യു എ ഇ വ്യാപകമായി ഹരിതവത്കരണം

Posted on: February 27, 2015 9:16 pm | Last updated: February 27, 2015 at 9:16 pm

green in dubaiഅബുദാബി: യു എ ഇ വ്യാപകമായി ഹരിതവത്കരണ പദ്ധതി. അബുദാബി കോര്‍ണീഷില്‍ മാര്‍ച്ച് ഒന്നിന് ആരംഭിക്കും. യു എ ഇ ജല-പരിസ്ഥിതി മന്ത്രി ഡോ. റാശിദ് അഹ്മദ് ബിന്‍ ഫഹദിന്റെ നേതൃത്വത്തിലാണ് പരിപാടി. ദുബൈ അടക്കം എല്ലാ എമിറേറ്റുകളിലും വൃക്ഷത്തൈ നട്ടുപിടിപ്പിക്കുന്ന പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്.
ഹരിതവല്‍ക്കരണത്തിന്റെ ഭാഗമായി റാസല്‍ ഖൈമയില്‍ പത്തുലക്ഷത്തിലേറെ മരങ്ങള്‍ വച്ചുപിടിപ്പിക്കുന്ന പദ്ധതിക്കു തുടക്കമായി. വനവല്‍ക്കരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഇതോടൊപ്പം പൊതുജനങ്ങള്‍ക്ക് അവബോധം നല്‍കും.
മരുഭൂമിയുടെ പ്രിയപ്പെട്ട വൃക്ഷങ്ങളായ ഗാഫും സിദ്‌റും ആണ് വെച്ചുപിടിപ്പിക്കുക. എമിറേറ്റിനെ ഹരിതാഭമാക്കുന്ന പദ്ധതികള്‍ വിവിധ മേഖലകളില്‍ നടപ്പാക്കിവരികയാണെന്ന് എന്‍വയണ്‍മെന്റ് പ്രൊട്ടക്ഷന്‍ ആന്‍ഡ് ഡവലപ്‌മെന്റ് ഏജന്‍സി (ഇപിഡിഎ) എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. സെയ്ഫ് മുഹമ്മദ് അല്‍ ഗൈസ് പറഞ്ഞു.
ഇതിനോടകം 15,000ത്തിലേറെ തൈകള്‍ നട്ടിട്ടുണ്ട്. കൂടുതല്‍ പാരിസ്ഥിതിക പഠനങ്ങള്‍ നടത്തി ഹരിതവല്‍ക്കരണ പദ്ധതികള്‍ ഊര്‍ജിതമാക്കും. ഇതിനു പുറമേ കാര്‍ഷികമേഖലയിലും വിവിധ പദ്ധതികള്‍ നടപ്പാക്കിവരികയാണ്. അന്തരീക്ഷ മലിനീകരണമുണ്ടാക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. സിമന്റ് ഫാക്ടറികള്‍ അസംസ്‌കൃത സാധനങ്ങളും സിമന്റും മറ്റും വെയര്‍ഹൗസുകളില്‍ സൂക്ഷിക്കണം. തുറസ്സായ സ്ഥലങ്ങളില്‍ ഇവ സൂക്ഷിക്കുന്നത് പരിസ്ഥിതി മലിനീകരണമുണ്ടാക്കുന്നതായും അധികൃതര്‍ ചൂണ്ടിക്കാട്ടി.