Connect with us

Eranakulam

മിഥില മോഹന്‍ വധം: മുഖ്യപ്രതികള്‍ക്കായി ലുക്കൗട്ട് നോട്ടീസ്‌

Published

|

Last Updated

കൊച്ചി: അബ്കാരി കോണ്‍ട്രാക്ടര്‍ മിഥില മോഹനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികള്‍ക്കെതിരെ ക്രൈം ബ്രാഞ്ച് ലുക്ക് ഔട്ട്് നോട്ടീസ് പുറത്തിറക്കി. കേസിലെ മൂന്നും നാലും പ്രതികളായ തമിഴ്‌നാട് സ്വദേശികള്‍ മതിവാനന്‍, ഉപ്പാലി എന്നിവരുടെ രേഖാചിത്രം സഹിതമാണ് കഴിഞ്ഞ ദിവസം ലുക്കൗട്ട് നോട്ടീസ് പുറത്തുവിട്ടത്.
കേസില്‍ നേരത്തെ അറസ്റ്റിലായ തൃശൂര്‍ പാട്ടുരായ്ക്കല്‍ സ്വദേശി കണ്ണന്‍ എന്ന സന്തോഷ്‌കുമാര്‍ നല്‍കിയ മൊഴിയില്‍ നിന്നാണ് കൊലനടത്തിയത് വാടകക്കൊലയാളികളായ മതിവാനനും ഉപ്പാലിയുമാണെന്ന ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചത്. സന്തോഷ്‌കുമാര്‍ നല്‍കിയ വിവരണത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ രേഖാചിത്രം ഉപയോഗിച്ച് ക്രൈംബ്രാഞ്ച് തമിഴ്‌നാട് പോലീസിന്റെ സഹായത്തോടെ അന്വേഷണം നടത്തിയെങ്കിലും വ്ിവരമൊന്നും ലഭിച്ചിരുന്നില്ല.
മിഥില മോഹനനെ വധിക്കാനുള്ള ഗൂഢാലോചന നടന്നത് ചെന്നൈയിലും ഊട്ടിയിലും വെച്ചായിരുന്നു. കേസിലെ രണ്ടാം പ്രതിയായ തമിഴ്‌നാട്ടിലെ കുപ്രസിദ്ധ ക്രിമിനല്‍ ദിണ്ഡിക്കല്‍ പാണ്ഡ്യനുമായി ചെന്നൈയില്‍ വെച്ചാണ് സന്തോഷ്‌കുമാര്‍ കൂടിക്കാഴ്ച നടത്തി കൊലപാതകം ആസൂത്രണം ചെയ്തത്. തുടര്‍ന്ന് വാടകക്കൊലയാളികളായ മതിവാണന്‍, ഉപ്പായി എന്നിവരെ കൊലപാതകത്തിനായി പാണ്ഡ്യന്‍ ഏര്‍പ്പാടു ചെയ്തു. മൂന്നും നാലും പ്രതികളായ ഇവരെ ഊട്ടിയില്‍ വെച്ചാണ് സന്തോഷ്‌കുമാര്‍ കണ്ടുമുട്ടുന്നത്. ഇവിടെ വെച്ച് 20,000 രൂപ അഡ്വാന്‍സായി നല്‍കി.
കൊലപാതകം നടത്തിയ ശേഷം കോയമ്പത്തൂരില്‍ വെച്ച് പ്രതികള്‍ക്ക് 10 ലക്ഷം രൂപ മോഹനന്‍ നേരിട്ട് കൈമാറുകയായിരുന്നു. 2010 ഫെബ്രുവരി മൂന്നിന് തമിഴ്‌നാട്ടിലെ നീലഗിരിയില്‍ നടന്ന ഏറ്റുമുട്ടലില്‍ ദിണ്ടിഗല്‍ പാണ്ഡ്യന്‍ കൊല്ലപ്പെട്ടതായി ക്രൈം ബ്രാഞ്ച് സ്ഥിരീകരിച്ചിട്ടുണ്ട്.