Connect with us

Kerala

ഷൈന്‍ ടോം ചാക്കോ പ്രതിയായ കൊക്കെയ്ന്‍ കേസ്: രാസപരിശോധനാ ഫലത്തെ ചൊല്ലി തര്‍ക്കം

Published

|

Last Updated

കൊച്ചി: സിനിമാതാരം ഷൈന്‍ ടോം ചാക്കോ പ്രതിയായ കൊക്കെയ്ന്‍ കേസിന്റെ രാസപരിശോധനാ ഫലത്തെ ചൊല്ലി പോലീസും കെമിക്കല്‍ എക്‌സാമിനേഷന്‍ ലാബ് അധികൃതരും തമ്മില്‍ തര്‍ക്കം രൂക്ഷമായി. അഞ്ച് പ്രതികളുടെയും രക്തസാമ്പിളുകളില്‍ കൊക്കെയ്‌നിന്റെ അംശം ഇല്ലെന്ന കാക്കനാട് റീജ്യനല്‍ കെമിക്കല്‍ എക്‌സാമിനേഷന്‍ ലാബിന്റെ റിപ്പോര്‍ട്ട് തള്ളിയ പോലീസ് ഡല്‍ഹിയില്‍ കൂടുതല്‍ ശാസ്ത്രീയമായ പരിശോധന നടത്തുന്നതിന് ഇന്നലെ സെഷന്‍സ് കോടതിയുടെ അനുമതി നേടി.

രക്തത്തില്‍ കൊക്കെയ്‌നിന്റെ അംശം കണ്ടെത്തുന്നതിന് ഗ്യാസ്‌ക്രോമാറ്റോഗ്രാഫി ടെസ്റ്റാണ് കാക്കനാട് ലാബില്‍ നടത്തിയത്. എന്നാല്‍ പ്രതികള്‍ കൊക്കെയ്ന്‍ ഉപയോഗിച്ചോ എന്ന് വ്യക്തമാകണമെങ്കില്‍ എച്ച് പി എല്‍ സി ടെസ്റ്റ് നടത്തണമെന്നാണ് പോലീസ് നിലപാട്. ഡല്‍ഹിയിലെ നാഷനല്‍ ഫൊറന്‍സിക് ലാബില്‍ ടെസ്റ്റ് നടത്താനാണ് പോലീസ് തീരുമാനം. ലാബില്‍ നിന്ന് കോടതിയില്‍ തിരിച്ചേല്‍പ്പിച്ചിട്ടുള്ള ശേഷിക്കുന്ന രക്തസാമ്പിളുകള്‍ ഇതിനായി ഉടന്‍ ഡല്‍ഹിയിലേക്കയക്കും.
കൊക്കെയ്ന്‍ കരളിലെത്തുമ്പോള്‍ ഉണ്ടാകുന്ന രാസപ്രക്രിയയുടെ ഫലമായി എഗ്ഗോനൈന്‍ മീഥൈല്‍ ഈസ്റ്റര്‍, ബെന്‍സോയില്‍ എഗ്ഗോനൈന്‍ എന്നീ ഘടകങ്ങള്‍ വേര്‍തിരിയും. കൊക്കെയ്ന്‍ ഉപയോഗിക്കുന്ന ആളുടെ രക്തത്തില്‍ ഈ ഘടകങ്ങള്‍ ഉണ്ടോ എന്ന് കണ്ടെത്തുന്നതിന് എച്ച് പി എല്‍ സി എന്ന ഉപകരണം ഉപയോഗിച്ചുള്ള ടെസ്റ്റാണ് നടത്തേണ്ടത്. ഇതിനുള്ള സംവിധാനം കാക്കനാട്ടെ ലാബില്‍ ഇല്ല. ഇതിന് പകരം രക്തത്തില്‍ കൊക്കെയ്‌നിന്റെ അംശം കലര്‍ന്നിട്ടുണ്ടോ എന്ന് നേരിട്ട് അറിയുന്നതിന് ജി സി എം എസ് ഉപകരണം ഉപയോഗിച്ചുള്ള ഗ്യാസ്‌ക്രൊമാറ്റോഗ്രാഫി പരിശോധനയാണ് നടത്തിയത്.
രാസപരിശോധനാ ഫലങ്ങള്‍ ലഭിക്കുന്നതിന് സാധാരണ ഗതിയില്‍ രണ്ട് വര്‍ഷം വരെ എടുക്കുന്ന സ്ഥാനത്ത് 20 ദിവസം കൊണ്ട്് കൊക്കെയ്ന്‍ കേസിലെ നെഗറ്റീവ് രാസപരിശോധനാ ഫലം ലാബ് അധികൃതര്‍ കോടതിക്ക് നല്‍കിയത് സംശയാസ്പദമാണെന്നും പോലീസ് ആരോപിക്കുന്നു. രാസപരിശോധനാ ഫലം വേഗത്തില്‍ ലഭ്യമാക്കാന്‍ പോലീസ് ആവശ്യപ്പെട്ടിട്ടില്ലെന്നിരിക്കെ ലാബ് അധികൃതര്‍ ഇത് തിരക്കിട്ട് ലഭ്യമാക്കിയതിന് പിന്നില്‍ ബാഹ്യശക്തികളുടെ പ്രേരണയുണ്ടെന്ന് പോലീസ് സംശയിക്കുന്നു.
എന്നാല്‍ പോലീസിന്റെ ആരോപണങ്ങള്‍ ലാബ് അധികൃതര്‍ നിഷേധിക്കുകയാണ്. കൊക്കെയ്ന്‍ കേസിലെ പ്രതികളുടെ രക്തസാമ്പിള്‍ പരിശോധനയില്‍ വഴിവിട്ട യാതൊന്നും നടന്നിട്ടില്ലെന്ന് ജോയിന്റ് കെമിക്കല്‍ എക്‌സാമിനര്‍ കെ മുരളീധരന്‍ നായര്‍ പറഞ്ഞു. കൊക്കെയ്ന്‍ പരിശോധിക്കുന്നതിനുള്ള ഏറ്റവും ആധുനിക ഉപകരണമായ ജി സി എം എസ് ഉപയോഗിച്ചാണ് പരിശോധന നടത്തിയത്. എച്ച് പി എല്‍ സി ഉപകരണം ഉപയോഗിച്ച് നടത്തുന്ന പരിശോധനയേക്കാള്‍ എത്രയോ ആധുനികവും ശാസ്ത്രീയവുമാണ് ജി സി എം എസ് ഉപയോഗിച്ചുള്ള പരിശോധന. രക്തസാമ്പിള്‍ പരിശോധിച്ച് അതിന്റെ റിസള്‍ട്ട് ഉപകരണം തന്നെ പ്രിന്റൗട്ടായി നല്‍കുകയാണ് ചെയ്യുന്നത്. അഞ്ച് പേരുടെയും രക്തസാമ്പിളുകളില്‍ കൊക്കെയ്‌നിന്റെ അംശം ഇല്ലെന്നാണ് പ്രിന്റൗട്ടില്‍ വ്യക്തമാക്കിയിട്ടുള്ളത്. കൊക്കെയ്ന്‍ ഉപയോഗിച്ചവരുടെ ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഉണ്ടാകുന്ന രാസമാറ്റം രക്തസാമ്പിളുകളില്‍ പ്രകടമായിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
കൊക്കെയ്ന്‍ കേസിന്റെ പരിശോധനാ ഫലം തിടുക്കത്തില്‍ വന്നതിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന പോലീസിന്റെ ആക്ഷേപം തീര്‍ത്തും അടിസ്ഥാന രഹിതമാണ്. ഒരു പൊതുസ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്തുകയാണ് ഇത്തരം ആരോപണമുന്നയിക്കുന്നവര്‍ ചെയ്യുന്നത്. അബ്കാരി കേസുകളിലെ രാസ പരിശോധനാ ഫലം മാത്രമാണ് ഇത്തരത്തില്‍ വൈകാറുള്ളത്. ഹ്യൂമന്‍ ടോക്‌സിക്കോളജി വിഭാഗത്തില്‍ ഒരു സാമ്പിള്‍ പോലും പെന്‍ഡിംഗ് ഇല്ല. പൊതുപ്രാധാന്യമുള്ള കേസുകളില്‍ പരിശോധനാ ഫലം വേഗത്തില്‍ ലഭ്യമാക്കാന്‍ ലാബ് ശ്രദ്ധിക്കാറുണ്ടെന്നും തൃശൂരില്‍ മുഹമ്മദ് നിസാം എന്നയാളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിന്റെ ആന്തരിക സ്രവങ്ങളുടെ രാസപരിശോധനാ റിപ്പോര്‍ട്ട് നല്‍കിക്കഴിഞ്ഞുവെന്നും ലാബ് അധികൃതര്‍ വ്യക്തമാക്കി. അതേസമയം ഡി എന്‍ എ പ്രൊഫൈല്‍ പരിശോധനക്കായി പ്രതികളുടെ രക്തസാമ്പിളുകള്‍ ശേഖരിക്കുന്നതിന് അനുമതി തേടി പോലീസ് നല്‍കിയ അപേക്ഷ പരിഗണിക്കുന്നത് കോടതി ഇന്നത്തേക്ക് മാറ്റി.