Connect with us

Kerala

സ്പീക്കറെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി

Published

|

Last Updated

തിരുവനന്തപുരം: ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നിയമസഭാ സ്പീക്കര്‍ ജി കാര്‍ത്തികേയനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. വിദഗ്ധ ചികിത്സക്കായി കഴിഞ്ഞയാഴ്ചയാണ് അദ്ദേഹത്തെ ബെംഗളൂരു എച്ച് സി ജി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓങ്കോളജി സ്‌പെഷ്യാലിറ്റി സെന്റര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നേരത്തെ അമേരിക്കയിലെ മയോക്ലിനിക്കില്‍ വിദഗ്ധ ചികിത്സ കഴിഞ്ഞു തിരിച്ചെത്തിയ അദ്ദേഹം പൊതുപരിപാടികളിലും മറ്റ് പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. ഇതിനിടെ വീണ്ടും ശ്വാസകോശത്തില്‍ രോഗാണുബാധ ഉണ്ടാകുകയും അസ്വസ്ഥത അനുഭവപ്പെടുകയും ചെയ്തതിനെ തുടര്‍ന്ന് തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. മൂന്ന് ദിവസത്തോളം തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞ അദ്ദേഹം വീട്ടില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു.
ഇതിനിടെ വീണ്ടും ശാരീരിക അസ്വസ്ഥത ഉണ്ടായതിനെ തുടര്‍ന്ന് വിദഗ്ധ ഡോക്ടര്‍മാരുടെ നിര്‍ദേശാനുസരണമാണ് ബെംഗളൂരുവിലേക്ക് പോയത്.
വിവിധ പരിശോധനാഫലങ്ങള്‍ക്കായി കാത്തിരുന്ന് ഇന്നലെയാണ് അദ്ദേഹത്തിന് ചികിത്സ ആരംഭിച്ചതെന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രി അധികൃതര്‍ അറിയിച്ചു.
മന്ത്രിമാരായ രമേശ് ചെന്നിത്തല, കെ സി ജോസഫ്, കെ പി സി സി സെക്രട്ടറി മണക്കാട് സുരേഷ് എന്നിവര്‍ സ്പീക്കറെ ബെംഗളൂരുവിലെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് ആരോഗ്യസ്ഥിതികള്‍ വിലയിരുത്തി.
സ്പീക്കറുടെ ഭാര്യ സുലേഖ, അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി പത്മകുമാര്‍, പി എ ഗിരീഷ് എന്നിവര്‍ ആശുപത്രിയില്‍ കൂടെയുണ്ട്.
സ്പീക്കറുടെ അഭാവത്തിലായിരിക്കും മാര്‍ച്ച് ആറിന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനം നടക്കുക.

Latest