Connect with us

Kozhikode

വേനല്‍ കനത്തു; കുടിവെള്ളമില്ലാതെ പെരിലക്കാട് കോളനിവാസികള്‍

Published

|

Last Updated

മുക്കം: വേനല്‍ കനത്തതോടെ കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ പെരിലക്കാട് കോളനിവാസികള്‍ കുടിവെള്ളത്തിന് നെട്ടോട്ടമായി. പെരിലക്കാട്, കളത്തിങ്ങര, പൂച്ചോത്തി, മേലേപുറായി ഭാഗങ്ങളിലായി നൂറോളം കുടുംബങ്ങളാണ് താമസിക്കുന്നത്. ഈ കുടുംബങ്ങള്‍ക്കെല്ലാമായി പെരിലക്കാട് സ്ഥാപിച്ച വാട്ടര്‍ ടാങ്കില്‍ നിന്നാണ് കുടിവെള്ള വിതരണം ചെയ്തിരുന്നത്.
ഇരുവഴിഞ്ഞിപ്പുഴയില്‍ നിന്നാണ് ജലനിധി പദ്ധതി വഴി വെള്ളം പമ്പ് ചെയ്തിരുന്നത്. കുടിക്കാന്‍ പറ്റില്ലെങ്കിലും കുളിക്കാനും മറ്റ് പ്രാഥമിക ആവശ്യങ്ങള്‍ക്കുമായി ഈ വെള്ളമാണ് ഇവര്‍ ഉപയോഗിച്ചിരുന്നത്.
അതിനിടെയാണ് ജില്ലാ പഞ്ചായത്ത് പത്ത് ലക്ഷം രൂപ ചെലവില്‍ പുതിയ പദ്ധതി ആരംഭിച്ചത്. നാട്ടുകാര്‍ ഏറെ പ്രതീക്ഷയോടെ കണ്ടിരുന്ന പദ്ധതിയാകട്ടെ ഒരു ദിവസത്തെ പമ്പിംഗിന് ശേഷം പണിമുടക്കി. പമ്പ് സെറ്റ് കത്തിപ്പോയെന്നാണ് അധികൃതര്‍ പറയുന്നത്.
പത്ത് ലക്ഷം രൂപയുടെ പദ്ധതിയായിട്ടും പുതിയ ടാങ്ക് പോലും സ്ഥാപിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. നിലവില്‍ ജലനിധി പദ്ധതിക്കായി സ്ഥാപിച്ച ടാങ്കില്‍ തന്നെയാണ് പമ്പിംഗ് ചെയ്തിരുന്നത്. പദ്ധതി യാഥാര്‍ഥ്യമായാലും ഈ വെള്ളം എങ്ങനെ കുടിക്കാന്‍ ഉപയോഗിക്കുമെന്ന് നാട്ടുകാര്‍ ചോദിക്കുന്നു.
രണ്ട് വെള്ളവും കിട്ടാതായതോടെ ഒരു കിലോമീറ്റര്‍ അകലെ കാല്‍നടയായി യാത്ര ചെയ്താണ് പ്രദേശവാസികള്‍ വെള്ളം ശേഖരിക്കുന്നത്. ഭൂരിഭാഗം പേരും കൂലിപ്പണിക്ക് പോകുന്നവരായതിനാല്‍ അത് കഴിഞ്ഞ് രാത്രി സമയങ്ങളിലാണ് വെള്ളം ശേഖരിക്കുന്നത്. ദുരിതം ഇത്രയൊക്കെയായിട്ടും അധികൃതര്‍ ഇനിയും കണ്ടില്ലെന്ന് നടിക്കുകയാണ്.

Latest