Connect with us

Gulf

വിദ്യാര്‍ഥികള്‍ക്കിനി പരീക്ഷണ നാളുകള്‍; വാര്‍ഷികപ്പരീക്ഷക്കു ഞായറാഴ്ച തുടക്കം

Published

|

Last Updated

ഷാര്‍ജ: ഇന്ത്യന്‍ വിദ്യാലയങ്ങളില്‍ വാര്‍ഷികപ്പരീക്ഷക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പരീക്ഷ നേരിടാന്‍ വിദ്യാര്‍ഥികളും തയ്യാറെടുത്തു.

മാര്‍ച്ച് ഒന്നിനാ (ഞായര്‍)ണ് പരീക്ഷക്ക് തുടക്കമാവുക. ഒന്നു മുതല്‍ ഒമ്പതാം തരം വരെയുള്ള പരീക്ഷയാണ് അന്ന് ആരംഭിക്കുക. പത്താം തരം പരീക്ഷ മൂന്നിനും പന്ത്രണ്ടാം തരം പരീക്ഷ രണ്ടിനും തുടങ്ങും. ഈ രണ്ടു ക്ലാസുകളിലേയും പരീക്ഷ സി ബി എസ് ഇ നേരിട്ടാണ് നടത്തുന്നത്. പത്താംതരം പരീക്ഷ മാര്‍ച്ച് 24നു തീരും. എന്നാല്‍ 12-ാം ക്ലാസ് ഏപ്രില്‍ 24 വരെ തുടരും.
ഒമ്പതാം തരം വരെ 15നു അവസാനിക്കും. ഗള്‍ഫ് കൗണ്‍സില്‍ നടത്തുന്ന പതിനൊന്നാം തരം പരീക്ഷ അഞ്ച് വരെ നീണ്ടുനില്‍ക്കും. ഈ പരീക്ഷ കഴിഞ്ഞ ദിവസം ആരംഭിച്ചു.
ഷാര്‍ജ വിദ്യാഭ്യാസ മന്ത്രാലയം നേരിട്ട് നടത്തുന്ന ആറു മുതല്‍ ഒമ്പതു വരെ ക്ലാസുകളിലെ അറബിക്, ഇസ്‌ലാമിക് സ്റ്റഡീസ്, യു എ ഇ സോഷ്യല്‍ സ്റ്റഡീസ് എന്നീ പരീക്ഷകള്‍ മാര്‍ച്ച് ഒന്നിനു തുടങ്ങി മൂന്നിനു അവസാനിക്കും.
പത്ത്, 12 ക്ലാസ് പരീക്ഷകള്‍ രാജ്യത്തെ 18 കേന്ദ്രങ്ങളിലായാണ് നടക്കുക. ഏകദേശം 12,000ത്തോളം കുട്ടികള്‍ പത്താം തരം പരീക്ഷ എഴുതുമ്പോള്‍ 7,000ഓളം വിദ്യാര്‍ഥികള്‍ പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതും.
പരീക്ഷക്കുള്ള തയ്യാറെടുപ്പുകള്‍ രാജ്യത്തെ വിദ്യാലയങ്ങളില്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. സി ബി എസ് ഇ പരീക്ഷ കേന്ദ്രങ്ങളും സജ്ജമായി. സ്‌കൂള്‍ പ്രിന്‍സിപ്പള്‍മാരുടെ മേല്‍നോട്ടത്തിലാണ് കേന്ദ്രങ്ങള്‍ ഒരുക്കുന്നത്. ക്ലേശമില്ലാതെ പരീക്ഷ എഴുതുന്നതിനുള്ള മുഴുവന്‍ സൗകര്യങ്ങളും ഏര്‍പ്പെടുത്തിക്കഴിഞ്ഞു. ഇതരഭാഗങ്ങളില്‍ നിന്നുള്ള കുട്ടികളാണ് പരീക്ഷക്കെത്തുക.
അതുകൊണ്ടുതന്നെ അവര്‍ക്കാവശ്യമായ എല്ലാ സൗകര്യങ്ങളും പരീക്ഷാ കേന്ദ്രങ്ങളില്‍ ഏര്‍പെടുത്തും. കുട്ടികളെ യഥാ സമയം പരീക്ഷ കേന്ദ്രങ്ങളിലെത്തിക്കുന്നതിനുള്ള ട്രാന്‍സ്‌പോര്‍ട്ട് സൗകര്യവും വിദ്യാലയങ്ങളില്‍ ഒരുക്കിയിട്ടുണ്ട്. നാളുകള്‍ക്കു മുമ്പുതന്നെ പരീക്ഷക്കു എടുക്കേണ്ട തയ്യാറെടുപ്പുകളെക്കുറിച്ച് സ്‌കൂള്‍ അധികൃതര്‍ ട്രാന്‍സ്‌പോര്‍ട്ട് ജീവനക്കാരടക്കമുള്ളവര്‍ക്ക് അറിയിപ്പ് നല്‍കിയിരുന്നു. ഇതു സംബന്ധിച്ച് പ്രത്യേക നിര്‍ദേശങ്ങളും നല്‍കി. ബസുകള്‍ ഗതാഗത കുരുക്കില്‍ കുടുങ്ങാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യന്‍ നയതന്ത്രകാര്യാലയങ്ങളില്‍ സൂക്ഷിക്കുന്ന ചോദ്യപേപ്പറുകള്‍ പരീക്ഷ ദിവസം രാവിലെയാണ് സുരക്ഷയോടെ പരീക്ഷ കേന്ദ്രങ്ങളില്‍ എത്തിക്കുക. പരീക്ഷ കേന്ദ്രങ്ങള്‍ ബന്ധപ്പെട്ടവരുടെ നിരീക്ഷണത്തിലായിരിക്കും. അതാത് ദിവസത്തെ ഉത്തരക്കടലാസുകളും അതേ ദിവസം ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ എത്തിക്കും. അതേ സമയം, ഒന്നുമുതല്‍ എട്ട് വരെ ക്ലാസുകളിലെ ചോദ്യപേപ്പറുകള്‍ വിദ്യാലയങ്ങളില്‍ നിന്നു തന്നെയാണ് തയ്യാറാക്കുക. ചോദ്യപേപ്പറുകള്‍ ഇതിനകം തയ്യാറായിട്ടുണ്ട്. പരീക്ഷക്കുള്ള തയ്യാറെടുപ്പുകളും പൂര്‍ത്തിയായിക്കഴിഞ്ഞു. ഉത്തരം എഴുതാനുള്ള കടലാസുകള്‍ സ്‌കൂള്‍ സീല്‍പതിച്ചാണ് വിദ്യാര്‍ഥികള്‍ക്കു നല്‍കുക. അതിനിടെ, ഈ അധ്യായന വര്‍ഷത്തെ പഠനം ഇന്ന് (വ്യാഴം) അവസാനിച്ചു. ഒന്നുമുതല്‍ എട്ട് വരെ ക്ലാസുകളിലെ പഠനമാണ് അവസാനിച്ചത്. ഇതര ക്ലാസുകളിലെ പഠനം നേരത്തെ കഴിഞ്ഞിരുന്നു. എന്നാല്‍, കെ ജി ക്ലാസുകള്‍ മാര്‍ച്ച് 15 വരെ തുടരും. പരീക്ഷ കഴിഞ്ഞാല്‍ വിദ്യാര്‍ഥികള്‍ക്ക് അടുത്ത അധ്യായന വര്‍ഷാരംഭം വരെ അവധിയാണ്. ഏപ്രില്‍ അദ്യവാരത്തിലാണ് പുതിയ അധ്യായന വര്‍ഷം തുടങ്ങുക.
പരീക്ഷാ ഭാരം ഒഴിഞ്ഞ് മാനസികോല്ലാസം നേടാനും പുതിയ അധ്യായന വര്‍ഷത്തേക്കുള്ള തയ്യാറെടുപ്പിനും അവധി വഴി വിദ്യാര്‍ഥികള്‍ക്കു അവസരം ലഭിക്കും. ഏകദേശം രണ്ടാഴ്ചയിലധികമാണ് അവധി. അതേസമയം, വിദ്യാലയങ്ങള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കും.
പരീക്ഷയെ ധൈര്യപൂര്‍വം നേരിടാന്‍ വിദ്യാര്‍ഥികള്‍ സജ്ജമായിക്കഴിഞ്ഞു. ഉന്നത വിജയം കൈവരിക്കാനാണ് ഓരോ വിദ്യാര്‍ഥിയുടെയും പരിശ്രമം. അതിനവര്‍ കഠിന പഠനത്തില്‍ മുഴുകുകയാണ്. പരീക്ഷ കഴിയുംവരെ കളികളോടും വിനോദ പരിപാടികളോടും പലരും വിടപറഞ്ഞു കഴിഞ്ഞു.
വിവിധ സമയങ്ങളിലായാണ് പരീക്ഷ. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകമാണ്. രണ്ട് വെള്ളിയാഴ്ചകളിലും പന്ത്രണ്ടാം ക്ലാസ് പരീക്ഷയുണ്ട്.