Connect with us

Gulf

പ്രവാസികള്‍ക്ക് ഷാര്‍ജയില്‍ അപ്പാര്‍ട്ട്‌മെന്റുകള്‍ വാങ്ങാന്‍ അവസരം

Published

|

Last Updated

ഷാര്‍ജ: കാലാവധിയുള്ള യു എ ഇ വിസയുള്ള പ്രവാസികള്‍ക്ക് അപ്പാര്‍ട്ട്‌മെന്റുകള്‍ വാങ്ങാന്‍ ഷാര്‍ജയില്‍ അവസരമുള്ളതായി നിര്‍മാണ കമ്പനി വ്യക്തമാക്കി. ആദ്യമായാണ് ഷാര്‍ജയില്‍ ജി സി സി രാജ്യത്തിന് പുറത്തു നിന്നുള്ള പ്രവാസികള്‍ക്ക് വസ്തു വാങ്ങാന്‍ അവസരം ലഭിക്കുന്നത്. അല്‍ റയ്യാന്‍ ഡവലെപ്‌മെന്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജെ എം എസ് പ്രോപര്‍ട്ടി ഡവലപ്‌മെന്റ് ആന്‍ഡ് മാനേജ്‌മെന്റാണ് ഇത്തരം ഒരു അവസരം ഒരുക്കുന്നത്. അല്‍ നഹ്ദ ജില്ലയില്‍ പണിത ടവറിലാണ് വസ്തുവാങ്ങാന്‍ സാധിക്കുകയെന്ന് കമ്പനി സി ഇ ഒ റണ്‍ദ കമാല്‍ വെളിപ്പെടുത്തി. വസ്തു വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കാലാവധിയുള്ള യു എ ഇ താമസ വിസ ഉണ്ടായിരിക്കണം.
ദീര്‍ഘകാലത്തേക്ക് പാട്ടത്തിനായാണ് കെട്ടിടം ലഭിക്കുക. 504 ഫഌറ്റുകളുള്ള ഇരട്ട ടവറില്‍ താമസത്തിനൊപ്പം വാണിജ്യത്തിനുള്ള സ്ഥലവും സജ്ജമാക്കിയിട്ടുണ്ട്. 70 കോടി ദിര്‍ഹമാണ് ഇതിന്റെ വില. രണ്ടു ടവറുകളിലായാണ് ഇത്രയും ഫഌറ്റുകള്‍ സജ്ജമാക്കിയിരിക്കുന്നത്. പദ്ധതിയില്‍ 80 മുതല്‍ 90 ഓളം കടകളും ഒരു ഹൈപ്പര്‍മാര്‍ക്കറ്റും ഉള്‍പെടും. 2014 സെപ്തംബറില്‍ അറബ് വംശജരായ പ്രവാസികള്‍ക്ക് വസ്തു വാങ്ങാന്‍ അവസരം ഒരുക്കിയിട്ടുണ്ടെന്ന് മറ്റൊരു നിര്‍മാണ കമ്പനി വ്യക്തമാക്കിയിരുന്നു. ഒറ്റ മുറി ഫഌറ്റ് മുതല്‍ നാലു മുറി വരെയുള്ളയും ഒപ്പം പെന്റ് ഹൗസും ഇതില്‍ ഉള്‍പെടും. 7.5 ലക്ഷം മുതല്‍ 45 ലക്ഷം ദിര്‍ഹം വരെയാണ് ഇവയുടെ വില. ചതുരശ്ര മീറ്ററിന് 12 ദിര്‍ഹ പ്രകാരമാണ് ഫഌറ്റുകള്‍ക്ക് അറ്റകുറ്റ പണികള്‍ക്കായുള്ള ചെലവ് കണക്കാക്കിയിരിക്കുന്നത്. വാണിജ്യാവശ്യങ്ങള്‍ക്കായുള്ളവക്ക് ഇത് 10 ദിര്‍ഹം വീതമായിരിക്കും. ഫഌറ്റ് വങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ശീതീകരണവുമായി ബന്ധപ്പെട്ട് ചില്ലര്‍ ചാര്‍ജും അറ്റകുറ്റപണിക്കായി കണക്കാകിയ തുകയും നല്‍കേണ്ടി വരും. പ്രവാസികള്‍ക്ക് വസ്തു വാങ്ങാന്‍ നിലവിലെ നിയമത്തില്‍ ഷാര്‍ജ സര്‍ക്കാര്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തിയിട്ടുണ്ടെന്ന് അല്‍ റയ്യാനു വേണ്ടി ഇടപാടുകള്‍ നടത്തുന്ന ക്ലട്ടണ്‍സിന്റെ മിഡില്‍ ഈസ്റ്റ് സി ഇ ഒ സ്റ്റീവ് മോര്‍ഗന്‍ വ്യക്തമാക്കി.
എത്ര വര്‍ഷത്തിനാണ് കെട്ടിടം പാട്ടത്തിന് നല്‍കുകയെന്നത് സംബന്ധിച്ച് അടുത്ത ദിവസം ഷാര്‍ജ സര്‍ക്കാര്‍ വ്യക്തത വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഷാര്‍ജയില്‍ 1000 കോടി ദിര്‍ഹത്തിന്റെ 3,000 കെട്ടിടങ്ങള്‍ ക്ലട്ടണ്‍സ് കൈകാര്യം ചെയ്യുന്നുണ്ട്. തിലാല്‍ സിറ്റിയില്‍ 200 കോടി ദിര്‍ഹത്തിന്റെ വിദേശികള്‍ക്കായുള്ള താമസ പ്ലോട്ട് വില്‍പനയും കമ്പനിയാണ് നടത്തുന്നത്. 100 വര്‍ഷത്തേക്കാണ് ഭൂമി ഈ പദ്ധതിയില്‍ സര്‍ക്കാര്‍ പാട്ടത്തിന് നല്‍കുന്നത്. ഷാര്‍ജയില്‍ വാടകക്ക് കെട്ടിടങ്ങള്‍ നല്‍കുന്ന കച്ചവടം വന്‍ വളര്‍ച്ചയാണ് കൈവരിച്ചിരിക്കുന്നതെന്നും ഇത് വരും വര്‍ഷങ്ങളില്‍ ഇനിയും വര്‍ധിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി.

 

Latest