Connect with us

Eranakulam

ജനകീയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ ഉദാര സമീപനം: മുഖ്യമന്ത്രി

Published

|

Last Updated

കൊച്ചി: ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ ഉദാരവും സുതാര്യവുമായ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജനസമ്പര്‍ക്ക പരിപാടിയുടെയും റവന്യൂ അദാലത്തിന്റെയും ചുവടു പിടിച്ച് ജനകീയപ്രശ്‌നങ്ങള്‍ക്ക് താഴേത്തലം മുതല്‍ പരിഹാരം കാണാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം ജില്ലാതലത്തില്‍ സംഘടിപ്പിച്ച റവന്യൂ, സര്‍വെ അദാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. അദാലത്തുകളുടെ സംസ്ഥാനതല സമാപനം കൂടിയാണ് എറണാകുളത്ത് നടന്നത്. ജനപങ്കാളിത്തത്തിലും പിഴവില്ലാത്ത നടത്തിപ്പിലും ഒന്നിനൊന്ന് മെച്ചമായ അദാലത്തുകളാണ് വിവിധ ജില്ലകളില്‍ നടന്നത്. പരാതികളിലും ആവശ്യങ്ങളിലും സമയോചിതമായി പരിഹാരം കാണുന്നതില്‍ കലക്ടര്‍മാരും ഉദ്യോഗസ്ഥരും സ്തുത്യര്‍ഹമായ പ്രവര്‍ത്തനമാണ് നടത്തിയത്. ജനങ്ങളുടെ ആവശ്യങ്ങള്‍ ചുവപ്പുനാടയില്‍ കുരുങ്ങാതെ വേഗത്തില്‍ നിറവേറ്റാന്‍ അദാലത്തുകള്‍ക്ക് കഴിഞ്ഞു. സര്‍ക്കാരിന്റെ സേവനങ്ങള്‍ സമയബന്ധിതമായി ജനങ്ങളിലെത്തേണ്ടത് പ്രധാനമാണ്. സേവനാവകാശ നിയമം നടപ്പാക്കിയതും സേവനങ്ങള്‍ പരമാവധി ഓണ്‍ലൈനാക്കിയതും ഇതിന്റെ ഭാഗമാണ്. നടപടിക്രമങ്ങള്‍ പരമാവധി ലഘൂകരിക്കുന്നതില്‍ വന്‍ മുന്നേറ്റം കൈവരിക്കാന്‍ റവന്യൂ വകുപ്പിന് കഴിഞ്ഞു. ജനന, മരണ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിച്ചതും സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തല്‍ അനുവദിച്ചതും സര്‍ക്കാരിന്റെ സമീപനത്തിന്റെ ഭാഗമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് അധ്യക്ഷത വഹിച്ചു. ഫിഷറീസ്, എക്‌സൈസ്, തുറമുഖ വകുപ്പ് മന്ത്രി കെ ബാബു, മേയര്‍ ടോണി ചമ്മിണി, എം എല്‍ എമാര്‍ വിവത വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

Latest