രൂപരേഖയില്ലാത്തത്: പ്രതിപക്ഷം

Posted on: February 27, 2015 5:44 am | Last updated: February 26, 2015 at 11:44 pm

ചെന്നൈ: എന്‍ ഡി എ സര്‍ക്കാര്‍ അവതരിപ്പിച്ച റെയില്‍വേ ബജറ്റ് ദീര്‍ഘ വീക്ഷണമില്ലാത്തതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ രൂപരേഖയില്ലാത്ത ബജറ്റാണിതെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. സ്വപ്നങ്ങള്‍ നെയ്യുന്ന ബജറ്റാണിതെന്ന് ലോക്‌സഭയിലെ കോണ്‍ഗസ് നേതാവ് മല്ലികാര്‍ജുന ഗാര്‍ഖെയും ടി എം സിയിലെ ദിനേഷ് ത്രിവേദിയും കുറ്റപ്പെടുത്തി.
പഞ്ചസാരയില്‍ പൊതിഞ്ഞ വാക്കുകളായിരുന്നു ബജറ്റ് പ്രസംഗം. ലക്ഷ്യം നേടുന്നതിനുള്ള യാതൊരു പദ്ധതികളും ബജറ്റിലില്ല. പൊതുസ്വകാര്യ പങ്കാളിത്തവും ബി ഒ ടി കരാറുകളും ലഭിക്കുമെന്നാണ് മന്ത്രി പറയുന്നത്. മറ്റുള്ളവരെ ആശ്രയിക്കുമ്പോള്‍ ഉദ്ദേശിച്ച ലക്ഷ്യം ലഭിക്കില്ലെന്നും ഖാര്‍ഗെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഞാന്‍ ചന്ദ്രനില്‍ പോകുമെന്ന് പറയുന്നത് പോലെയാണ് ബജറ്റെന്ന് ജനാര്‍ദന്‍ ത്രിവേദി പറഞ്ഞു. എന്നാല്‍ എങ്ങനെ ചന്ദ്രനിലെത്തുമെന്ന് പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ബജറ്റ് ശൂന്യമാണെന്നും നിരാശപ്പെടുത്തുന്നതുമാണെന്ന് മുതിര്‍ന്ന ബി ജെ ഡി നേതാവ് തത്തഗദ സത്പദി ആരോപിച്ചു. പത്തില്‍ രണ്ട് മാര്‍ക്ക് മാത്രമേ താന്‍ ബജറ്റിന് നല്‍കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
ബജറ്റിന് താന്‍ പത്തില്‍ പൂജ്യം മാത്രമാണ് നല്‍കുകയെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ റെയില്‍വേ മന്ത്രിയുമായ എം വീരപ്പ മൊയ്‌ലി പറഞ്ഞു. 2013 ലെ ബജറ്റ് രേഖകളുടെ തനിപ്പകര്‍പ്പാണിതെന്ന് അദ്ദേഹം വിമര്‍ശിച്ചു.