Connect with us

Editorial

കണ്ണൂര്‍ വീണ്ടും കലങ്ങുന്നോ?

Published

|

Last Updated

കണ്ണൂര്‍ ജില്ല അറുകൊല രാഷ്ട്രീയത്തിന്റെയും അശാന്തിയുടെയും നാളുകളിലേക്ക് തിരിച്ചു പോകുകയാണോ? ബുധനാഴ്ച രാത്രി നടന്ന ആക്രമണത്തില്‍ മരിച്ച സി പി എം പ്രവര്‍ത്തകന്‍ ചിറ്റാരിപ്പറമ്പില്‍ പ്രേമന്‍ ഉള്‍പ്പെടെ കഴിഞ്ഞ ആറ് മാസത്തിനിടെ നാല് പേരാണ് ജില്ലയില്‍ രാഷ്ട്രീയ എതിരാളികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ബി ജെ പി പ്രവര്‍ത്തകരായ നുച്ചോളി സുരേഷ്, ഇളന്തോട്ടത്തില്‍ മനോജ്, ആലക്കോട് രാജന്‍ എന്നിവരാണ് അടുത്തിടെ ജില്ലയില്‍ രാഷ്ടീയ കൊലക്കത്തക്കിരയായ ഹതഭാഗ്യര്‍. ജില്ലയിലുടനീളം ഈയിടെയായി വ്യാപകമായ അതിക്രമങ്ങളും അരങ്ങേറുന്നുണ്ട്. സമാധാനം സ്ഥാപിക്കാന്‍ ബാധ്യതപ്പെട്ട നേതാക്കളാകട്ടെ, പകപോക്കലിനും പ്രതികാരത്തിനും പ്രചോദനം നല്‍കുന്ന പ്രസ്താവനകളിലൂടെ അണികളെ അക്രമത്തിന് പ്രേരിപ്പിക്കുകയുമാണ്.
അറുപതുകളുടെ അവസാനം ഒരു ആര്‍ എസ് എസ് പ്രവര്‍ത്തികന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് നാല് പതിറ്റാണ്ടോളം തുടര്‍ച്ചയായി കൊലപാതക രാഷ്ട്രീയം അരങ്ങേറിയ ജില്ലയാണ് കണ്ണൂര്‍. ഈ അറുകൊല രാഷ്ട്രീയം അനാഥകളാക്കിയ കുടുംബങ്ങളും വിധവകളാക്കിയ സ്ത്രീകളും അംഗഭംഗം മൂലം ജീവിതം തകര്‍ന്നവരും നിരവധിയാണ്. സമാധാന പ്രേമികളുടെ നീണ്ട കാലത്തെ മുറവിളിയുടെ ഫലയായി ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ ഉള്‍പ്പെടെയുള്ള സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ മുന്‍കൈയെടുത്തു നടത്തിയ അനുരജ്ഞ ശ്രമങ്ങളുടെ ഫലമായാണ് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് അവിടെ സമാധാനം സ്ഥാപിതമായത്. ഇടക്കാലത്ത് പോപ്പുലര്‍ ഫ്രണ്ട് പോലുള്ള തീവ്രവാദ സംഘടനകളുടെ രംഗപ്രവേശം അങ്ങിങ്ങ് സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ചെങ്കിലും നിയമപാലകരുടെ സന്ദര്‍ഭോചിതമായ ഇടപെടലിനെ തുടര്‍ന്ന് അവയൊന്നും കൂടുതല്‍ സംഘര്‍ഷത്തിനിട വരുത്താതെ നിയന്ത്രിക്കാന്‍ സാധിച്ചിരുന്നു. അതിനിടെയാണ് പഴയ കാലത്തെ അഭിശപ്ത കണ്ണൂരിനെ ഓര്‍മിപ്പിക്കുന്ന വിധം ബി ജെ പിയും സി പി എമ്മും വീണ്ടും അക്രമം തുടങ്ങിയിരിക്കുന്നത്. ഇത് ആശങ്കാജനകവും ഭീതിതവുമാണ്.
സി പി എമ്മും ബി ജെ പിയും മാത്രമല്ല, കഠാര രാഷ്ട്രീയത്തില്‍ ഒരു കക്ഷിയും മോശമല്ല. കായിക ബലം കൊണ്ടും എതിരാളികളുമായി ഏറ്റുമുട്ടാനുള്ള സായുധ സംഘങ്ങളെ സജ്ജീകരിക്കാത്ത ഒരു പാര്‍ട്ടിയുമില്ല. കൊലപാതകത്തിനും കലാപത്തിനും പരിശീലനം നല്‍കാന്‍ ഇടക്കിടെ ക്യാമ്പുകളും സംഘടിപ്പിക്കാറുണ്ട്. കഴിഞ്ഞ ഏപ്രിലില്‍ കണ്ണൂരില്‍ ഒരു പ്രമുഖ രാഷ്ട്രീയപാര്‍ട്ടി സായുധ പരിശീലന ക്യാമ്പുകള്‍ തുടങ്ങിയതായി മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതാണ്. 500 അംഗങ്ങളുള്ള പ്രതിരോധസേനയാണ് അന്നുണ്ടാക്കിയത്. ഓരോ പ്രദേശത്തും അക്രമം നടത്താനായി അമ്പത് ചെറുസംഘങ്ങളെയും അവര്‍ സജ്ജമാക്കിയിരുന്നു. ജില്ലയില്‍ വീടാക്രമണങ്ങളും ബോംബേറുകളും ഇവരാണത്രെ നടത്തുന്നത്. കണ്ണൂരിലെ ബോംബ് നിര്‍മാണവും നിര്‍മാണത്തിനിടയില്‍ അബദ്ധത്തില്‍ പൊട്ടി ജീവന്‍ നഷ്ടപ്പെടുന്ന സംഭവങ്ങളും ഇടക്കിടെ വാര്‍ത്തകളില്‍ സ്ഥലം പിടിക്കാറുള്ളതാണ്. ആള്‍താമസമില്ലാത്ത വീടുകളും വിജന പ്രദേശങ്ങളും ജില്ലയിലെ ബോംബ് നിര്‍മാണ, സൂക്ഷിപ്പു കേന്ദ്രങ്ങളാണെന്നതും രഹസ്യമല്ല.
ഭീകരവാദവും തീവ്രവാദവും മതങ്ങളുടെയും സാമുദായിക പ്രവര്‍ത്തകരുടെയും തലയില്‍ കെട്ടിവെക്കുന്ന പ്രവണതയാണ് പൊതുവെ കണ്ടുവരാറ്. എന്നാല്‍ മതങ്ങളേക്കാള്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളാണ് ഏറ്റവും വലിയ ഭീകര വാദികളെന്നാണ് കണ്ണൂരില്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് അരങ്ങേറുന്ന അറുകൊലകള്‍ ബോധ്യപ്പെടുത്തുന്നു.
കതിരൂര്‍ മനോജ് കൊല്ലപ്പെട്ട സംഭവത്തോട് പ്രതികരിക്കവെ സി പി എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞ കാര്യങ്ങള്‍ ഇവിടെ ശ്രദ്ധേയമാണ്: “കൊലപാതക രാഷ്ട്രീയം ആര്‍ക്കും ഒന്നും നേടിത്തരുന്നില്ല. അക്രമ രാഷ്ട്രീയം അവസാനിപ്പിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിബദ്ധത കാണിക്കണം. അക്രമികളെ തന്റെ പാര്‍ട്ടി വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറയുകയുണ്ടായി. എന്നാല്‍ രാഷ്ട്രീയ കൊലകള്‍ അരങ്ങേറുമ്പോള്‍ പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ എല്ലാ വഴികളും ഒരുക്കുകയല്ലാതെ അവരെ തള്ളിപ്പറയാനോ മാറ്റിനിര്‍ത്താനോ ഒരു പാര്‍ട്ടിയും ആര്‍ജവം കാണിക്കാറില്ലെന്നതാണ് അനുഭവം. അനിഷ്ടകരമായ ഓരോ സംഭവങ്ങളുണ്ടാകുമ്പോഴും ഇനിയും സമാനമായത് ആവര്‍ത്തിക്കരുതേയെന്ന് സമാധാന പ്രേമികള്‍ മനമുരുകി പ്രാര്‍ഥിക്കാറുണ്ടെങ്കിലും അത്തരമൊരു ബോധമോ ചിന്തയോ നേതാക്കള്‍ക്കില്ലെന്നതാണ് ദുഃഖകരം. കഠാര രാഷ്ട്രീയവും അക്രമവും കൈവെടിയാന്‍ കൂട്ടായ തീരുമാനമെടുക്കുകയും അത് പ്രാവര്‍ത്തികമാക്കാന്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ ആര്‍ജവം കാണിക്കുകയും ചെയ്‌തെങ്കില്‍ മാത്രമേ ഈ പ്രവണതക്ക് അറുതി വരുത്താനാകൂ.