120 ദിവസം മുമ്പേ ബുക്ക് ചെയ്യാം

Posted on: February 27, 2015 5:40 am | Last updated: February 26, 2015 at 11:51 pm

ന്യൂഡല്‍ഹി: ഇനി മുതല്‍ 120 ദിവസം മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കും. സുരേഷ് പ്രഭു അവതരിപ്പിച്ച ബജറ്റില്‍ നടത്തിയ പ്രഖ്യാപനം യാത്രക്കാര്‍ ഏറെ ആശ്വാസകരമായാണ് കാണുന്നത്. നിലവില്‍ 60 ദിവസം മുമ്പ് മാത്രമെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കൂ. നേരത്തേ അത് നാല് മാസമായിരുന്നെങ്കിലും ടിക്കറ്റ് കരിഞ്ചന്തയില്‍ വില്‍ക്കുന്നതടക്കമുള്ള പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി വെട്ടിക്കുറക്കുകയായിരുന്നു.
റിസര്‍വേഷനില്ലാതെ സാധാരണ ടിക്കറ്റെടുത്ത് യാത്രചെയ്യുന്നവര്‍ക്ക് അഞ്ച് മിനുട്ടിനുള്ളില്‍ ടിക്കറ്റ് ലഭ്യമാക്കാന്‍ സൗകര്യമൊരുക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ‘ഓപ്പറേഷന്‍ 5 മിനുട്ട്‌സ്’ എന്നാണ് ഇതിനെ റെയില്‍മന്ത്രി വിശേഷിപ്പിച്ചത്. ബഹുഭാഷാ ഇ ടിക്കറ്റ് പോര്‍ട്ടല്‍ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ടിക്കറ്റിംഗ് വേഗത്തിലും എളുപ്പത്തിലും സാധ്യമാക്കുകയാണ് ഈ പരിഷ്താരങ്ങളുടെയെല്ലാം ലക്ഷ്യം. യാത്രക്കാര്‍ക്ക് ഓണ്‍ലൈനിലൂടെ ഇഷ്ടമുള്ള ഭക്ഷണം തിരഞ്ഞെടുക്കാന്‍ സഹായിക്കുന്ന ഇ കാറ്ററിംഗ് സംവിധാനം കൂടുതല്‍ തീവണ്ടികളിലേക്ക് വ്യാപിപ്പിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്. തീവണ്ടികള്‍ വരുന്ന സമയവും പുറപ്പെടുന്ന സമയവും വ്യക്തമാക്കുന്ന എസ് എം എസ് സംവിധാനം ഏര്‍പ്പെടുത്തും. യാത്രക്കാരുടെ പരാതികള്‍ പറയാന്‍ 24 മണിക്കൂറും ഹെല്‍പ്പ് ലൈന്‍ (നമ്പര്‍ 138) എര്‍പ്പെടുത്തുമെന്നും റെയില്‍വേ മന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു. ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ബെഡ് ഷീറ്റുകള്‍ ബുക്ക് ചെയ്യാന്‍ ഐ ആര്‍ ടി സിയില്‍ സൗകര്യമൊരുക്കും. രോഗികള്‍ക്കും മറ്റും വീല്‍ ചെയറും ബുക്ക് ചെയ്യാം.