Connect with us

Wayanad

കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ ഹ്രസ്വ ചിത്രവുമായി ബാവലി സ്‌കൂള്‍

Published

|

Last Updated

മാനന്തവാടി: വിദ്യാലയത്തിലേക്ക് വരാത്ത കുട്ടികളെ കണ്ടെത്താന്‍ ബാവലി ഗവ യുപി സ്‌ക്കൂളിലെ പ്രധാന അധ്യാപകന്‍ പി വി സന്തോഷ് സഹഅധ്യാപകര്‍ക്ക് നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്ന് അധ്യാപകര്‍ കോളനിയലെത്തി വിവരങ്ങള്‍ ചോദിച്ചറിയുകയാണ്. സ്‌ക്കൂളിലേക്ക് പോകാന്‍ മടിച്ചു നില്‍ക്കുന്ന അരുണിനെ തേടി അധ്യാപകനെത്തുന്നു. അധ്യാപകന്‍ വരുന്നതു കണ്ട് ഓടി ഒളിക്കുന്ന അരുണ്‍ ഞണ്ടു പിടിച്ചും മീന്‍പിടച്ചും നടക്കുകയാണ്. നടന്ന് നടന്ന് സ്‌ക്കൂളിന്റെ പരിസരത്തെത്തിയ അവന്‍ കൗതുകത്തോടെ കാഴ്ചകള്‍ കാണുന്നു. അവിടുത്തെ കാഴ്ചകള്‍ അവനെ വല്ലാതെ ആകര്‍ഷിക്കുകയാണ്. സ്‌ക്കൂളിലെ വദ്യാര്‍ഥികള്‍ തയ്യാറാക്കിയ ഹ്രസ്വ ചിത്രത്തിലെ ദൃശ്യങ്ങളാണിത്. ഈ വിദ്യാലയത്തിലെ അധ്യാപകന്‍ എം കെ ഉണ്ണികൃഷ്ണനാണ് ഹ്രസ്വ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
അവികിസതമായ ബാവലിയുടെ മൂന്നുവശവും കാടും ഒരതിര്‍ത്തി പുഴയും. കാടിന്റെ വന്യതയും കുളിര്‍മ്മയും ചേരുന്ന അതിര്‍ത്തിഗ്രാമം. അഞ്ച് ആദിവാസി ഊരുകളാണ് ഈ ഗ്രാമത്തിന്റെ ഉള്‍ത്തുടിപ്പ്. കാടിന്റെ നടുവിലായി ഒരു സര്‍ക്കാര്‍ വിദ്യാലയം. വിദ്യാര്‍ഥികളില്‍ പകുതിയും ആദിവാസികള്‍. അവരുടെ കൊഴിഞ്ഞു പോക്കില്ലാതാക്കി വിദ്യാലയത്തിലേക്ക് ആകര്‍ഷിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ മാതൃകാപരമാണ്. 38ാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വിദ്യാലയത്തിലെ കുട്ടികള്‍ രചന നടത്തി തയ്യാറാക്കിയ “സ്‌കൂളു(വഴി) ഞണ്ടു മീനു” എന്ന ഹ്രസ്വചിത്രം ബാവലിയുടെ കഥയും അതിലൂടെ കുറച്ച് കാര്യങ്ങളുമാണ് പങ്കുവെക്കുന്നത്.
186 വിദ്യാര്‍ഥികളാണ് ഈ വിദ്യാലയത്തിലുള്ളത്. ഇവരില്‍ പകുതിയും ആദിവാസി വിഭാഗത്തില്‍ നിന്നുള്ളവരാണ്. കര്‍ണ്ണാടകയില്‍ നിന്നും ടിപ്പുവിന്റെ കാലത്ത് കുടിയേറിയ വേദഗൗഡ വിഭാഗത്തില്‍ പ്പെട്ടവരും ഈ വിദ്യാലയത്തിലുണ്ട്.
ജനങ്ങളുടെ സഹകരണതോടെ നടക്കുന്ന ഈ പ്രവര്‍ത്തനങ്ങള്‍ നാലായിരിത്തിലധികം ജനങ്ങള്‍ താമസിക്കുന്ന ഈ ഗ്രാമത്തിന്റെ സാംസ്‌ക്കാരിക കേന്ദ്രമായി വിദ്യാലയത്തെ മാറ്റുമെന്ന പ്രതീക്ഷയും അധ്യാപകര്‍ക്കുണ്ട്.
1976ല്‍ ഓലഷെഡില്‍ തുടങ്ങിയ ഈ വിദ്യാലയം ഇന്ന് മൂന്ന് സ്മാര്‍ട്ട് ക്ലാസ് മുറികളുള്ള യുപി സ്‌ക്കൂളാണ്. ഗണപതി പിള്ള സംഭാവന ചെയ്ത സ്ഥലത്താണ് സ്‌ക്കൂള്‍ ഉള്ളത്. ക്ലാസ് മുറികളെല്ലാം ചിത്രങ്ങള്‍ വരച്ച് ഭംഗിയുള്ളതാക്കിയിട്ടുണ്ട്. പഠന നിലവാരത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി ഉണ്ടായ മാറ്റങ്ങള്‍ പ്രധാന അധ്യാപകന്‍ പി വി സന്തോഷും അധ്യാപകരും പിടിഎയും ചേര്‍ന്നു നടത്തിയ ശ്രമത്തിന്റെ വിജയമാണ്. തിരുനെല്ലി പഞ്ചായത്ത് ഈ വിദ്യാലയത്തിന് എല്ലാ സഹായവും ചെയ്യുന്നുണ്ട്.
സര്‍ക്കാരിന്റെ പാഠ്യ പദ്ധതിക്കു പുറമേ തനതായ ഒരു പാഠ്യപദ്ധതി തയ്യാറാക്കിയാണ് ഇവിടെ പഠനം നടക്കുന്നത്. പഠന നിലവാരമനുസരിച്ച് കുട്ടികളെ വിവിധ ഗ്രൂപ്പുകളിലാക്കി പിറകില്‍ നില്‍ക്കുന്നവരെ മുന്നിലേക്ക് നയിക്കാന്‍ ഈ ശ്രമത്തിന് കഴിഞ്ഞിട്ടുണ്ട്. ഇന്ന് നടക്കുന്ന വാര്‍ഷികാഘോഷം നാടിന്റെ ഉത്സവമായി മാറും സിനിമാ താരം സുധീഷാണ് ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നത്.