Connect with us

Articles

റെയില്‍ ബജറ്റ് നിരാശാജനകമെന്ന് രാഷ്ട്രീയ നേതാക്കള്‍

Published

|

Last Updated

തിരുവനന്തപുരം: കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന റെയില്‍വേ ബജറ്റ് നിരാശാജനകമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മധ്യകേരളത്തിലെ പാതയിരട്ടിപ്പിക്കലിന് മാത്രമാണ് കേരളത്തിന് അല്‍പ്പമെങ്കിലും നീതി ലഭിച്ചത്. വൈദ്യുതീകരണം, സിഗ്നലിംഗ് തുടങ്ങിയ പ്രധാനപ്പെട്ട കാര്യങ്ങളില്‍ മതിയായ തുകയില്ല. ശബരിമല പാതക്ക് കേന്ദ്രത്തിന്റെ സഹകരണം പ്രതീക്ഷിച്ചെങ്കിലും നിരാശപ്പെടുത്തി.

പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് പത്തുലക്ഷം രൂപയാണ് അനുവദിച്ചത്. സംസ്ഥാന സര്‍ക്കാര്‍ ചെലവ് പങ്കിടാന്‍ തയ്യാറായ നിലമ്പൂര്‍-നഞ്ചന്‍കോട് പദ്ധതി പരിഗണിച്ചിട്ടുപോലുമില്ല. സബേര്‍ബന്‍ ട്രെയിനും അവഗണിക്കപ്പെട്ടു. ഡീസല്‍, പെട്രോള്‍ വില കുറഞ്ഞതോടെ യാത്രാക്കൂലിയിലും ചരക്കുകൂലിയിലും ഇളവ് പ്രതീക്ഷിച്ചിരുന്നതാണ്. എന്നാല്‍ ചരക്കുകൂലി വീണ്ടും കൂട്ടുകയാണ് ചെയ്തത്. പുതിയ ട്രെയിനുകളും പദ്ധതികളും പ്രഖ്യാപിക്കാത്തത് മൂലം ഇന്ത്യന്‍ റെയില്‍വേയുടെ മുന്നോട്ടുള്ള കുതിപ്പാണ് നിലക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
അതേസമയം മുന്‍വര്‍ഷത്തേതിനേക്കാള്‍ കടുത്ത അവഗണനയാണ് ഈ വര്‍ഷത്തെ റെയില്‍വേ ബജറ്റില്‍ കേരളത്തോട് കാട്ടിയിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുാതനന്ദന്‍ പറഞ്ഞു. റെയില്‍വേ ബജറ്റ് അത്യന്തം നിരാശാജനകവും പ്രതിഷേധാര്‍ഹവുമാണ്. പാത ഇരട്ടിപ്പിക്കലിനും വൈദ്യുതീകരണത്തിനും ഊന്നല്‍ നല്‍കുന്നു എന്ന് അവകാശപ്പെടുമ്പോഴും കേരളത്തെ ഇക്കാര്യത്തില്‍ പരിഗണിക്കുന്നില്ല. ശത്രുതാ മനോഭാവത്തോടെയാണ് കേരളത്തെ കാണുന്നത്. ശബരി പാതക്ക് കഴിഞ്ഞ ബജറ്റില്‍ 23 കോടി രൂപ വകയിരുത്തിയ സ്ഥാനത്ത് ഇത്തവണ വെറും അഞ്ച് കോടിയേ പ്രഖ്യാപിച്ചിട്ടുളളൂ. തിരുനാവായ-ഗുരുവായൂര്‍ പാതക്ക് ഒരുകോടി മാത്രമാണുള്ളത്. കഴിഞ്ഞ തവണ ഇത് മൂന്നുകോടിയായിരുന്നു.
കായംകുളം-ചേപ്പാട് പാത ഇരട്ടിപ്പിക്കലിന് കഴിഞ്ഞ വര്‍ഷം രണ്ട് കോടിയായിരുന്നുവെങ്കില്‍ ഇത്തവണ അത് ഒരുകോടിയായി ചുരുങ്ങി. മാവേലിക്കര-ചെങ്ങന്നൂര്‍ പാതക്ക് കഴിഞ്ഞ തവണത്തെ 2.27 കോടി ഈ വര്‍ഷം 1.6 കോടിയായി ചുരുങ്ങി. മുളംതുരുത്തി-കുറുപ്പന്‍തറ പാത ഇരട്ടിപ്പിക്കലിന് പോയവര്‍ഷം 74 കോടിയാണ് വകയിരുത്തിയതെങ്കില്‍ ഇത്തവണ അത് 19.9 കോടിയായി കുറഞ്ഞു. കഞ്ചിക്കോടിനാകട്ടെ കേവലം പത്തുലക്ഷം രൂപ മാത്രമാണ് സര്‍ക്കാര്‍ വകയിരുത്തിയിട്ടുളളത്. ബാക്കി 144 കോടി പി പി പി ആയി കണ്ടെത്തട്ടെ എന്നാണ് പറയുന്നത്.
റെയില്‍വേ വികസനത്തില്‍ നിന്ന് സര്‍ക്കാര്‍ മെല്ലെ മെല്ലെ പിന്‍വാങ്ങുന്നു എന്നാണ് ബജറ്റിന്റെ പൊതുസ്വരം. കേന്ദ്രഗവണ്‍മെന്റ് 41 ശതമാനം തുക മാത്രമാണ് വകയിരുത്തുന്നത്. ആഭ്യന്തര വരുമാനത്തില്‍ നിന്ന് 17.8 ശതമാനം തുക കണ്ടെത്തണം. ബാക്കി 40 ശതമാനത്തിലേറെ പി പി പി, ബി ഒ ടി എന്നീ ഇനങ്ങളിലായി കണ്ടെത്തണമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നുപറഞ്ഞാല്‍, സ്വകാര്യ കോര്‍പറേറ്റുകളെ മാടിവിളിക്കുകയാണ് ചെയ്യുന്നത്. ആത്യന്തികമായി ഇത് റെയില്‍വേയുടെ സ്വകാര്യവല്‍ക്കരണത്തിലേക്കായിരിക്കും ചെന്നെത്തുക. ചരക്കുകൂലിയില്‍ ഏര്‍പ്പെടുത്തിയ വര്‍ധന മണ്ണെണ്ണ, സിമെന്റ്, ഇരുമ്പ്, സ്റ്റീല്‍, പാചകവാതകം, ഉപ്പ് തുടങ്ങിയ സാധനങ്ങള്‍ക്കെല്ലാം വന്‍തോതില്‍ വില വര്‍ധിപ്പിക്കാന്‍ ഇടയാക്കും. ഇതും സാധാരണ ജനങ്ങള്‍ക്ക് ഇരുട്ടടിയായി മാറുമെന്നും വി എസ് പറഞ്ഞു.
കേരളത്തെ സംബന്ധിച്ചിടത്തോളം റെയില്‍ ബജറ്റ് പ്രതീക്ഷകളെ തകിടംമറിച്ചിരിക്കുകയാണെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ പറഞ്ഞു. പാത ഇരട്ടിപ്പിക്കലിനും വൈദ്യുതീകരണത്തിനും മുന്‍ഗണന നല്‍കുമെന്ന് ബജറ്റില്‍ പൊതുവായ പ്രഖ്യാപനമുണ്ടെങ്കിലും കേരളത്തിലെ പാത ഇരട്ടിപ്പിക്കലും വൈദ്യുതീകരണവും സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് അനുവദിച്ച തുക അപര്യാപ്തമാണ്. കേരളത്തിന്റെ പ്രധാന പ്രോജക്ടായ കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് 514 കോടി രൂപ പദ്ധതി അടങ്കല്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ബജറ്റില്‍ പത്ത് ലക്ഷം രൂപ മാത്രമാണ് വകകൊള്ളിച്ചിട്ടുള്ളത്.
മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ത്തന്നെ യാത്രാക്കൂലി 14.2 ശതമാനവും ചരക്കുകൂലി 6.5 ശതമാനവും വര്‍ധിപ്പിച്ച സ്ഥിതിക്ക് യാത്രക്കൂലി വര്‍ധിപ്പിക്കുന്നില്ല എന്നുപറയുന്നതില്‍ അര്‍ഥമില്ല. അതേസമയം, ചരക്കുകൂലി നിത്യോപയോഗവസ്തുക്കളുള്‍പ്പെടെ പന്ത്രണ്ടിനങ്ങള്‍ക്കു പത്ത് ശതമാനം വര്‍ധിപ്പിച്ചിരിക്കുന്നത് ജനങ്ങളുടെ സാമ്പത്തികഭാരം വര്‍ധിപ്പിക്കും, വിലക്കയറ്റവും ഉണ്ടാക്കും. കേരളം നിരന്തരമായി ആവശ്യപ്പെട്ടുപോന്ന സോണ്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തെല്ലും പരിഗണിക്കപ്പെട്ടിട്ടില്ല. വര്‍ധിച്ചുവരുന്ന യാത്രക്കാരുടെ ആവശ്യം കണക്കിലെടുത്ത് പുതിയ ട്രെയിനുകളും പ്രഖ്യാപിച്ചിട്ടില്ലെന്ന് സുധീരന്‍ ചൂണ്ടിക്കാട്ടി.