Connect with us

National

ഒറ്റ രാത്രി കൊണ്ട് ഡല്‍ഹിയില്‍ നിന്ന് മുംബൈയിലെത്താം

Published

|

Last Updated

ന്യൂഡല്‍ഹി: യാത്രാ സമയം കുറക്കുന്നതിന്റെ ഭാഗമായി മെട്രോ നഗരങ്ങളെ ബന്ധിപ്പിക്കുന്ന തിരഞ്ഞെടുത്ത ഒമ്പത് റെയില്‍വേ പാതകളില്‍ ട്രെയിനുകളുടെ വേഗം വര്‍ധിപ്പിക്കും. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വരെ വേഗം കൂട്ടാനാണ് മന്ത്രി സുരേഷ് പ്രഭു ബജറ്റില്‍ നിര്‍ദേശിച്ചിട്ടുള്ളത്. നിലവില്‍ മണിക്കൂറില്‍ 110 ഉം 130 ഉം കിലോമീറ്റര്‍ വരെ വേഗത്തില്‍ ഓടുന്ന ട്രെയിനുകളുടെ വേഗം 160ഉം 200ഉം കിലോമീറ്റര്‍/മണിക്കൂര്‍ ആക്കി ഉയര്‍ത്തും. ഇത് സാധ്യമാകുന്നതോടെ ഡല്‍ഹി- കൊല്‍ക്കത്ത, ഡല്‍ഹി- മുംബൈ യാത്രകള്‍ ഒറ്റരാത്രി കൊണ്ട് പൂര്‍ത്തിയാക്കാനാകും.
ഇതിനായി പാതകളുടെ നവീകരണവും മറ്റ് നൂതന രീതികളും അവലംബിക്കേണ്ടതുണ്ടെന്നും മന്ത്രി ബജറ്റ് പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു. മുംബൈക്കും അഹമ്മദാബാദിനുമിടയില്‍ അതിവേഗ ട്രെയിന്‍ (ബുള്ളറ്റ് ട്രെയിന്‍) ഓടിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരും. ഇതിനായുള്ള സാധ്യതാ പഠനം പുരോഗമിക്കുകയാണ്. ഈ വര്‍ഷം പകുതിയോടെ പൂര്‍ത്തിയാകും എന്നാണ് പ്രതീക്ഷിക്കുന്നത്. റിപ്പോര്‍ട്ട് കിട്ടുന്ന മുറക്ക് ഉചിതവും യുദ്ധകാലാടിസ്ഥാനത്തിലുമുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളും.
മറ്റൊരു പ്രഖ്യാപിത അതിവേഗ പാതയായ ഡയമണ്ട്- ചതുര്‍ഭുജ പാത സംബന്ധിച്ചും പഠനം പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. നിറഞ്ഞതും അല്ലാത്തതുമായ ചരക്ക് ട്രെയിനുകളുടെ ശരാശരി വേഗം കൂട്ടുമെന്നും ബജറ്റ് നിര്‍ദേശമുണ്ട്. ഒഴിഞ്ഞ ചരക്കുവണ്ടികളുടെ ശരാശരി വേഗം 100 കിലോമീറ്റര്‍/മണിക്കൂറും ചരക്ക് നിറച്ച് ട്രെയിനുകളുടെ വേഗം മണിക്കൂറില്‍ 75 കിലോമീറ്ററും ആക്കി ഉയര്‍ത്താനാണ് തീരുമാനം.