Connect with us

International

ഇറാഖില്‍ ചരിത്ര മ്യൂസിയം തകര്‍ത്തു

Published

|

Last Updated

ബഗ്ദാദ്: ക്രൂരതയുടെ പുതിയ മുഖം അനാവരണം ചെയ്ത് ഭീകരവാദ സംഘടനയായ ഇസില്‍ പുതിയ വീഡിയോ പുറത്തുവിട്ടു. ഇറാഖിന്റെ വടക്കന്‍ നഗരമായ മൂസ്വിലിലെ ചരിത്ര മ്യൂസിയം ഭീകരര്‍ അടിച്ചുതകര്‍ക്കുന്ന വീഡിയോയാണ് ഇന്നലെ ഇസില്‍ പുറത്തുവിട്ടത്.
വലിയ പ്രതിമകളും ചരിത്ര ലിഖിതങ്ങളും അടങ്ങിയ പുരാവസ്തുക്കള്‍ ചുറ്റികകള്‍ കൊണ്ടും ഡ്രില്ലിംഗ് മെഷീനുകള്‍ കൊണ്ടും തകര്‍ക്കുന്ന അഞ്ച് മിനുട്ട് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളാണ് പുറത്തുവിട്ടിട്ടുള്ളത്. സോഷ്യല്‍ നെറ്റ്‌വര്‍ക്കിലുടെ പുറത്തുവിട്ട വീഡിയോയില്‍ ഇസിലിന്റെ ലോഗോ പതിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ വേനലില്‍ മൂസ്വിലിന്റെ നിയന്ത്രണം പിടിച്ചെടുത്തതു മുതല്‍ മ്യൂസിയത്തില്‍ ഇസില്‍ ഭീകരര്‍ താവളമടിച്ചിരിക്കുകയായിരുന്നു. എന്നാല്‍, ഇത്രയും കാലം, തങ്ങള്‍ മ്യൂസിയത്തിന്റെ സംരക്ഷകരാണെന്നും ചരിത്ര ശേഷിപ്പുകള്‍ക്ക് യാതൊരു കേടുപാടും വരുത്തില്ലെന്നുമായിരുന്നു ഇസില്‍ സംഘം പ്രദേശവാസികളോട് പറഞ്ഞുകൊണ്ടിരുന്നത്.
അതേസമയം, തകര്‍പ്പെട്ട പ്രതിമകളില്‍ ഒന്ന് മാതൃക മാത്രമാണെന്ന് മ്യൂസിയം വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാല്‍, തകര്‍പ്പെട്ട മറ്റെല്ലാ വസ്തുക്കളും പൗരാണികവും അമൂല്യവുമാണ്. ഇവയെല്ലാം തന്നെ നിനെവെ, നിമ്രുദ്, ഹാത്ര എന്നിവിടങ്ങളില്‍ നിന്ന് കണ്ടെടുത്ത് സംരക്ഷിച്ചുവരുന്നവയാണ്.
ഇസിലിന്റെ മ്യൂസിയം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ യുനെസ്‌കോ അടിയന്തര യോഗം വിളിച്ചു ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മ്യൂസിയം ആക്രമണം സാംസ്‌കാരിക ദുരന്തമാണെന്നാണ് യുനെസ്‌കോ വിശേഷിപ്പിച്ചത്. മാത്രമല്ല, ഈ സംഭവം വിഭാഗീയതക്കും തീവ്രവാദത്തിനും സംഘര്‍ഷങ്ങള്‍ക്കും എണ്ണപകരുന്നതാണെന്നും യുനെസ്‌കോ സെക്രട്ടറി ജനറല്‍ ഇറിന ബൊകോവ പറഞ്ഞു. പള്ളികള്‍ ഉള്‍പ്പെടെ നിരവധി ആരാധനാലയങ്ങള്‍ ഇസില്‍ ഇതിനു മുമ്പ് തകര്‍ത്തിട്ടുണ്ട്. ഇവിടങ്ങളില്‍ നിന്നും മറ്റും കൊള്ളയടിക്കുന്ന അമൂല്യങ്ങളായ പുരാവസ്തുക്കള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും ജീവിതാഘോഷത്തിനും ഇവര്‍ വില്‍പ്പന നടത്താറുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Latest