Connect with us

Kozhikode

റെയില്‍വേ ബജറ്റില്‍ പതിവ് തുടര്‍ന്നു; മലബാാര്‍ വികസന സമിതിയുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ല

Published

|

Last Updated

കോഴിക്കോട്: റെയില്‍വേ ബജറ്റില്‍ പതിവ് പോലെ മലബാറിനും പ്രത്യേകിച്ച് കോഴിക്ക്ട് ജില്ലക്കും നിരാശ. ഷൊര്‍ണൂര്‍ – മംഗലാപുരം വൈദ്യുതീകരണത്തിന്റെ രണ്ടാം ഘട്ടമായ കോഴിക്കോട് മുതല്‍ കണ്ണൂര്‍ വരെയുള്ള പ്രവൃത്തികള്‍ക്കായി അഞ്ച് കോടി രൂപ അനുവദിച്ചതാണ് ജില്ലക്കുള്ള ഏക നേട്ടം. എന്നാല്‍ ഈ തുക നാമമാത്രമാണെന്നും ഇതുകൊണ്ട് ഈ മേഖലയിലുള്ള വൈദ്യുതീകരണം പൂര്‍ത്തിയാക്കാനാകില്ലെന്നുമാണ് വിമര്‍ശനം.
കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനെ സംബന്ധിച്ചിടത്തോളം പ്ലാറ്റ് ഫോമുകളുടെ മേല്‍ക്കൂര ദീര്‍ഘിപ്പിക്കല്‍, പിറ്റ്‌ലൈന്‍, അന്താരാഷ്ര്ട്ര പദവി തുടങ്ങിയ നിരവധി ആവശ്യങ്ങള്‍ ഉണ്ടയിച്ചിരുന്നെങ്കിലും ഇവ ഒന്നും പരിഗണിക്കപ്പെട്ടില്ല.
എന്നാല്‍ പുതിയ ട്രെയിന്‍ പ്രഖ്യാപനങ്ങളില്ലാത്ത ബജറ്റ് എന്ന നിലയില്‍ മലബാറിനെ അവഗണിച്ചു എന്നു പറയുന്നതില്‍ അര്‍ഥമില്ലൈന്നാണ് റെയില്‍വേ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ പറയുന്നു. അടിസ്ഥാന സൗകര്യവികസനത്തിനും നിലവില്‍ പരിഗണനയിലുള്ള പദ്ധതികള്‍ക്കും അടുത്ത വര്‍ഷങ്ങളില്‍ മുന്‍തൂക്കം നല്‍കുമെന്ന പ്രഖ്യാപനം മലബാറിലെ യാത്രക്കാര്‍ക്ക് പ്രതീക്ഷയേകുന്നുവെന്ന് ഇവര്‍ അഭിപ്രായപ്പെട്ടു.
റെയില്‍വേ ബജറ്റ് മലബാറുകാരുടെ പ്രതീക്ഷകള്‍ അസ്ഥാനത്താക്കിയെന്ന് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സും മലബാര്‍ ട്രെയിന്‍ ആക്ഷന്‍ കമ്മിറ്റിയും ഉന്നയിച്ചു. യാത്ര, ചരക്കു കൂലികള്‍ വര്‍ധിപ്പിച്ചില്ലെന്നത് ഗുണകരമാണ്. യാത്രക്കാര്‍ക്ക് പ്രത്യേകിച്ച് സ്ത്രീകള്‍, മുതിര്‍ന്ന പൗരന്മാര്‍, ശാരീരിക വൈകല്യമുള്ളവര്‍ എന്നിവരുടെ സുഖകരമായ യാത്രക്ക് ബജറ്റ് ഏറെ പ്രാധാന്യം നല്‍കിയിട്ടുണ്ട്. ടിക്കറ്റ് ബുക്കിംഗ് കാലാവധി 120 ദിവസമാക്കിയത് മുന്‍കൂട്ടി യാത്ര നിശ്ചയിക്കുന്നവര്‍ക്ക് ഉപകാരപ്രദമാണ്.
മലബാര്‍ മേഖലയുടെ വികസനത്തിനു ബജറ്റില്‍ കാര്യമായ നിര്‍ദേശങ്ങളില്ല. മലബാര്‍ ഭാഗത്തേക്ക് ആവശ്യത്തിനു ട്രെയിനുകള്‍, കോഴിക്കോട്ട് പിറ്റ്‌ലൈന്‍, ഷൊര്‍ണൂര്‍- മംഗലാപുരം വൈദ്യുതികരണത്തിന്റെ ഭാഗമായുള്ള സബ്‌സ്റ്റേഷന്‍ സ്ഥാപിക്കല്‍, നിലമ്പൂര്‍ നഞ്ചന്‍ഗോഡ് റെയില്‍, തലശ്ശേരി- മൈസൂര്‍ റെയില്‍ എന്നിവ്ക്ക് നടപടികള്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും ഇവയൊക്കെ തീര്‍ത്തും അവഗണിക്കുകയാണുണ്ടായതെന്ന് ചേംബര്‍ പ്രസിഡന്റ് സി എ മോഹനും മലബാര്‍ ട്രെയിന്‍ ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ പി വി ഗംഗാധരനും അഭിപ്രായപ്പെട്ടു.
റെയില്‍വേ ബജറ്റ് സ്വാഗതാര്‍ഹമാണെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ റെയില്‍വേ അസോസിയേഷന്‍ ദേശീയ ചെയര്‍മാന്‍ ഡോ. എ വി അനൂപ്, വര്‍ക്കിംഗ് ചെയര്‍മാന്‍ സി ഇചാക്കുണ്ണി എന്നിവര്‍ അഭിപ്രായപ്പെട്ടു. സുരക്ഷ, വേഗം, ശുചിത്വം, അടിസ്ഥാന സൗകര്യ വികസനം, പാത ഇരട്ടിപ്പിക്കല്‍, പാളത്തിന്റെയും പാലങ്ങളുടെയും അറ്റകുറ്റപ്പണി, കുറഞ്ഞ വിലയില്‍ കുടിവെള്ളം, ഡിസ്‌പോസിബിള്‍ ബെഡ്ഷീറ്റ്, ആധുനിക സിഗ്നല്‍, 120 ദിവസം മുമ്പു ടിക്കറ്റ് റിസര്‍വേഷന്‍ തുടങ്ങിയ യാത്രക്കാരുടെ ആവശ്യങ്ങള്‍ പരിഗണിക്കപ്പെട്ടു. പുതിയ പാതകള്‍, വണ്ടികള്‍, വണ്ടികള്‍ ദീര്‍ഘിപ്പിക്കല്‍ തുടങ്ങി ബജറ്റില്‍ പ്രതീക്ഷയോടെ കാത്തിരുന്ന പ്രഖ്യാപനങ്ങള്‍ നീട്ടിവെച്ചത് അവതരണവേളയിലെ എതിര്‍പ്പുകള്‍ ഒഴിവാക്കുന്നതിനു വേണ്ടിയാണെന്നു കരുതുന്നതായും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
റെയില്‍വേ ബജറ്റ് കേരളത്തെ തീര്‍ത്തും അവഗണിച്ചതായി ജനതാദള്‍ (എസ്) സിറ്റി കമ്മിറ്റി ആരോപിച്ചു. യോഗത്തില്‍ പ്രസിഡന്റ് പി ടി ആസാദ് അധ്യക്ഷത വഹിച്ചു.

Latest