റെയില്‍വേ ബജറ്റ്: ജില്ലക്ക് നിരാശ മാത്രം

Posted on: February 27, 2015 10:04 am | Last updated: February 27, 2015 at 10:04 am

railwaനിലമ്പൂര്‍: നിരക്കുവര്‍ധനവിന്റെ പ്രഹരവും പുതിയ തീവണ്ടികളുടെ പ്രഖ്യാപനവും ഇടംപിടിക്കാത്ത മോദി സര്‍ക്കാറിന്റെ പ്രഥമ സമ്പൂര്‍ണ ബജറ്റില്‍ ജില്ലക്ക് ലഭിച്ചത് നിരാശ. ഏറെകാലത്തെ കാത്തിരിപ്പിനൊടുവില്‍ തിരുന്നാവായ -ഗുരുവായൂര്‍ പാത നവീകരണത്തിന് ഒരുകോടി രൂപ അനുവദിച്ചതാണ് ജില്ലക്ക് എടുത്തുപറയാവുന്ന നേട്ടം. രാജ്യത്ത് 970 മേല്‍പ്പാലങ്ങള്‍, 6000 കിലോമീറ്റര്‍ പുതിയ പാത, 6000 കിലോമീറ്റര്‍ വൈദ്യുതീകരണം തുടങ്ങിയ പ്രഖ്യാപനങ്ങളിലും ജില്ലക്ക് പരിഗണന ലഭിച്ചേക്കില്ല. തീരദേശ റെയില്‍വേ ശ്രംഖലയിലും ജില്ല ഉള്‍പ്പെടാനും സാധ്യത കുറവാണ്. തിരുന്നാവായ-ഗുരുവായൂര്‍ പാത നവീകരണത്തിന് ഒരു കോടി രൂപ അപര്യാപ്തവുമാണ്. നിലമ്പൂര്‍ -നഞ്ചന്‍ഗോഡ് പാതയെ കുറിച്ച് ബജറ്റില്‍ ഒരു പരാമര്‍ശവുമില്ല. നിലമ്പൂര്‍ -നഞ്ചന്‍ഗോഡ് പാത ലാഭകരമാണെന്ന് കേന്ദ്ര റെയില്‍വേ ബോര്‍ഡിന് കഴിഞ്ഞ വര്‍ഷം ലഭിച്ച 2013ലെ ഗതാഗത സാമ്പത്തിക സര്‍വെയിലെ അനുകൂല റിപ്പോര്‍ട്ട് നല്‍കിയ പ്രതീക്ഷയും അസ്ഥാനത്തായി. 238 കിലോമീറ്റര്‍ ദൂരമുള്ള പാതകൊണ്ട് ജില്ലയുടെ സമഗ്രവികസനത്തിനും വയനാട് ജില്ലക്ക് റെയില്‍വെ ഭൂപടത്തില്‍ ഇടം പിടിക്കാനും സാധ്യമാവുമെങ്കിലും പ്രതീക്ഷ അസ്ഥാനത്താവുകയാണ്. നേരത്തെ സര്‍വെ പൂര്‍ത്തീകരിച്ചിരുന്ന അങ്ങാടിപ്പുറം-മലപ്പുറം-എയര്‍പ്പോട്ട് കോഴിക്കോട,് പാതയെകുറിച്ചും ബജറ്റില്‍ മൗനമാണ്. ഏറെ പരാതീനധകള്‍ നേരിടുന്ന റയില്‍വെ സ്റ്റേഷനുകളുടെ വികസനവും ബജറ്റില്‍ ഉള്‍പ്പെട്ടിട്ടില്ല. സംസ്ഥാനത്തെ ആദ്യ സ്റ്റേഷനുകളില്‍പ്പെട്ട തിരൂരിലൂടെ കടന്നുപോകുന്ന പ്രധാന തീവണ്ടികള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടില്ല. താനൂര്‍, കുറ്റിപ്പുറം, അങ്ങാടിപ്പുറം, നിലമ്പൂര്‍, പട്ടിക്കാട് , മേലാറ്റൂര്‍, വാണിയമ്പലം തുടങ്ങിയ സ്റ്റേഷനുകളുടെ ശോചീയാവസ്ഥക്കും പരിഹാരമാവുന്നില്ല. നിലമ്പൂര്‍ ഷൊര്‍ണൂര്‍ പാതയുടെ വൈദ്യുതീകരണ പ്രവൃത്തികള്‍ക്കും തുക നീക്കിവെച്ചിട്ടില്ല. ഇ അഹമ്മദ് മന്ത്രിയായിരുന്നപ്പോള്‍ പ്രഖാപിച്ച പട്ടിക്കാട് മാതൃകാ സ്റ്റേഷന്‍ പദ്ധതിക്കും തുടര്‍ നടപടികളില്ല.