Connect with us

Kerala

ബാര്‍കോഴ: നിയമസഭാ സമ്മേളനത്തിന് മുമ്പ് അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് കേരള കോണ്‍.

Published

|

Last Updated

തിരുവനന്തപുരം: ബാര്‍കോഴയുമായി ബന്ധപ്പെട്ട് ധനമന്ത്രി കെ എം മാണിക്കെതിരെ ഉയര്‍ന്ന ആരോപണം സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നിയമസഭാ സമ്മേളനം തുടങ്ങുന്നതിന് മുമ്പ് പൂര്‍ത്തിയാക്കണമെന്ന് കേരള കോണ്‍ഗ്രസ്-എം ആവശ്യപ്പെട്ടു. ഇക്കാര്യമാവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ മുഖ്യമന്ത്രിയെയും ആഭ്യന്ത്രമന്ത്രിയെയും നേരിട്ട് കണ്ടാണ് ആവശ്യം ഉന്നയിച്ചത്. കഴിഞ്ഞ ബുധനാഴ്ച ചേര്‍ന്ന പാര്‍ലിമെന്ററി പാര്‍ട്ടി യോഗ തീരുമാനപ്രകാരമാണ് നേതാക്കളുടെ പ്രതിനിധി സംഘം മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും നേരിട്ട് കണ്ടത്. നിയമസഭാ സമ്മേളനം ആരംഭിക്കുന്നതിനു മുമ്പ് അന്വേഷണം പൂര്‍ത്തീകരിക്കണമെന്നാണ് പാര്‍ട്ടിയുടെ ആവശ്യം. അന്വേഷണം നീണ്ടുപോവുന്ന നിലവിലെ അവസ്ഥയില്‍ പാര്‍ട്ടിക്കുള്ള അതൃപ്തിയും സംഘം മുഖ്യമന്ത്രിയെ അറിയിച്ചു.
മന്ത്രി പി ജെ ജോസഫ്, ചീഫ് വിപ്പ് പി സി ജോര്‍ജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ എം എല്‍ എമാരായ ഡോ. എന്‍ ജയരാജ്, തോമസ് ഉണ്ണിയാടന്‍, മോന്‍സ് ജോസഫ്, ടി യു കുരുവിള എന്നിവരാണ് ഉണ്ടായിരുന്നത്. മാണിയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി അന്വേഷണം നീണ്ടുപോവുന്നതിനോട് യോജിക്കാനാവില്ലെന്നാണ് കേരള കോണ്‍ഗ്രസിന്റെ നിലപാട്. ബജറ്റ് അവതരണം ഉള്‍പ്പടെ നിയമസഭാ സമ്മേളനം ബാര്‍കോഴ ആരോപണത്തിന്റെ പേരില്‍ പ്രക്ഷുബ്ദമാക്കാനുള്ള എല്‍ ഡി എഫ് തീരുമാനം മാണിക്ക് കൂടുതല്‍ ദോഷം ചെയ്യും. അന്വേഷണം നടക്കുന്ന വേളയില്‍ കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്നത് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കും. അതിനാല്‍ സമ്മേളനം ആരംഭിക്കുന്നതിനു മുമ്പ് വിജിലന്‍സ് അന്വേഷണം സംബന്ധിച്ച തീരുമാനം ഉണ്ടാവണമെന്നാണ് കേരള കോണ്‍ഗ്രസിന്റെ ആവശ്യം. വിജിലന്‍സ് റിപോര്‍ട്ടില്‍ അനുകൂല പരാമര്‍ശമുണ്ടായാല്‍ അതുപയോഗിച്ച് പ്രതിപക്ഷ നീക്കത്തിന് തടയിടാന്‍ കഴിയും.
ഒപ്പം അത് രാഷ്ട്രീയമായി ഇടതുമുന്നണിക്ക് തിരിച്ചടിയാവുമെന്നും കേരള കോണ്‍ഗ്രസ് കരുതുന്നു. ബാര്‍കോഴ ആരോപണത്തിന് പിന്നില്‍ കോണ്‍ഗ്രസിലെ ഒരുവിഭാഗമാണെന്നാണ് കേരള കോണ്‍ഗ്രസ് നേതൃത്വം കരുതുന്നത്. അരോപണത്തിനു പിന്നിലുള്ള ഗൂഢാലോചന കണ്ടെത്താന്‍ പാര്‍ട്ടി അന്വേഷണ സമിതിയെയും നിയോഗിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ സര്‍ക്കാരിനു പുറമേ, കോണ്‍ഗ്രസിനെയും സമ്മര്‍ദ്ദത്തിലാക്കാനാണ് കേരള കോണ്‍ഗ്രസ് നീക്കം. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ അനുകൂല പ്രതികരണം ഉണ്ടായതായാണ് കേരള കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സൂചന.

Latest