Connect with us

Articles

വിഴുപ്പലക്കാന്‍ മാത്രമായി ഒരു പാര്‍ട്ടി സമ്മേളനം

Published

|

Last Updated

സി പി എമ്മിന്റെ 21-ാം കോണ്‍ഗ്രസ് ഏപ്രില്‍ മാസം വിശാഖ പട്ടണത്തു നടക്കുകയാണ്. അതിന്റെ ഭാഗമായാണ് സംസ്ഥാന സമ്മേളനം ആലപ്പുഴയില്‍ നടന്നത്. പോണ്ടിച്ചേരിയില്‍ നടക്കുന്ന സി പി ഐ പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി സംസ്ഥാന സമ്മേളനം കോട്ടയത്ത് നടന്നുവരുന്നു.
34 വര്‍ഷം ഭരിച്ച ബംഗാളില്‍ തൃണമൂലിനും ബി ജെ പിക്കും പിന്നില്‍ മൂന്നാംസ്ഥാനത്തും കേരളത്തില്‍ കോണ്‍ഗ്രസ് മുന്നണിയുടെ അഴിമതി -മാഫിയ ഭരണത്തില്‍ കാഴ്ചക്കാരായും നില്‍ക്കുന്ന സന്ദര്‍ഭത്തിലാണ് സി പി എം പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നത്. പാര്‍ട്ടി കോണ്‍ഗ്രസുകളില്‍ സാധാരണയായി അവതരിപ്പിക്കാറുള്ള രാഷ്ട്രീയ പ്രമേയത്തോടൊപ്പം 1978ലെ ജലന്ധര്‍ കോണ്‍ഗ്രസ് മുതല്‍ പിന്തുടരുന്ന രാഷ്ട്രീയ അടവു നയം അവലോകനം ചെയ്യുന്നതന്ന് സംബന്ധിച്ച രേഖയും ഇത്തവണത്തെ സി പി എം കോണ്‍ഗ്രസിനെ ശ്രദ്ധേയമാക്കുന്നു.
എന്നാല്‍, ഈ രണ്ട് രേഖകളേയും സംബന്ധിച്ചുള്ള ലഭ്യമായ വിവരങ്ങള്‍ സൂചിപ്പിക്കുന്നത് കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെക്കാലമായി സി പി എം പിന്തുടരുന്ന അവസരവാദ നയങ്ങള്‍ തിരുത്തുന്ന ദിശയില്‍ ഒരിഞ്ചു പോലും അത് മുന്നോട്ടു പോകുന്നില്ലെന്നാണ്. എന്നു മാത്രമല്ല, സാര്‍വദേശീയ -ദേശീയ വിഷയങ്ങളില്‍ അതു തുടര്‍ന്നുപോരുന്ന വലതു സമീപനങ്ങള്‍ അരക്കിട്ടുറപ്പിക്കുന്നതാണ് സി പി എമ്മിന്റെ കരടു രാഷ്ട്രീയ പ്രമേയം. ഉദാഹരണത്തിന് രാഷ്ട്രീയ പ്രമേയത്തില്‍ ചൈനയോടുള്ള സമീപനമെടുക്കുക. മാര്‍ക്‌സിസ്റ്റ് വിശകലനത്തില്‍, ഭരണകൂട കുത്തക മുതലാളിത്തമായി പരിവര്‍ത്തിച്ച, മൂലധന നിക്ഷേപത്തിനും ലോക കമ്പോളത്തിനും അസംസ്‌കൃത വിഭവങ്ങള്‍ക്കും അമേരിക്കയും ജപ്പാനുമടക്കമുള്ള ഇതര സാമ്രാജ്യ ശക്തികളുമായി മത്സരിക്കുന്ന ചൈനയെ സോഷ്യലിസമായി ഇപ്പോഴും കൊണ്ടാടുന്ന സമീപനമാണ് രേഖയിലുള്ളത്. തൊഴിലാളികളേയും മതന്യൂന പക്ഷങ്ങളേയും മര്‍ദിത വിഭാഗങ്ങളേയും അടിച്ചൊതുക്കി കോര്‍പറേറ്റ്‌വത്കരണത്തിന്റെ മാതൃകയായി മോദി വികസിപ്പിച്ചെടുത്ത ഗുജറാത്ത് മോഡലില്‍ നിന്നും പാഠം പഠിക്കാന്‍ ചൈനീസ് പ്രസിഡന്റ് ഷിജിന്‍പിംഗ് ഗുജറാത്ത് സന്ദര്‍ശിച്ചതിന്റെ തുടര്‍ച്ചയായി ബി ജെ പി പ്രസിഡന്റ് അമിത്ഷായുമായി ചൈനീസ് ഉന്നത തല സംഘം ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നതാണ് വര്‍ത്തമാന പശ്ചാത്തലം. അപ്രകാരം ചൈനീസ് മോഡലും ഗുജറാത്ത് മോഡലും ഒന്നായിരിക്കുന്ന പശ്ചാത്തലത്തില്‍ പോലും അത് തിരിച്ചറിയാനാകാത്ത ആശയപ്പാപ്പരത്തമാണ് രാഷ്ട്രീയ പ്രമേയം പ്രകടമാക്കുന്നത്. എന്നാലിത് യാദൃച്ഛികമല്ലെന്നും 34 വര്‍ഷത്തെ ബംഗാള്‍ മോഡലും അഞ്ച് വര്‍ഷത്തെ ഇടവേളകളില്‍ സി പി എം കേരളത്തില്‍ നടപ്പാക്കിപ്പോന്നതും ഇതേ ഭരണവര്‍ഗ നയങ്ങള്‍ തന്നെയാണെന്നും വ്യക്തമാവുന്നതാണ്.
1978ലെ ജലന്ധര്‍ പാര്‍ട്ടി കോണ്‍ഗ്രസ് മുതല്‍ പിന്തുടരുന്ന അടവുനയം അവലോകനം ചെയ്യുന്നത് സംബന്ധിച്ച കരടുരേഖ പോളിറ്റ് ബ്യൂറോയിലാരംഭിച്ച അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ഇപ്പോള്‍ അവിയല്‍ പരുവത്തിലായിട്ടുണ്ടെന്നു തോന്നുന്നു. 1978 മുതലുള്ള രാഷ്ട്രീയ അടവു ലൈന്‍ തിരുത്തേണ്ടതുണ്ടെന്നും നക്‌സലൈറ്റ് വിഭാഗങ്ങളെ കൂട്ടിച്ചേര്‍ത്ത് വിശാല ഇടതുമുന്നണി രൂപവത്കരിക്കേണ്ടതുണ്ടെന്നും ജനറല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം പറയുമ്പോള്‍, 1978ലെ അടവു ലൈന്‍ ശരിയായിരുന്നെന്നും അതു നടപ്പാക്കിയതിലുണ്ടായ തെറ്റുകളാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണമെന്നും മറ്റു വിഭാഗം പറയുന്നു. ഫലത്തില്‍, ബി ജെ പി സര്‍ക്കാര്‍ ഉയര്‍ത്തുന്ന ഫാസിസ്റ്റ് ഭീഷണിയെ നേരിടാനെന്ന പേരില്‍ കോണ്‍ഗ്രസുമായും ഇതര ഭരണ വര്‍ഗ പാര്‍ട്ടികളും പ്രാദേശിക പാര്‍ട്ടികളുമായി ഐക്യപ്പെടുന്നതിനുമുള്ള നീക്കമാണ് അണിയറയില്‍ നടക്കുന്നത്. മൂന്നര ദശാബ്ദക്കാലമായി പിന്തുടരുന്ന അടവു ലൈനാണ് തിരിച്ചടികള്‍ക്കു കാരണമെന്ന ഒരു വിഭാഗത്തിന്റെ വീക്ഷണം വാദത്തിന് വേണ്ടി അംഗീകരിച്ചാലും ഈ ലൈനിലേക്കെത്തിയ പ്രത്യയശാസ്ത്ര- രാഷ്ട്രീയ നിലപാടുകള്‍ പുനഃപരിശോധിക്കാന്‍ ഇവരും തയ്യാറാല്ല.
വാസ്തവത്തില്‍ 1964ലെ പിളര്‍പ്പിനെ തുടര്‍ന്ന് സി പി എം രൂപവത്കൃതമാകുകയും ഏഴാം കോണ്‍ഗ്രസില്‍ അംഗീകരിക്കുകയും ചെയ്ത പാര്‍ട്ടി പരിപാടി അപ്പോഴേക്ക് സാര്‍വദേശീയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ ആധിപത്യത്തിലേക്കു വന്ന സോവിയറ്റ് തിരുത്തല്‍ വാദത്തെ വിമര്‍ശിക്കുന്നുവെന്ന് ഭാവിച്ചുവെങ്കിലും ഫലത്തില്‍ അതുമായി സന്ധി ചെയ്യുന്ന ഒരു മധ്യവര്‍ത്തി ലൈന്‍ ആണ് അനുവര്‍ത്തിച്ചത്. അതോടൊപ്പം ഇന്ത്യന്‍ വന്‍കിട ബൂര്‍ഷ്വാസിയുടെ ഇരട്ട സ്വഭാവത്തെ പരാമര്‍ശിച്ചതല്ലാതെ അതില്‍ മുഖ്യമായ സാമ്രാജ്യത്വാശ്രിത സ്വഭാവത്തെ അവഗണിക്കുകയും ചെയ്തു. ഇതിന്റെ തുടര്‍ച്ചയായി കേരളത്തിലും ബംഗാളിലും 1967ല്‍ ഭരണവര്‍ഗ വിഭാഗങ്ങളുമായി ചേര്‍ന്ന് അവരുടെ നയങ്ങള്‍ നടപ്പാക്കി. കൃഷിക്കായി മണ്ണില്‍ പണിയെടുക്കുന്നവര്‍ക്ക് എന്നതു പ്രകാരമുള്ള കാര്‍ഷിക പരിപാടി കൈയൊഴിയുകയും അതിനെതിരെ കലാപം ചെയ്ത കമ്യൂണിസ്റ്റ് വിപ്ലവകാരികളെ ഭരണവര്‍ഗങ്ങള്‍ക്കൊപ്പം ചേര്‍ന്ന് അടിച്ചമര്‍ത്തുകയും ചെയ്തു. ഇന്ദിരാ ഗാന്ധിയുടെ അടിയന്തരാവസ്ഥയെ ചെറുക്കണമെന്ന് വാദിച്ച സുന്ദരയ്യയെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് രാജിവെപ്പിച്ചു. ഇന്ദിരാ ഫാസിസത്തിനു പിന്തുണയുമായി ഇന്ത്യയിലെത്തി ഇവിടെ ഇന്ദിര തന്നെയാണ് ഇടതുപക്ഷമെന്ന് ബ്രഷ്‌നേവ് പറഞ്ഞപ്പോള്‍ അതു തൊടാതെ വിഴുങ്ങി. ഇതെല്ലാമായി ബന്ധപ്പെട്ട പ്രത്യയശാസ്ത്ര -രാഷ്ട്രീയ നിലപാടുകളാണ് 1978ലെ അടവുലൈന്‍ ആവിഷ്‌കരിക്കുന്നതിലേക്കെത്തിയത്. ക്രമേണ, വാക്കില്‍ സോഷ്യലിസവും പ്രയോഗത്തില്‍ മുതലാളിത്തനയങ്ങളും പിന്തുടരുന്ന ഒരു സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയായി സി പി എം അധഃപതിക്കുകയായിരുന്നു.
1991ല്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ആരംഭിച്ച നവ ഉദാരീകരണ നയങ്ങളോട് സന്ധി ചെയ്യുകയും ബംഗാളിലും കേരളത്തില്‍ അധികാരത്തില്‍ വന്നപ്പോഴൊക്കെ ഇതേ നയങ്ങള്‍ നടപ്പാക്കുകയും ചെയ്തു. 2004 മുതല്‍ ആഗോളീകരണത്തിന്റെ രണ്ടാംതലമുറ പരിഷ്‌കാരങ്ങളെന്ന് വിശേഷിപ്പിക്കപ്പെട്ട മന്‍മോഹനോമിക്‌സിനു പിന്തുണ നല്‍കി. ഇതിനായി ലോക്‌സഭയിലെ അധ്യക്ഷ പദവിയില്‍ തന്നെ ഇരിപ്പുറപ്പിച്ചു. 2008ല്‍ യു പി എ ബന്ധം ഔപചാരികമായി അവസാനിപ്പിച്ചെങ്കിലും തുടര്‍ന്നുവന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പിന്തുണച്ചു. സി പി എം നേതൃത്വം കൂടുതല്‍ കൂടുതല്‍ വലത്തോട്ടുനീങ്ങിയ ഈ പ്രക്രിയക്കിടയില്‍ പാര്‍ട്ടിയും ഇടതുമുന്നണിയും നിരന്തരം ശുഷ്‌കിച്ചു. ഇടതുപക്ഷത്തിന്റെ സ്വതന്ത്ര രാഷ്ട്രീയ മുന്‍കൈ വളര്‍ത്തിക്കൊണ്ടുവരികയെന്ന സുപ്രധാന കടമ കൈയൊഴിച്ചതിന്റെ തുടര്‍ച്ചയായി, ഇടതുമുന്നണി വിപുലീകരിക്കാനെന്ന പേരില്‍ ഇപ്പോള്‍ ബി ജെ പിക്കെതിരെ അതുമായി അടിസ്ഥാന സാമ്പത്തിക നയങ്ങളില്‍ ഒരു വ്യത്യാസവുമില്ലാത്ത കോണ്‍ഗ്രസും ഇതര ഭരണവര്‍ഗ പാര്‍ട്ടികളുമായി ഉണ്ടാക്കാന്‍ പോകുന്ന അവസരവാദ കൂട്ടുകെട്ട് വലിയ തിരിച്ചടിയിലേക്കാണ് സി പി എമ്മിനെ തള്ളിവിട്ടത്.
മേല്‍ സൂചിപ്പിച്ച വിഷയങ്ങള്‍ക്കൊപ്പം കമ്യൂണിസ്റ്റ് പ്രസ്ഥാനം ഇന്ന് നേരിടുന്ന അതീവ ഗുരുതരമായ വെല്ലുവിളികളൊന്നും സി പി എം കോണ്‍ഗ്രസിന്റെ അജന്‍ഡയിലില്ല. യഥാര്‍ഥത്തില്‍, ചൈന ഉള്‍പ്പെടെയുള്ള മുന്‍ സോഷ്യലിസ്റ്റ് രാജ്യങ്ങള്‍ മുതലാളിത്ത പാതയിലേക്ക് ജീര്‍ണിച്ചതിന്റെ ഭാഗമായിട്ട് വേണം ഇന്ത്യയിലെ സി പി എമ്മിന്റെയും മറ്റും രാഷ്ട്രീയ പരാജയത്തെ വിലയിരുത്താന്‍. ജനാധിപത്യത്തിന്റെയും വികസനത്തിന്റെയും കാര്യത്തില്‍ സ്ഥായിയായ ഒരു ജനപക്ഷ ബദല്‍ മുന്നോട്ട് വെക്കുന്നതിലും വളര്‍ത്തിക്കൊണ്ടുവരുന്നതിലും മുന്‍ സോഷ്യലിസ്റ്റ് രാജ്യങ്ങള്‍ക്കുണ്ടായ പരിമിതികളുമായി ബന്ധപ്പെട്ടതാണ് വിഷയം. അതോടൊപ്പം, രണ്ടാം ലോകയുദ്ധാനന്തരം പഴയ കൊളോണിയന്‍ വ്യവസ്ഥയുടെ സ്ഥാനത്ത് പുത്തന്‍ അധിനിവേശ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചുകൊണ്ട് മൂലധനാധിപത്യം പല മടങ്ങ് ശക്തിപ്പെടുത്തുന്നതില്‍ അമേരിക്കന്‍ നേതൃത്വത്തില്‍ മുതലാളിത്ത സാമ്രാജ്യത്വ വ്യവസ്ഥ വിജയിച്ചപ്പോള്‍ ഈ മാറ്റത്തെ ശരിയായി വിശകലനം ചെയ്ത് തന്ത്രവും അടവുകളും വികസിപ്പിച്ച് മുന്നോട്ട് പോകുന്നതില്‍ സാര്‍വദേശീയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുണ്ടായ പരാജയം ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. അതേപോല, കോര്‍പറേറ്റ് സമ്പത്ത് സമാഹരണവുമായി ബന്ധപ്പെട്ട്, “പരിസ്ഥിതി വിനാശം” വര്‍ത്തമാന കേന്ദ്ര രാഷ്ട്രീയ വിഷയങ്ങളിലൊന്നായി മാറിയ സാഹചര്യത്തിലും മൂലധനാധിപത്യവുമായി ഇക്കാര്യത്തെ ബന്ധപ്പെടുത്തി നിലപാടെടുക്കുന്നതില്‍ വ്യവസ്ഥാപിത ഇടതുപക്ഷം പരാജയപ്പെട്ടിരിക്കുന്നു. നവ ഉദാരീകരണവുമായി ബന്ധപ്പെടുത്തി അഴിമതിയുടെ വിഷയത്തെ സമീപിക്കുന്നതിലും ഈ ദൗര്‍ബല്യം പ്രകടമാണ്. എന്തിനധികം, മനുഷ്യാന്തസ്സിനും മാനവികതക്കുമെതിരെ രൂപം കൊണ്ടിട്ടുള്ളതില്‍ ഏറ്റവും മ്ലേച്ഛവും ഇന്ത്യയുടെ തനതു സവിശേഷതയുമായ ജാതിയെ ഉന്മൂലനം ചെയ്യാതെ ജനാധിപത്യവത്കരണം വിജയിക്കില്ലെന്ന വസ്തുത ഗൗരവപൂര്‍വം കാണാന്‍ പോലും അവിഭക്ത പാര്‍ട്ടിയുടെ കാലം മുതല്‍ കഴിഞ്ഞില്ല. അവസരവാദികളെ പോലെ, എന്തിനും ഏതിനും സൈനിക പരിഹാരം കണ്ടെത്തുന്ന അരാജകവാദികളുടെ സ്ഥിതിയും ഇക്കാര്യത്തില്‍ വ്യത്യസ്തമല്ല.
തീര്‍ച്ചയായും സി പി എം കോണ്‍ഗ്രസിന്റെയോ സംസ്ഥാന സമ്മേളനത്തിന്റെയോ അജന്‍ഡകളിലേക്ക് ഈ വിഷയങ്ങളൊന്നും കടന്നുവരുന്നില്ലെന്നത് ഉറപ്പാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം, കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി അഞ്ച് വര്‍ഷം കൂടുമ്പോള്‍ മാറിമാറി അധികാരത്തിലെത്തുന്ന സി പി എം മുന്നണിയും കോണ്‍ഗ്രസ് മുന്നണിയും തമ്മിലുള്ള രാഷ്ട്രീയവും നയപരവുമായ അതിര്‍വരമ്പുകള്‍ ഇല്ലാതായിട്ട് കാലങ്ങളായി. അച്യുതാനന്ദനും മറ്റു ചിലരും സ്ഥാപിക്കാന്‍ ശ്രമിക്കുന്നതുപോലെ, കേവലം സംഘടനാപരമായ നീക്കുപോക്കിലൂടെ പരിഹരിക്കാവുന്ന ഒരു പ്രശ്‌നമല്ല, ഇന്ന് സി പി എം അഭിമുഖീകരിക്കുന്നത്. ആഴത്തിലുള്ള പ്രത്യയശാസ്ത്ര- രാഷ്ട്രീയ വിവക്ഷകളടങ്ങിയതാണ് വിഷയം. സി പി എം പിന്തുടരുന്ന പാര്‍ട്ടിലൈനിന്റെ അടിസ്ഥാനത്തില്‍ അഖിലേന്ത്യാ തലത്തില്‍ അത് പരീക്ഷിക്കുകയും തുടരുകയും ചെയ്യുന്ന അവസരവാദ മുന്നണികളുടെ ഭാഗമായിട്ടുതന്നെയാണ് കേരളത്തിലെ ഏറ്റവും വലിയ അഴിമതിയാരോപണത്തിന് വിധേയനായ “അധ്വാനവര്‍ഗ” സിദ്ധാന്തക്കാരനെ പാര്‍ട്ടി പ്ലീനത്തിലേക്ക് ക്ഷണിച്ചുവരുത്തി അണികള്‍ക്ക് ക്ലാസെടുപ്പിച്ചത്. സോളാര്‍ മുതല്‍ ബാര്‍ കോഴവരെയുള്ള സി പി എമ്മിന്റെ അഡ്ജസ്റ്റുമെന്റ് സമരങ്ങള്‍ അണികളെ അരാഷ്ട്രീയ വത്കരിക്കുക മാത്രമല്ല, ഈ രാഷ്ട്രീയ വിടവിലേക്ക് ബംഗാളിലേതുപോലെ, ബി ജെ പിക്ക് ചുവപ്പ് പരവതാനി വിരിക്കുന്ന ഫലമാണുണ്ടാകുന്നത്. പശ്ചിമഘട്ട സംരക്ഷണത്തിനെതിരെ കോര്‍പറേറ്റ് ഭൂമാഫിയ- കത്തോലിക്കാ മത അച്യുതണ്ടുമായി സി പി എം ഉണ്ടാക്കിയിട്ടുള്ള ബാന്ധവം അതിന്റെ പ്രത്യയശാസ്ത്രപാപ്പരത്തത്തോടൊപ്പം വോട്ട് ബേങ്ക് രാഷ്ട്രീയത്തേയുമാണ് പ്രതിഫലിപ്പിക്കുന്നത്.
സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യപ്പെടുന്ന അമ്പലപ്പുഴ പാല്‍പ്പായസം മുതല്‍ അല്‍ഫോണ്‍സാ പോസ്റ്റര്‍ വരെയുള്ള കേട്ടാല്‍ ബാലിശമെന്ന് തോന്നാവുന്ന കാര്യങ്ങള്‍ ആശയപ്പാപ്പരത്തം നേരിടുന്ന സി പി എമ്മിന്റെ ഭരണവര്‍ഗ രാഷ്ട്രീയാപചയത്തെയാണ് മുന്നോട്ടുകൊണ്ടുവരുന്നത്. വാസ്തവത്തില്‍, ഈ ആശയപ്പാപ്പരത്തമാണ് ഇതോടൊപ്പം ചര്‍ച്ച ചെയ്തിട്ടുള്ളപോലെ, രാഷ്ട്രീയ എതിരാളികളെ കായികമായി നേരിടേണ്ടിവരുന്ന ക്രിമിനല്‍ മാഫിയാ ബന്ധങ്ങളിലേക്ക് സി പി എമ്മിനെ കൊണ്ടെത്തിക്കുന്നതും. ചുരുക്കിപ്പറഞ്ഞാല്‍, വ്യവസ്ഥക്കും അതിന്റെ നാനാവിധ മര്‍ദനങ്ങള്‍ക്കുമെതിരെ ജനങ്ങള്‍ പോരാട്ടത്തിന് തയ്യാറാകുമ്പോള്‍, അതിന്റെ നേതൃനിരയില്‍ ഇടതുപക്ഷത്തെ കാണാത്തതുമായി ബന്ധപ്പെട്ട പ്രത്യയശാസ്ത്ര രാഷ്ട്രീയ പ്രശ്‌നങ്ങളൊന്നും പരിഗണിക്കുക പോലും ചെയ്യാത്ത, രാഷ്ട്രീയ നിലപാടുകളില്‍ കൂടുതല്‍ വലത്തോട്ട് നീങ്ങുന്ന, മൂന്ന് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന വിഴുപ്പലക്കലിന്റെതായ ഒരു ചടങ്ങുമാത്രമായി സി പി എം കോണ്‍ഗ്രസും സംസ്ഥാന സമ്മേളനവും മാറിത്തീരുകയാണ്.

Latest