Connect with us

Kerala

കടല്‍തൊഴിലാളികളുടെ സമ്മേളനം ശ്രദ്ധേയമായി

Published

|

Last Updated

കടല്‍തൊഴിലാളികളുടെ സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം സയ്യിദ് ഇബ്‌റാഹിമുല്‍ ഖലീലുല്‍ ബുഖാരിയും കാന്തപുരം ഉസ്താദും തൊഴിലാളികള്‍ക്കിടയില്‍

താജുല്‍ ഉലമാ നഗര്‍:ആഴക്കടലില്‍ നിന്ന് നല്ലൊരു കോളുകിട്ടിയ പ്രതീതിയായിരുന്നു താജുല്‍ ഉലമാ നഗറിലെത്തിയ ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ മുഖത്ത് ഇന്നലെ. മമ്പുറം തങ്ങള്‍ സ്‌ക്വയറില്‍ നന്ന കടല്‍ത്തൊഴിലാളികളുടെ സമ്മേളനത്തിലേക്കാണ് തീരദേശകുടിലുകളില്‍ നിന്ന് പ്രതിനിധികളെത്തിയത്. പാരാവാരം പോലെ പരന്ന് കിടക്കുന്ന കടല്‍പ്പരപ്പില്‍ നിന്ന് അവരെത്തിയ മനുഷ്യസാഗരത്തിനിടയിലേക്കായിരുന്നു.

പലര്‍ക്കും അതൊരു പുതിയ അനുഭവമായിരുന്നു. വാര്‍ധക്യം ബാധിച്ചവരും യുവാക്കളുമെല്ലാം അവരുടെ ഇടയിലുണ്ടായിരുന്നു. സുന്നി സമ്മേളനത്തില്‍ ജീവിതത്തിലാദ്യമായി പങ്കെടുക്കുന്നവരും മതത്തെ കുറിച്ച് ധാരണയില്ലാത്തവരുമെല്ലാം എസ് വൈ എസ് അറുപതാം വാര്‍ഷികത്തിന്റെ ഭാഗമായി മാറി. ജീവിതകാലം മുഴുവന്‍ കടലില്‍ ജോലി ചെയ്തിട്ടും കടലിലെ അക്ഷയഖനികളെക്കുറിച്ച് അവര്‍ അജ്ഞരായിരുന്നു. സമുദ്രവും ഇസ്‌ലാമും തമ്മിലുള്ള അഭേദ്യമായ ബന്ധവും പലരും തിരിച്ചറിയുന്നത് ഇന്നലെയായിരുന്നു.
സമ്മേളനം ഉദ്ഘാടനം ചെയ്ത സയ്യിദ് ഇബ്‌റാഹിമുല്‍ ഖലീല്‍ ബുഖാരി തങ്ങളും മുഖ്യപ്രഭാഷണം നടത്തിയ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരും കടല്‍ തൊഴിലാളി ജീവിതങ്ങളെ കുറിച്ച് ചരിത്ര പശ്ചാതലത്തില്‍ വിവരിച്ചുകൊടുത്തു. സാകൂതം കാത് കൂര്‍പ്പിച്ചിരുന്ന തൊഴിലാളികള്‍ക്ക് അറിവിന്റെ അക്ഷയ ഖനിയാണ് അവര്‍ പകര്‍ന്നു നല്‍കിയത്. മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് എസ് വൈ എസ് പദ്ധതി തയ്യാറാക്കുന്നതായുള്ള ഖലീല്‍ തങ്ങളുടെ പ്രഖ്യാപനം ഏറെ ആശ്വാസത്തോടെയാണ് സ്വീകരിച്ചത്. ഇവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങള്‍ എസ് വൈ എസ് നടത്തും. സമുദ്ര തൊഴിലാളികളുടെ മത-ഭൗതിക വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കിയുള്ള പദ്ധതികളാണ് ആവിഷ്‌കരിക്കുകയെന്നും അദ്ദേഹം പറഞ്ഞു. കാന്തപുരത്തിന്റെ പ്രാര്‍ഥനയില്‍ പങ്കെടുക്കാനായത് ജീവിതത്തിലെ മഹത്തായ നിമിഷമാണെന്ന് തൊഴിലളികള്‍ സമ്മേളന ശേഷം പറഞ്ഞു. തൊഴിലാളികള്‍ക്ക് നിത്യമാക്കേണ്ട സ്വലാത്ത് പഠിപ്പിച്ച് നല്‍കിയ ശേഷം സദസ്സിനിടയിലേക്ക് കാന്തപുരവും ഖലീല്‍ തങ്ങളും ഇറങ്ങിച്ചെല്ലുകയും ചെയ്തു.
മഗ്‌രിബ് നിസ്‌കാര ശേഷം ദഅ്‌വ തീരദേശങ്ങളില്‍ എന്ന വിഷയത്തില്‍ എം അബൂബക്കര്‍, ഇസ്‌ലാം വിളിക്കുന്നു എന്ന വിഷയത്തില്‍ ഡോ. മുഹമ്മദ് ഫാറൂഖ് നഈമി, ആത്മീയം സെഷനില്‍ സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ് പ്രസംഗിച്ചു.