് ആയി നിലനിര്‍ത്തുന്നത് ഈ സ്റ്റാഫുകളാണെന്ന് നിസംശയം പറയാം. ടീം ഡയറക്ടറിനും ഹെഡ് കോച്ചിനും പുറമെ മാനേജര്‍ അര്‍ഷാദ് അയൂബ്, അസിസ്റ്റന്റ് കോച്ച് സഞ്ജയ് ബംഗാര്‍, ഫീല്‍ഡിംഗ് കോച്ച് ആര്‍ ശ്രീധര്‍, ബൗളിംഗ് കോച്ച് ഭരത് അരുണ്‍, ഫിസിയോതെറാപിസ്റ്റ് നിഥിന്‍ പട്ടേല്‍, മെന്റല്‍ കണ്ടീഷനര്‍ വി പി സുദര്‍ശന്‍, അസിസ്റ്റന്റ് ട്രെയ്‌നര്‍ രഘു ശ്രീനിവാസന്‍, വീഡിയോ അനാലിസ്റ്റ് സന്ദീപ് ആനന്ദ്, മാസിയര്‍ (ഉഴിച്ചില്‍) രമേഷ് മാനെ, യോഗ തെറാപ്പിസ്റ്റ് അമിത് ഷാ, ലോജിസ്റ്റിക് മാനേജര്‍ എം എന്‍ സതീഷ്, മീഡിയ ഓഫീസര്‍ ഡോക്ടര്‍ ഡി ആര്‍ ബാബ, സെക്യൂരിറ്റി ഓഫീസര്‍ ഡൗഗ് ലിയോണ്‍സ് എന്നിവരാണ് ടീം ഇന്ത്യയുടെ പിന്നണിയില്‍ കളിക്കുന്നത്.മാസങ്ങളോളം കുടുംബവുമായി പിരിഞ്ഞു കഴിയുന്ന താരങ്ങള്‍ അനുഭവിക്കുന്ന ഗൃഹാതുരത്വം മാറ്റിയെടുക്കേണ്ടത് മെന്റല്‍ കണ്ടീഷനറുടെ ഉത്തരവാദിത്വമാണ്. ദിവസവും കളിക്കാരുമായി വ്യക്തിപരമായി ഇടപെട്ടുകൊണ്ടിരിക്കും വി പി സുദര്‍ശന്‍.
പരുക്കേറ്റവര്‍ക്ക് തിരിച്ചുവരവൊരുക്കാന്‍ ഫിസിയോയും ഉഴിച്ചിലുകാരനും രാപകല്‍ പ്രയത്‌നിക്കേണ്ടതുണ്ട്. ടീമിന്റെ യാത്ര, താമസം, ഭക്ഷണം ഉള്‍പ്പടെ സര്‍വവും നിയന്ത്രിക്കുന്നത് അര്‍ഷാദ് അയൂബാണ്.
സഞ്ജയ് ബംഗാറാണ് പ്രധാനമായും ടീമിന്റെ പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്. ആര്‍ ശ്രീധരും ഭരത് അരുണും അവരുടെ റോള്‍ ഭംഗിയാക്കുമ്പോള്‍ ഹെഡ് കോച്ച് ഫ്‌ളെച്ചര്‍ക്ക് ടീം ഡറക്ടര്‍ രവി ശാസ്ത്രിക്കൊപ്പം ഗെയിം പ്ലാന്‍ ചെയ്താല്‍ മാത്രം മതിയാകും. സന്ദീപ് ആനന്ദ് എന്ന വീഡിയോ അനാലിസ്റ്റാണ് ശിഖര്‍ ധവാന്റെ ഓഫ് സൈഡ് ദൗര്‍ബല്യം പരിഹരിക്കാന്‍ സഹായിക്കുന്നത്. ഓസീസിനെതിരെ ടെസ്റ്റ് പരമ്പരയില്‍ നിറം മങ്ങിയ ധവാന്‍ ലോകകപ്പില്‍ സെഞ്ച്വറിയോടെ ഫോം വീണ്ടെടുത്തത് ശ്രദ്ധേയം.കളിക്കാര്‍ മാനസികോല്ലാസത്തിന് ഫുട്‌ബോള്‍ കളിക്കുമ്പോവും പൂളില്‍ നീന്തിത്തുടിക്കുമ്പോഴും അവര്‍ക്കുള്ള സുരക്ഷ പ്രധാനമാണ്. സെക്യുരിറ്റി ഓഫീസര്‍ ഡൗഗ് ലിയോണ്‍സ് അത് ഭംഗിയാക്കുന്നു. ഇങ്ങനെ, കളിക്കാരും ബാക്ക്‌റൂം സ്റ്റാഫുകളുമടങ്ങുന്ന സംഘമാണ്

ഇന്ന് ഷമിയില്ല, ബിന്നിക്ക് സാധ്യത
പെര്‍ത്: ലോകകപ്പ് പൂള്‍ ബിയില്‍ ഇന്ന് യു എ ഇക്കെതിരായ മത്സരത്തില്‍ പേസര്‍ മുഹമ്മദ് ഷമി ഇല്ലാതെയാകും ഇന്ത്യ ഇറങ്ങുക. ഭുവനേശ്വര്‍ കുമാര്‍, സ്റ്റുവര്‍ട് ബിന്നി ഇവരിലൊരാള്‍ ഷമിക്ക് പകരമിറങ്ങും. ഇടത് കണങ്കാലിനേറ്റ പരുക്കാണ് ഷമിക്ക് തിരിച്ചടിയായത്. വേണ്ട വിധത്തിലുള്ള ശുശ്രൂഷ ഷമിക്ക് ലഭിച്ചു കഴിഞ്ഞിട്ടുണ്ടെന്നും പരുക്ക് വര്‍ധിക്കാതിരിക്കാനുള്ള മുന്‍കരുതലായിട്ട് വിശ്രമം അനുവദിച്ചതാണെന്നും മീഡിയ മാനേജര്‍ ആര്‍ എന്‍ ബാബ അറിയിച്ചു.
പാക്കിസ്ഥാനെതിരായ മത്സരത്തില്‍ മികച്ച ഫോമിലേക്കുയര്‍ന്ന ഷമി ലോകകപ്പില്‍ ഇന്ത്യന്‍ പേസ് നിരയുടെ മുഖമായി മാറിക്കഴിഞ്ഞു. ആസ്‌ത്രേലിയയുടെ പേസ് ഇതിഹാസം ഗ്ലെന്‍ മെഗ്രാത്ത് ഇന്ത്യയുടെ മാച്ച് വിന്നറായി മുഹമ്മദ് ഷമി മാറുമെന്ന് പ്രവചിക്കുകയും ചെയ്തു.
അതേ സമയം, ഷമിയുടെ പരുക്ക് ടീം ഇന്ത്യക്ക് റിസര്‍വ് കരുത്തളക്കാനുള്ള അവസരമാണ് നല്‍കിയത്. ഭുവനേശ്വര്‍ കുമാറിന്റെ സ്വിംഗ് ബൗളിംഗിനെ ആശ്രയിക്കണോ സ്റ്റുവര്‍ട് ബിന്നിയുടെ ആള്‍ റൗണ്ട് മികവ് പരിശോധിച്ചറിയണോ എന്നത് ടീം മാനേജ്‌മെന്റ് രാവിലെ തീരുമാനിക്കും.
യു എ ഇ ഇന്ന് ഇന്ത്യയെ നേരിടുക രണ്ട് ഇന്ത്യന്‍ താരങ്ങളുടെ ബലത്തിലാകും. ആള്‍ റൗണ്ടര്‍ കൃഷ്ണ ചന്ദ്രനും വിക്കറ്റ് കീപ്പര്‍ സ്വപ്നില്‍ പാട്ടീലും.
കൃഷ്ണ ചന്ദ്രന്‍ പാലക്കാട്ടുകാരനെങ്കില്‍ സ്വപ്നില്‍ മുംബൈ സ്വദേശിയാണ്. പ്രതിഭകളാല്‍ സമ്പന്നമായ ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് അവസരം തേടി പുതിയ മേച്ചല്‍പ്പുറങ്ങളിലേക്ക് യാത്രയായവരാണ് ഇരുവരും. എത്തിപ്പെട്ടത് യു എ ഇയുടെ ക്രിക്കറ്റ് ലോകത്ത്. ഇന്ത്യന്‍ ടീമംഗം സ്റ്റുവര്‍ട് ബിന്നിക്കൊപ്പം ബംഗ്ലൂര്‍ കോളജ് ക്ലബ്ബില്‍ ഒരുമിച്ചു കളിച്ചിട്ടുണ്ട് കൃഷ്ണ ചന്ദ്രന്‍.
മുംബൈയില്‍ കളിച്ചു വളര്‍ന്ന സ്വപ്നില്‍ പാട്ടീല്‍ ഇന്ന് തന്റെ കളിക്കൂട്ടുകാരനായ അജിങ്ക്യ രഹാനെയെ കണ്ടുമുട്ടും. നിരവധി യൂത്ത് ടൂര്‍ണമെന്റുകളില്‍ ഒരുമിച്ചിട്ടുണ്ട് ഇവര്‍. പാക്കിസ്ഥാനെയും ദക്ഷിണാഫ്രിക്കയെയും തോല്‍പ്പിച്ച് പൂള്‍ ബിയില്‍ മുന്നിട്ട് നില്‍ക്കുന്ന ഇന്ത്യ മൂന്നാം ജയത്തോടെ പൂളിലെ മുന്‍നിര സ്ഥാനം അരക്കിട്ടുറപ്പിക്കാന്‍ തന്നെയാണ് യു എ ഇക്കെതിരെ ഇറങ്ങുന്നത്.