Connect with us

Kozhikode

കുറ്റിയാടി കനാലില്‍ ഒഴുക്ക് തടസ്സപ്പെടുമെന്ന് ആശങ്ക

Published

|

Last Updated

നരിക്കുനി: കനാല്‍ വൃത്തിയാക്കുന്ന ജോലികള്‍ പൂര്‍ണമായി നടപ്പാക്കാത്തതിനാല്‍ കുറ്റിയാടി ജലസേചന പദ്ധതിയുടെ കക്കോടി ബ്രാഞ്ച് കനാലില്‍ ഒഴുക്ക് തടസ്സപ്പെടുമെന്ന് ആശങ്ക.
കനാല്‍ തുറക്കുന്നതിന് മുന്നോടിയായി മുന്‍വര്‍ഷങ്ങളില്‍ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ കനാലുകള്‍ വൃത്തിയാക്കിയിരുന്നതിനാല്‍ കനാലിലൂടെയുള്ള വെള്ളത്തിന്റെ ഒഴുക്ക് സുഗമമായിരുന്നു. ഓരോ പഞ്ചായത്ത് പരിധിയിലുമുള്ള കനാലിന്റെ ഭാഗങ്ങള്‍ അതത് പഞ്ചായത്തുകളുടെ ആഭിമുഖ്യത്തിലാണ് വൃത്തിയാക്കിയിരുന്നത്. എന്നാല്‍ ഈ വര്‍ഷം ഗ്രാമപഞ്ചായത്തുകളുടെ ആഭിമുഖ്യത്തില്‍ തൊഴിലുറപ്പ് പദ്ധതിയിലൂടെ കനാല്‍ വൃത്തിയാക്കുന്നത് അനിശ്ചിതത്വത്തിലാകുകയായിരുന്നു. കാട് ചെളിയും മണ്ണും നിറഞ്ഞ് കിടക്കുന്ന മെയിന്‍ കനാലിലും ബ്രാഞ്ച് കനാലിലും കൈക്കനാലുകളിലൂടെയുമുള്ള ഒഴുക്ക് തടസ്സപ്പെടുമെന്ന ആശങ്കയിലാണ് ജനം. കനാല്‍ വൃത്തിയാക്കാതിരുന്നാല്‍ മാലിന്യങ്ങള്‍ കെട്ടിക്കിടന്ന് വെള്ളം മലിനമാകാനും ഇടവരുത്തും.
കടുത്ത വരള്‍ച്ചയെ അഭിമുഖീകരിക്കുന്ന വേളകളില്‍ പൂളക്കടവ് വാട്ടര്‍ അതോറിറ്റി പമ്പ് ഹൗസില്‍ കനാല്‍ വെള്ളത്തെ ആശ്രയിച്ചാണ് പമ്പിംഗ് നടത്താറ്. പെരുവണ്ണാമുഴി ഡാമില്‍ നിന്ന് കുറ്റിയാടി ജലസേചന പദ്ധതിയിലൂടെ കക്കോടി ബ്രാഞ്ച് കനാല്‍ വഴി എത്തുന്ന വെള്ളം പൂളക്കടവില്‍ വെച്ച് പൂനൂര്‍ പുഴയിലേക്ക് ഒഴുക്കിയാണ് പമ്പിംഗ് നടത്തുന്നത്.
കഴിഞ്ഞയാഴ്ച പെരുവണ്ണാമുഴി ഡാമില്‍ നിന്ന് കനാലിലേക്ക് വെള്ളം തുറന്ന് വിട്ടിട്ടുണ്ട്.

Latest