Connect with us

Gulf

ജീവിതശൈലീ രോഗങ്ങളിലേക്ക് അതിവേഗം

Published

|

Last Updated

ജീവിത ശൈലീ രോഗങ്ങള്‍ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് യു എ ഇയില്‍ കൂടുതലാണ്. അര്‍ബുദം, പ്രമേഹം തുടങ്ങിയവ ഏറെയും തെറ്റായ ജീവിത ശൈലികാരണമാണ്. അര്‍ബുദ രോഗികളുടെ എണ്ണം നാള്‍ക്കുനാള്‍ കൂടിവരുന്നു. മാംസാഹാരങ്ങളും പുകവലിയുമാണ് പ്രശ്‌നങ്ങള്‍. കൃത്രിമ നിറവും മണവും ചേര്‍ത്ത ഭക്ഷണം അപകടകരം. പ്രമേഹ രോഗികള്‍ക്കും കുറവില്ല. കഴിഞ്ഞ വര്‍ഷം 8,03,900 പേരില്‍ പ്രമേഹം കണ്ടെത്തിയിട്ടുണ്ട്. പ്രമേഹ രോഗിയാണെന്നറിയാതെ ജീവിക്കുന്നവര്‍ മൂന്നുലക്ഷത്തിലധികം വരും. പ്രമേഹ രോഗത്തിന് നേരത്തെ തന്നെ ചികിത്സ തുടങ്ങിയവര്‍ വേറെ. രോഗത്തിനടിപ്പെട്ടവരില്‍ സ്വദേശികളെന്നോ വിദേശികളെന്നോയില്ല. എന്നാല്‍ ചികിത്സ തേടാത്തവരില്‍ മഹാഭൂരിപക്ഷം വിദേശികളാണ്. ഹൃദ്രോഗം, ആസ്തമ തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞിട്ടും മതിയായ ചികിത്സ തേടാതെ മരണത്തിലേക്ക് നടന്നു പോയവരും നിരവധി. ചെറുപ്പക്കാര്‍ വരെ ഹൃദയാഘാതം വന്ന് മരിക്കുന്നു. റോഡിലൂടെ നടന്നുപോകുമ്പോഴോ വ്യാപാര സ്ഥാപനത്തില്‍ കയറി വിലപേശുമ്പോഴോ ജോലി കഴിഞ്ഞ് ഉറങ്ങാന്‍ കിടക്കുമ്പോഴോ ഹൃദയാഘാതത്തില്‍ മരിച്ചവരെക്കുറിച്ചുള്ള വാര്‍ത്ത ദിവസവും മാധ്യമങ്ങളിലുണ്ട്.
പ്രമേഹത്തിനു പല കാരണങ്ങളെന്ന് ഡോക്ടര്‍മാര്‍. പുകവലി, മദ്യപാനം, വ്യായാമമില്ലായ്മ, ഉറക്കമില്ലായ്മ തുടങ്ങി അശ്രദ്ധയും അവിവേകവും ആണ് പ്രധാന പ്രശ്‌നം. പുകവലിക്കെതിരെ യു എ ഇ ഭരണകൂടം വ്യാപക പ്രചാരണം നടത്തുന്നുണ്ട്. സിഗരറ്റും പുകയില ഉല്‍പന്നങ്ങളും വില്‍ക്കുന്നതിന് ഗ്രോസറികള്‍ക്ക് നിയന്ത്രണമുണ്ട്. സാമൂഹിക പ്രതിബദ്ധത കണക്കിലെടുത്ത് മനാമ അടക്കം ചില ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കേണ്ടെന്ന് തീരുമാനിച്ചു.
പക്ഷേ, മദ്യപാനികളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. സന്തോഷം വന്നാലും ദുഃഖം വന്നാലും പണമുണ്ടെങ്കിലും ഇല്ലെങ്കിലും മദ്യപിക്കുന്നവരാണ് മലയാളികളില്‍ വലിയൊരു വിഭാഗം. മദ്യം തകര്‍ത്ത ജീവിതങ്ങള്‍ ധാരാളം.
സാമൂഹിക മാധ്യമങ്ങള്‍ രംഗത്തു വന്നതോടെ പലര്‍ക്കും ഉറക്കവും വ്യായാമവും കുറഞ്ഞു. ബാച്ചിലര്‍മുറികളില്‍ രാത്രി വൈകുവോളം വിളക്കണക്കാറില്ല. വൈഫൈ സൗകര്യമില്ലാത്ത റൂമുകള്‍ കുറയും. ജോലി കഴിഞ്ഞ്, യൂട്യൂബിലും ഫേസ്ബുക്കിലും മറ്റും അഭിരമിച്ച് പുലര്‍ച്ചെവരെ സമയം കളഞ്ഞ് രാവിലെ ഉറക്കം തൂങ്ങി ജോലിക്കെത്തുന്നവരായി വിദേശികളില്‍ പലരും മാറി. ഇതിനിടയില്‍, സമീകൃതാഹാരം മറക്കും. വ്യായാമം തീരെ ഇല്ലാതാകും.
ഇതൊക്കെയാണ് ജീവിത ശൈലീ രോഗങ്ങളിലേക്ക് നയിക്കുന്നത്. യു എ ഇയില്‍ 20നും 79നും ഇടയില്‍ പ്രായമുള്ളവരില്‍ 20 ശതമാനം പേര്‍ പ്രമേഹരോഗികളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 2010ല്‍ 18.7 ശതമാനമായിരുന്നു. വര്‍ഷം തോറും രോഗികളുടെ എണ്ണം കൂടുന്നു.
പ്രമേഹ രോഗം മൂര്‍ച്ഛിച്ച് കിഡ്‌നി നഷ്ടപ്പെടുന്നവരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവുണ്ടെന്ന് എമിറേറ്റ്‌സ് മെഡിക്കല്‍ അസോസിയേഷന്‍ നെഫ്‌റോളജി സൊസൈറ്റി പ്രസിഡന്റ് പ്രഫ. മോണാ അല്‍ റുഖൈമി ചൂണ്ടിക്കാട്ടുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദം ശരീരത്തിന് താങ്ങാന്‍ കഴിയില്ല. രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുന്നതും ശരീരത്തില്‍ കൊഴുപ്പ് അടിയുന്നതും ഒക്കെ നിയന്ത്രിച്ചു നിര്‍ത്തണം. വ്യായാമമാണ് മികച്ച പ്രതിവിധി. ചെലവുമില്ല. പക്ഷേ, ആരും സ്വന്തം ശരീരത്തെ ഗൗനിക്കുന്നില്ല. മനസിന്റെ താല്‍കാലിക സുഖം മാത്രമെ കണക്കിലെടുക്കുന്നുള്ളു.
ക്ഷീണം തോന്നിയാലും പനിവന്നാലും, എന്തിന് രക്തം ഛര്‍ദിച്ചാല്‍ പോലും ഡോക്ടറെ കാണാതെ “പാരസറ്റമോള്‍” ഗുളികയില്‍ അഭയം തേടുന്നവര്‍ മനോരോഗികളാണ്. രണ്ടോ മൂന്നോ നേരത്തെ ഭക്ഷണത്തിന് വലിയതുക ചെലവുചെയ്യാന്‍ സാധാരണക്കാര്‍ക്കു പോലും മടിയില്ല. ഡോക്ടറെ കാണാന്‍ മൂന്നോ നാലോ തവണ ആലോചിക്കും. രോഗം തനിയേ ഇറങ്ങിപോകുമെന്നു കരുതും.
ഇതില്‍ നിന്നുള്ള മാറ്റം അനിവാര്യം. അതേപോലെ ഡോക്ടര്‍മാര്‍, ആശുപത്രി നടത്തിപ്പുകാര്‍ തുടങ്ങി ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ അല്‍പം ഉദാര സമീപനം പുലര്‍ത്തണം. സാമ്പത്തിക ഭദ്രതയില്ലാത്തയാളാണ് രോഗിയെങ്കില്‍ മാനുഷികത പ്രകടിപ്പിക്കണം. എന്നാല്‍, മാത്രമെ സമൂഹത്തിന് മടിയും ഭയവും മാറുകയുള്ളഉ. രോഗികള്‍ ആശുപത്രികളില്‍ എത്തുകയുള്ളു.
കെ എം എ