‘ജിഹാദി ജോണി’നെ തിരിച്ചറിഞ്ഞെന്ന് റിപ്പോര്‍ട്ട്

Posted on: February 28, 2015 5:00 am | Last updated: March 1, 2015 at 8:45 am

ലണ്ടന്‍: ഇസില്‍ വീഡിയോകളിലൂടെ കുപ്രസിദ്ധനായ ജിഹാദി ജോണ്‍ എന്നറിയപ്പെടുന്ന ഭീകരവാദിയെ തിരിച്ചറിഞ്ഞു. മുഖംമൂടി ധരിച്ച് കൊലപാതക വീഡിയോകളില്‍ പ്രത്യക്ഷപ്പെടാറുള്ള ഇയാള്‍ കുവൈത്ത് വംശജനായ പടിഞ്ഞാറന്‍ ലണ്ടന്‍ സ്വദേശി മുഹമ്മദ് എംവാസിയെന്നാണ് റിപ്പോര്‍ട്ട്.
ഒരു ബ്രിട്ടീഷ് സുരക്ഷാ ഏജന്‍സിയെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ദി ഗാര്‍ഡിയന്‍, ബി ബി സി എന്നീ മാധ്യമങ്ങളും ഇതേ വാര്‍ത്ത, ഉറവിടം വ്യക്തമാക്കാതെ പുറത്തുവിട്ടിട്ടുണ്ട്. അതേസമയം, ലണ്ടന്‍ മെട്രോപൊളീറ്റന്‍ പോലീസ് ഇക്കാര്യം തള്ളിക്കളഞ്ഞു. വാര്‍ത്തകള്‍ ഊഹാപോഹം മാത്രമാണെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ സ്ഥിരീകരണം ആവശ്യമാണെന്നുമാണ് അവര്‍ പറയുന്നത്.
മാധ്യമങ്ങള്‍ പുറത്തുവിട്ടത് ശരിയാണെങ്കില്‍ മുഹമ്മദ് എംവാസി വെസ്റ്റ് മിന്‍സ്റ്റര്‍ സര്‍വകലാശാലയില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗ് വിദ്യാര്‍ഥിയായിരുന്നു. ആറ് വര്‍ഷം മുമ്പ് ഇയാള്‍ ഇവിടെ നിന്ന് പഠനം പൂര്‍ത്തിയാക്കിയതായി സര്‍വകലാശാല സ്ഥിരീകരിക്കുന്നു. 2014 ആഗസ്റ്റില്‍ പുറത്തുവിട്ട വീഡിയോയിലാണ് ജിഹാദി ജോണ്‍ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ ജെയിംസ് ഫോളിയെ കൊലപ്പെടുത്തുന്ന വീഡിയോ ആയിരുന്നു അത്. തുടര്‍ന്ന് യു എസ് മാധ്യമപ്രവര്‍ത്തകന്‍ സ്റ്റീവന്‍ സോട്‌ലോഫ്, ബ്രിട്ടീഷ് സന്നദ്ധ പ്രവര്‍ത്തകന്‍ ഡേവിഡ് ഹെയിന്‍സ്, ബ്രിട്ടീഷ് ടാക്‌സി ഡ്രൈവര്‍ അലന്‍ ഹെന്നിംഗ്, അമേരിക്കന്‍ സന്നദ്ധപ്രവര്‍ത്തകന്‍ അബ്ദുര്‍റഹ്മാന്‍ കാസ്സിഗ് എന്നിവരെ കഴുത്തറുത്ത് കൊല്ലുന്ന വീഡിയോകളിലും ഇതേയാള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ജപ്പാന്‍കാരായ ഹരൂന യുക്‌വാ, കെന്‍ജി ഗോട്ടോ എന്നിവര്‍ കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് പുറത്തിറങ്ങിയ വീഡിയോയിലും ജോണിന്റെ സാന്നിധ്യമുണ്ടായിരുന്നു.
പുറത്തുവന്ന വീഡിയോകളിലെല്ലാം, കണ്ണ് മാത്രം പുറത്ത് കാണും വിധം കറുത്ത വസ്ത്രം അണിഞ്ഞുകൊണ്ടാണ് ഇയാള്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. കൈയില്‍ ഒരു കത്തിയും കാണാമായിരുന്നു. യു എസ് വ്യോമാക്രമണത്തില്‍ ഇയാള്‍ക്ക് സാരമായി പരുക്കേറ്റതായി നേരത്തെ ബ്രിട്ടന്‍ അവകാശപ്പെട്ടിരുന്നു.
നിയമ നടപടികള്‍ക്ക് വിധേയനാക്കാന്‍ ഇയാളെ ജീവനോടെ ആവശ്യമുണ്ടെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ നേരത്തെ പ്രസ്താവന നടത്തിയിരുന്നു.