എച്ച് 1 എന്‍ 1: ഗര്‍ഭിണികളും കുട്ടികളും ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്

Posted on: February 27, 2015 10:12 am | Last updated: February 27, 2015 at 10:12 am

പാലക്കാട്: എച്ച് 1 എന്‍ 1 ബാധിച്ച് ഒരു മരണം സ്ഥീരികരിച്ചതോടെജില്ലയും ഭീതിയുടെ നിഴലില്‍. മുണ്ടുരില്‍ ഒരു വയസുകാരനാണ് മരിച്ചത്. ഇതിന് പുറമെ രണ്ട് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കോയമ്പത്തൂരില്‍ എച്ച്1 എന്‍ 1 ബാധിച്ച് നിരവധി പേര്‍ മരിച്ചിച്ചുണ്ട്. അവിടങ്ങളില്‍ വ്യാപകമായി പനി പടരുകയാണ്.
കോയമ്പത്തൂരിന്റെ സമീപമായതിനില്‍ പാലക്കാടും എച്ച് 1 എന്‍ 1 പടരുന്നതിന് സാധ്യതയുളവക്കായിരിക്കുകയാണ്. ജില്ലയില്‍ എച്ച് 1 എന്‍ 1 ബാധയുള്ളതിനാല്‍ പനി ബാധിച്ചാല്‍ ഗര്‍ഭിണികളുള്‍പ്പെടെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. പനിയുടെ ലക്ഷണങ്ങള്‍ കണ്ടാലുടന്‍ ചികിത്സ തേടണം.
എച്ച് 1 എന്‍ 1 മരുന്നായ ഒസെല്‍റ്റാമിവിര്‍ നല്‍കണം. ഗര്‍ഭിണികള്‍ക്കുപുറമേ അഞ്ച് വയസ്സില്‍ താഴെയുള്ളവര്‍, 65 വയസ്സിനുമേല്‍ പ്രായമുള്ളവര്‍, കിഡ്‌നി, കരള്‍ രോഗികള്‍ എന്നിവരും പ്രത്യേകശ്രദ്ധ വെയ്ക്കണം.
പനി, ജലദോഷം, തലവേദന, തൊണ്ടവേദന, ഛര്‍ദി എന്നിവയൊക്കെയാണ് രോഗലക്ഷണങ്ങള്‍. സാധാരണ പനിക്ക് ആവശ്യമായ ശ്രദ്ധയും ശുശ്രൂഷയും മാത്രമേ എച്ച് 1 എന്‍ 1 പനിക്കും വേണ്ടതുള്ളൂ. വീട്ടില്‍ വിശ്രമിക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണം.
എച്ച് 1 എന്‍ 1 പനിയുടെ കാറ്റഗറി എ, കാറ്റഗറി ബി എന്നിവയ്ക്ക് പരിശോധനാടെസ്റ്റുകള്‍ നടത്തേണ്ടതില്ല. 2009 ജൂണില്‍ത്തന്നെ കേരളത്തിലെത്തിയതാണ് എച്ച് 1 എന്‍ 1 പനി. 2010ല്‍ സംസ്ഥാനത്ത് അനേകം പേര്‍ക്ക് ബാധിക്കുകയുണ്ടായി.
രോഗബാധയുള്ള ആളില്‍നിന്ന് ഒരാഴ്ചവരെ മറ്റൊരാളിലേക്ക് തൊണ്ടയിലും മൂക്കിലുമുള്ള സ്രവം വഴി രോഗം പകരാവുന്നതാണ്. രോഗാണു ശരീരത്തില്‍ പ്രവേശിച്ചാല്‍ ഏഴ് ദിവസങ്ങള്‍ക്കുള്ളില്‍ രോഗം പ്രത്യക്ഷപ്പെടാം.