മീനാകുമാരി റിപ്പോര്‍ട്ട് തള്ളിക്കളയണം: കടല്‍ തൊഴിലാളി സമ്മേളനം

Posted on: February 27, 2015 7:10 pm | Last updated: February 27, 2015 at 10:36 pm

Kadal thozhilali Usthadu (1)

താജുല്‍ ഉലമ നഗര്‍: രാജ്യത്തെ കടല്‍ തൊഴിലാളികളെ കടുത്ത പട്ടിണിയിലകപ്പെടുത്തുന്ന മീനാകുമാരി റിപ്പോര്‍ട്ട് തള്ളിക്കളയണമെന്ന് എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി നടന്ന കടല്‍ തൊഴിലാളി സമ്മേളനം ആവശ്യപ്പെട്ടു. വിദേശ കപ്പലുകള്‍ക്ക് ഇ്ന്ത്യന്‍ സമുദ്രങ്ങളിലെ മത്സ്യസമ്പത്ത് യഥേഷ്ടം ചൂഷണം ചെയ്യാന്‍ അനുവദിക്കുന്നതാണ് മീനാ കുമാരി റിപ്പോര്‍ട്ടിന്റെ പൊരുള്‍. രാജ്യത്തെ സമുദ്ര മേഖല കോര്‍പ്പറേറ്റുകള്‍ക്ക് തുറന്നുകൊടുക്കുന്നത് വഴി പാവപ്പെട്ട തൊഴിലാളികളുടെ ജീവിതം മുട്ടിക്കുന്ന നീക്കങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നും പ്രമേയം ആവശ്യപ്പെട്ടു.

പകലന്തിയോളം കടലിലെ തിരമാലകളോട് മല്ലിട്ട് ഉപജീവനം നയിക്കുന്ന കടല്‍ തൊഴിലാളികളുടെ സമ്മേളനം വേറിട്ടതായി. അവഗണന നേരിടുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസത്തിന്റെ കൈത്താങ്ങാവുകയായിരുന്നു ഈ കൂടിച്ചേരല്‍. കടല്‍ തൊഴിലാളികള്‍ക്കിടയിലെ സംഘടനാ ശക്തിയുടെ വിളംബരം കൂടിയായി മമ്പുറം തങ്ങള്‍ സ്‌ക്വയറിലെ നിറഞ്ഞുകവിഞ്ഞ സദസ്സ്.

സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി തങ്ങള്‍ കടല്‍ തൊഴിലാളി സമ്മേളനം ഉദ്ഘാടനം ചെയ്തു. വിപിഎം ഫൈസി വില്യാപ്പള്ളി അധ്യക്ഷത വഹിച്ചു. സുലൈമാന്‍ സഖാഫി മാളിയേക്കല്‍ പ്രമേയം അവതരിപ്പിച്ചു. പൊന്നാനി അസി. ഫിഷറീസ് രെജിസ്ട്രാര്‍ കെ ടി മുഹമ്മദ് സംബന്ധിച്ചു.