Connect with us

International

ഭൂപരിഷ്‌കരണം വിഡ്ഢിത്തം: സിംബാബ്‌വെ പ്രസിഡന്റ്

Published

|

Last Updated

ഹരാരെ: സിംബാബ്‌വെയില്‍ നടപ്പാക്കിയ ഭൂപരിഷ്‌കരണം വിഡ്ഢിത്തമായിരുന്നെന്ന് പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ. വിവാദമായ ഭൂപരിഷ്‌കരണ നയങ്ങളുടെ ഭാഗമായി വെളുത്തവര്‍ഗക്കാരില്‍ നിന്നു പിടിച്ചെടുത്ത ഭൂമി കൃഷിക്കാരായ കറുത്ത വര്‍ഗക്കാര്‍ക്ക് നല്‍കിയിരുന്നു. ഇതാണ് അബദ്ധമായതെന്ന് പ്രസിഡന്റ് പ്രസ്താവന നടത്തിയിരിക്കുന്നത്.
ഏക്കര്‍ കണക്കിന് കൃഷി ഭൂമിയാണ് കര്‍ഷകര്‍ക്ക് വീതിച്ചു നല്‍കിയിരുന്നത്. ഭൂമി ലഭിച്ചവര്‍ക്ക് ഇവ പരിപാലിക്കാന്‍ കഴിയുന്നില്ലെന്നാണ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സിംബാബ്‌വെ ബ്രോഡ്കാസ്റ്റിംഗ് കോര്‍പറേഷന് നല്‍കിയ അഭിമുഖത്തില്‍ റോബര്‍ട്ട് മുഗാബെ വ്യക്തമാക്കുന്നത്. ഭൂമി ലഭിച്ചവര്‍ അതിന്റ മൂന്നിലൊന്ന് പോലും ഉപയോഗപ്പെടുത്തുന്നില്ല. അതുകൊണ്ടു തന്നെ ഭൂപരിഷ്‌കരണം പ്രായോഗിക തലത്തില്‍ പരാജയമായിരുന്നു എന്നും പ്രസിഡന്റ് പറയുന്നു. 2000ത്തിലാണ് സിംബാബ്‌വെയില്‍ വിവാദ ഭൂപരിഷ്‌കരണം നടപ്പാക്കിയത്. ഇതേത്തുടര്‍ന്ന് വെളുത്ത വര്‍ഗത്തിലും കറുത്ത വര്‍ഗത്തിലും പെട്ട കര്‍ഷകര്‍ തമ്മില്‍ സംഘര്‍ഷങ്ങളുണ്ടായിരുന്നു.
ഭൂപരിഷ്‌കരണത്തിന് ശേഷം പ്രതീക്ഷിച്ചത്രയും ഭക്ഷ്യധാന്യം ഉത്പാദിപ്പിക്കാന്‍ കഴിയാത്തതിന്റെ പശ്ചാത്തലത്തിലാണ് പ്രസിഡന്റ് പുതിയ പ്രസ്താവനയുമായി വന്നിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനമാണ് കൃഷിനാശത്തിനും ഭക്ഷ്യോത്പാദനം വര്‍ധിക്കാത്തതിനും കാരണം എന്നായിരുന്നു നേരത്തെയൊക്കെ അദ്ദേഹത്തിന്റെ വാദം. ഇതിന് കടകവിരുദ്ധമായ വാദമാണ് ഇപ്പോള്‍ അദ്ദേഹം ഉന്നയിക്കുന്നത്. കുറ്റം കറുത്ത വര്‍ഗക്കാര്‍ക്ക് മേല്‍ ചാര്‍ത്തിയ പ്രസിഡന്റ്, കൃഷി ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെങ്കില്‍ ഭൂപരിഷ്‌കരണം വഴി ലഭിച്ച ഭൂമി വെളുത്ത വര്‍ഗക്കാര്‍ക്ക് തിരികെ കൊടുക്കണമെന്നും അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

---- facebook comment plugin here -----

Latest