Connect with us

Ongoing News

ലൈനും ലെംഗ്തും കൈയ്യിലിരിക്കട്ടെ, ഇത് ആള് വേറെയാ...!

Published

|

Last Updated

സ്‌പോര്‍ട്‌സിന് വേണ്ടി ജനിച്ചവനാണ് അബ്രഹാം ബെഞ്ചമിന്‍ ഡിവില്ല്യേഴ്‌സ്. തന്റെ ജനിതകത്തില്‍ സ്‌പോര്‍ട്‌സ് മാത്രമേയുള്ളൂവെന്ന് തിരിച്ചറിഞ്ഞ കാലം മുതല്‍ക്ക്, എ ബി ഡിവില്ലേഴ്‌സ് എന്ന പേരില്‍ ലോകമറിയുന്ന ക്രിക്കറ്റര്‍ അതിന് പിറകെയുണ്ട്. സ്‌പോര്‍ട്‌സ് എന്ന് പറയുമ്പോള്‍ ക്രിക്കറ്റ് മാത്രമാകും ഡിവില്ലേഴ്‌സിന് എന്ന് കരുതിയാല്‍ തെറ്റി. ഏത് കായിക ഇനവും തനിക്ക് വഴങ്ങുമെന്ന് ഈ ദക്ഷിണാഫ്രിക്കക്കാരന്‍ ഇതിനകം തെളിയിച്ചു കഴിഞ്ഞു. ഗോള്‍ഫ്, റഗ്ബി, ബാഡ്മിന്റണ്‍, ടെന്നീസ്, നീന്തല്‍, ഹോക്കി ഇങ്ങനെ ഡിവില്ലേഴ്‌സ് കൈവെക്കാത്ത മേഖലകളില്ല. ക്രിക്കറ്റും ഇതിനൊപ്പം കൊണ്ടു പോവുക മാത്രമാണ് ചെയ്തത്. സ്‌കൂള്‍ ക്രിക്കറ്റ് ടീമംഗമായ ഡിവില്ലേഴ്‌സ് അന്ന് ഏറ്റവുമധികം ഇഷ്ടപ്പെട്ടത് റഗ്ബിയാണ്. പക്ഷേ, ഏകാഗ്രത അനിവാര്യമായ ഗോള്‍ഫിലാണ് ഡിവില്ലേഴ്‌സ് ബാല്യത്തില്‍ തന്നെ പേരെടുത്തത്. രസകരമെന്ന് പറയട്ടെ, പതിനാറാം വയസില്‍ ദക്ഷിണാഫ്രിക്കയുടെ ജൂനിയര്‍ ഹോക്കി ടീമംഗമായി ഡിവില്ലേഴ്‌സ്.
ഒരേ സമയം ഒന്നിലേറെയല്ല, നാലും അഞ്ചും കായിക ഇനങ്ങളിലാണ് ഡിവില്ലേഴ്‌സിന്റെ ശ്രദ്ധ പതിയുന്നത്. കൂടുതല്‍ കലകളില്‍ പ്രാവീണ്യം നേടാന്‍ ശ്രമിക്കുന്നത് തികഞ്ഞ പരാജയമാകുമെന്ന ജപ്പാന്‍ പഴമൊഴിയെയൊക്കെ ഡിവില്ലേഴ്‌സ് കാറ്റില്‍ പറത്തി. കാരണം ഇതിനൊക്കെയിടയിലാണ് നീന്തലില്‍ ഒരു കൈ നോക്കിയത്. ദക്ഷിണാഫ്രിക്കയുടെ സ്‌കൂള്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ ആറ് റെക്കോര്‍ഡുകളാണ് ഡിവില്ലേഴ്‌സ് സ്വന്തമാക്കിയത്. അതില്‍ 100 മീറ്ററിലെ റെക്കോര്‍ഡ് ഇന്നും തകര്‍ക്കപ്പെട്ടിട്ടില്ല !
ബാഡ്മിന്റണില്‍ വെറുതെ റാക്കറ്റുമായിറങ്ങിയതല്ല ഡിവില്ലേഴ്‌സ്. ദക്ഷിണാഫ്രിക്കയുടെ അണ്ടര്‍ 19 ബാഡ്മിന്റണ്‍ ചാമ്പ്യനായിരുന്നു !!!
ഇങ്ങനെ സകലകലാവല്ലഭനായ ഡിവില്ലേഴ്‌സ് ഒടുവില്‍ ക്രിക്കറ്റിനെയാണ് പ്രൊഫഷണല്‍ കരിയര്‍ എന്ന നിലക്ക് തിരഞ്ഞെടുത്തത്. ആ തീരുമാനം ക്രിക്കറ്റിന്റെ പുണ്യമായി. ഏകദിന ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ അര്‍ധസെഞ്ച്വറി, സെഞ്ച്വറി, 150 ഇങ്ങനെ മൂന്ന് റെക്കോര്‍ഡും ഒരൊറ്റയാളുടെ പേരിലെഴുതിയാല്‍ മതി ഐ സി സിയുടെ കണക്കപ്പിള്ളമാര്‍ക്ക് !
ആധുനിക ക്രിക്കറ്റിലെ സൂപ്പര്‍ ബാറ്റ്‌സ്മാന്‍ ആരെന്ന ചോദ്യത്തിന് എ ബി ഡിവില്ലേഴ്‌സ് എന്നാണ് ഉത്തരം. ക്രിസ് ഗെയിലും വിരാട് കോഹ്‌ലിയും ജോര്‍ജ് ബെയ്‌ലിയും മാക്‌സ്‌വെലും ബ്രെണ്ടന്‍ മെക്കല്ലവുമെല്ലാം അരങ്ങുവാഴുന്ന ആധുനികക്രിക്കറ്റില്‍ ഡിവില്ലേഴ്‌സിന്റെ സ്ഥിരതയും ഷോട്ടുകളിലെ വൈവിധ്യവും അയാളെ ഒരു പടി മുന്നില്‍ നിര്‍ത്തുന്നു. ഇതിഹാസ താരങ്ങളായ സച്ചിനും ബ്രയാന്‍ ലാറയും മൈക്കല്‍ ബെവനുമൊക്കെ ഇന്നിംഗ്‌സ് പടുത്തുയര്‍ത്തിയ രീതികളില്‍ നിന്ന് വിഭിന്നമായിട്ടാണ് ഡിവില്ലേഴ്‌സിന്റെ രീതി. സ്‌ട്രൈക്ക് കൈമാറി വിശ്രമിക്കുവാന്‍ ഈ പ്രതിഭക്ക ്താത്പര്യമില്ല. സിംഗിളുകളേക്കാള്‍ ഡബിളുകള്‍ക്ക് ശ്രമിക്കുന്നു. അല്ലെങ്കില്‍ ഡബിളിന് വേണ്ടി അത്‌ലറ്റിനെ പോലെ ക്രീസിനിടയിലൂടെ ഓടുന്നു. ഇന്ത്യ ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയത് ഡിവില്ലേഴ്‌സിന്റെ ഇത്തരമൊരു ഓട്ടത്തിനിടെ റണ്ണൗട്ടാക്കിയായിരുന്നു എന്നോര്‍ക്കുക. ഡിവില്ലേഴ്‌സിനൊപ്പമെത്തുക എന്ന വെല്ലുവിളിയാണ് നോണ്‍സ്‌ട്രൈക്ക് എന്‍ഡിലെ ഓരോ സഹതാരത്തിനുമുള്ളത്. ഇതിനെല്ലാം പുറമെയാണ് കൂറ്റന്‍ ഷോട്ടുകള്‍.
അച്ചടക്കത്തോടെ, ലൈനും ലെംഗ്തും പാലിച്ചെറിയുന്ന ബൗളര്‍മാരെ പോലും അനായാസം ഡിവില്ലേഴ്‌സ് എടുത്ത് ഗ്രൗണ്ടിന് പുറത്തിടും. യോര്‍ക്കര്‍ ബോളുകള്‍ക്ക് പോലും രക്ഷയില്ലാത്ത അവസ്ഥ. ക്രീസില്‍ അതിവേഗ പദചലനത്തിലൂടെ ഏത് ദിശയിലേക്കും ഡിവില്ലേഴ്‌സ് പന്ത് പായിക്കും. വെസ്റ്റിന്‍ഡീസ് ബൗളര്‍മാരെ ഫൈന്‍ ലെഗിലേക്ക് ഒറ്റക്കൈ കൊണ്ടാണ് പലപ്പോഴും ബൗണ്ടറി കടത്തിയത്. ചിലപ്പോഴത് സിക്‌സറായും മാറി.
ഏതാനും ആഴ്ച്ചചകള്‍ക്കു മുമ്പാണ് അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി (31 പന്തില്‍) ഈ ബാറ്റ്‌സ്മാന്‍ നേടിയത്. ഇപ്പോഴിതാ വെസ്റ്റിന്‍ഡീസിനെതിരായ ലോകകപ്പ് മത്സരത്തില്‍ ഏറ്റവും വേഗമേറിയ 150 ഉം പിറന്നിരിക്കുന്നു. 66 പന്തില്‍ 162 റണ്‍സ് എന്ന കണക്കുകള്‍ക്കപ്പുറത്തായിരുന്നു ഈ ഇന്നിംഗ്‌സിന്റെ വ്യാപ്തി. തുടക്കത്തില്‍ ഒന്നു നിലയുറപ്പിക്കുന്നതിനു വേണ്ടി സാവധാനം കളിച്ച് ഡിവില്ലേഴ്‌സ് ആദ്യം കളിച്ച 13 പന്തില്‍ 12 റണ്‍സാണ് നേടിയത്. അവസാന ഓവറുകളില്‍ നിരന്തരം കളിച്ച ഷോട്ടുകള്‍ ക്രിക്കറ്റ് പണ്ഡിറ്റുകള്‍ക്ക് പോലും പുതുമയായിരുന്നു.
ഓഫ് സ്റ്റംപിലേക്ക് മാറി നിന്ന് ഫൈന്‍ ലെഗിലേക്ക് സ്വീപ് ചെയ്ത് നേടിയ സിക്‌സര്‍ വിസ്മയകാഴ്ചയാണ്. ഹോക്കിയില്‍ ഡ്രാഗ് ഫഌക്ക് ചെയ്യും പോലെയാണ് പല ഷോട്ടുകളും. അതു പോലെ ഗോള്‍ഫ് ഷോട്ടുകളും കണ്ടു. ലെഗ് സ്റ്റംപിലേക്ക് ഗുഡ്‌ലെംഗ്തില്‍ പിച്ച് ചെയ്ത് വന്ന പന്ത് ലെഗ്സ്റ്റംപിന് പുറത്തേക്ക് മാറി എക്‌സ്ട്രാ കവറിനു മുകളിലൂടെ സിക്‌സറായത് സമാനമായൊരു ഷോട്ടായിരുന്നു.
ബാറ്റെടുക്കുമ്പോഴെല്ലാം ഈ തരത്തിലാണ് ഡിവില്ലേഴ്‌സ് കളിക്കുന്നത്. ഈ പോക്ക് പോയാല്‍ ക്രിക്കറ്റിലെ ബാറ്റിംഗ് റെക്കോര്‍ഡുകളെല്ലാം ഡിവില്ലേഴ്‌സിന്റെ പേരിലാകും.
സച്ചിനും ലാറയും ബെവനുമൊക്കെ ടീമിനെ വിജയതീരത്തേക്ക് നയിച്ച രീതി എത്ര പെട്ടെന്നാണ് കാലപ്പഴക്കത്തില്‍ പെട്ടു പോയത്. എല്ലാത്തിനും കാരണം ഈയൊരുത്തനാണ് – എ ബി ഡിവില്ലേഴ്‌സ് !

Latest