ആണവ പദ്ധതികളില്‍ അമേരിക്ക കാഴ്ചപ്പാട് മാറ്റണം: ഇറാന്‍

Posted on: February 28, 2015 5:01 am | Last updated: February 28, 2015 at 12:02 am

ടെഹ്‌റാന്‍: ആണവ പദ്ധതികളില്‍ അമേരിക്ക കാഴ്ചപ്പാട് മാറ്റണമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി ആവശ്യപ്പെട്ടു. ഇറാനിയന്‍ ആണവ വിഷയത്തില്‍ അമേരിക്ക കൈക്കൊണ്ടിരിക്കുന്നത് തെറ്റായ നടപടിയാണെന്നും ഇത് പുനഃപരിശോധിക്കണമെന്നുമാണ് റൂഹാനി ആവശ്യപ്പെടുന്നത്. ടെഹ്‌റാന്‍ ആണവ പദ്ധതികള്‍ വിവാദമാക്കുന്നത് അമേരിക്കയാണ്.
യൂറോപ്യന്‍ രാജ്യങ്ങളായ ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി എന്നിവയുമായി ആണവ കരാറില്‍ ഏര്‍പ്പെടാനുള്ള ഇറാന്റെ ശ്രമങ്ങള്‍ക്ക് തുരങ്കം വെച്ചത് അമേരിക്കയാണെന്നും റൂഹാനി കുറ്റപ്പെടുത്തി. ഉടമ്പടികളിലൂടെ തങ്ങള്‍ക്ക് മേലുള്ള ഉപരോധം നീക്കാനാണ് ശ്രമിക്കുന്നത്. കാരണം ഉപരോധം എന്നത് മനുഷ്യാവകാശ ലംഘനവും ക്രൂരവും നീതീകരിക്കാനാകാത്തതുമാണ്. എന്നാല്‍ ചര്‍ച്ചകളിലൂടെ ഇത് പരിഹരിക്കണം എന്നു തന്നെയാണ് രാജ്യം ആഗ്രഹിക്കുന്നത്. ഇപ്പോല്‍ തുടര്‍ന്നു കൊണ്ടിരിക്കുന്ന ആണവ ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ അമേരിക്ക അന്താരാഷ്ട്ര സമൂഹത്തിനു മുന്നില്‍ കുറ്റാരോപിതരാകും. ഇക്കാര്യം അമേരിക്കയിലെ ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നുണ്ടെന്നും റൂഹാനി പറഞ്ഞു.
അമേരിക്കയുടെയും ഇറാനിന്റെയും പ്രതിനിധികള്‍ പങ്കെടുക്കുന്ന ചര്‍ച്ചകള്‍ ഈയാഴ്ച ആദ്യം ജനീവയില്‍ തുടങ്ങിയിട്ടുണ്ട്. മൂന്നുവട്ട ചര്‍ച്ചകളാണ് പൂര്‍ത്തിയായത്.