Connect with us

Kozhikode

മത്സ്യത്തൊഴിലാളി ക്ഷേമ നിയമസഭാ സമിതി സിറ്റിംഗില്‍ 65 പരാതികള്‍

Published

|

Last Updated

കോഴിക്കോട്:മത്സ്യത്തൊഴിലാളി ക്ഷേമ നിയമസഭാ സമിതി സിറ്റിംഗില്‍ ലഭിച്ചത് 65 പരാതികള്‍. പത്ത് വര്‍ഷമായി മുടങ്ങിക്കിടക്കുന്ന തിക്കോടി-കോടിക്കല്‍ മിനി ഹാര്‍ബര്‍ നിര്‍മാണം, ചാലിയം, വെള്ളയില്‍, പുതിയങ്ങാടി തുടങ്ങിയ സ്ഥലങ്ങളിലെ തീരദേശവാസികള്‍ക്ക് പട്ടയം അനുവദിക്കല്‍, കടല്‍ഭിത്തി നിര്‍മാണം, കോരപ്പുഴ സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, മത്സ്യത്തൊഴിലാളി കടാശ്വാസ പദ്ധതി അംഗീകരിക്കാന്‍ വിസമ്മതിക്കുന്ന ബേങ്ക് നിലപാടുകള്‍, കോതിപ്പാലം അപ്രോച്ച് റോഡ് നിര്‍മാണത്തിന്റെ ഭാഗമായി ഭിത്ത ിനിര്‍മിക്കുന്നത് കാരണം മുഖദാര്‍ പ്രദേശത്തെ പരമ്പരാഗത മീന്‍പിടുത്തക്കാര്‍ക്ക് നേരിടുന്ന പ്രശ്‌നങ്ങള്‍, കല്ലുമ്മക്കായ, ചെമ്മീന്‍ എന്നിവയുടെ കുഞ്ഞുങ്ങളെ വലയിട്ടുപിടിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, മത്സ്യത്തൊഴിലാളികള്‍ക്ക് വീടുവയ്ക്കാനുള്ള ഗ്രാന്റ് ലഭിക്കാത്തത്, കോഴിക്കോട്ടെ മത്സ്യബന്ധന ബോട്ടുകള്‍ക്ക് കാസര്‍കോട് തീരത്ത് അണയുന്നതിലുള്ള വിലക്ക് നീക്കല്‍, മത്സ്യ വിതരണത്തൊഴിലാളികളുടെ അപേക്ഷാഫോമുകള്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ ഒപ്പിട്ടുനല്‍കാത്തത്, മത്സ്യത്തൊഴിലാളികള്‍ക്കുള്ള വിവാഹധനസഹായം വര്‍ധിപ്പിക്കല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളാണ് ഡൊമിനിക് പ്രസന്റേഷന്‍ എം എല്‍ എ ചെയര്‍മാനായ നിയമസഭാ സമിതി മുമ്പാകെ എത്തിയത്.
മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ നിര്‍ദേശങ്ങള്‍ പാലിക്കാത്ത ബേങ്കുകള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് എം എല്‍ എ യോഗത്തില്‍ മുന്നറിയിപ്പുനല്‍കി. അനുവദനീയമായ 20 മില്ലി മീറ്റര്‍ വലയേക്കാള്‍ വലിപ്പം കുറഞ്ഞ രീതിയിലുള്ള വലകള്‍ ഉപയോഗിക്കുന്നതാണ് മത്സ്യക്കുഞ്ഞുങ്ങളുടെ നാശത്തിന് കാരണമാവുന്നതെന്ന് സമിതി ചെയര്‍മാന്‍ വിലയിരുത്തി.അനുവദിക്കപ്പെട്ടതിനേക്കാള്‍ ചെറിയ വലകള്‍ ഉപയോഗിക്കുന്നത് കര്‍ശനമായി തടയാന്‍ വകുപ്പ് അധികൃതര്‍ക്ക് അദ്ദേഹം നിര്‍ദേശം നല്‍കി.
കേന്ദ്ര സര്‍ക്കാറിന്റെ തീരദേശ നിയമപ്രകാരം കടലില്‍ നിന്ന് 50 മീറ്റര്‍ വരെ സംരക്ഷിത പ്രദേശമാണെന്നതിനാല്‍ ഇവിടങ്ങളില്‍ താമസിക്കുന്നവര്‍ക്ക് പട്ടയം നല്‍കാന്‍ കഴിയാത്ത അവസ്ഥയാണ്. ഈ നിയന്ത്രിണത്തില്‍ നിന്ന് മത്സ്യത്തൊഴിലാളി കുടുംബങ്ങളെ ഒഴിവാക്കണമെന്ന് കേന്ദ്രത്തോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കടല്‍ഭിത്തി നിര്‍മിക്കുന്നതിന് നേരത്തേ കേന്ദ്രം നല്‍കിയിരുന്ന ഫണ്ട് ലഭിക്കുന്നില്ല. തീരപ്രദേശങ്ങളെ അതിര്‍ത്തിയായി കണ്ട് അതിര്‍ത്തിസംരക്ഷണമെന്ന നിലക്ക് ഫണ്ട് അനുവദിക്കണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യം കേന്ദ്രത്തിന്റെ പരിഗണനയിലാണ്. കേന്ദ്ര ബജറ്റില്‍ അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
സമിതി സിറ്റിംഗില്‍ വെള്ളയില്‍ ഫിഷിംഗ് ഹാര്‍ബറിന്റെ നിര്‍മാണ പുരോഗതി വിലയിരുത്തി. 39.75 കോടിയുടെ പദ്ധതിയില്‍ 30 കോടിയുടെ പ്രവൃത്തികള്‍ ഇതിനകം പൂര്‍ത്തീകരിച്ചതായും അടുത്ത ജനുവരിയോടെ ഹാര്‍ബര്‍ പ്രവര്‍ത്തന സജ്ജമാവുമെന്നാണ് പ്രതീക്ഷയെന്നും ചീഫ് എഞ്ചിനീയര്‍ പറഞ്ഞു.
യോഗത്തില്‍ കെ ദാസന്‍ എം എല്‍ എ, നിയമസഭാ സമിതി ഡെപ്യൂട്ടി സെക്രട്ടറി കെ സുരേഷ്‌കുമാര്‍ പങ്കെടുത്തു.

---- facebook comment plugin here -----

Latest