Connect with us

Editorial

അത്രയും ആശ്വാസം

Published

|

Last Updated

മന്ത്രി സുരേഷ് പ്രഭു അവതരിപ്പിച്ച നരേന്ദ്ര മോദി സര്‍ക്കാറിന്റെ ആദ്യ സമ്പൂര്‍ണ റെയില്‍വേ ബജറ്റ് ഒരര്‍ഥത്തില്‍ പ്രതീക്ഷാ നിര്‍ഭരമാണ്. സ്വയംപര്യാപ്തതയുടെയും ആധുനീകരണത്തിന്റെയും നിരവധി സാധ്യതകള്‍ അത് തേടുന്നുണ്ട്. എന്നാല്‍, കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ഈ ഘട്ടത്തില്‍ വിഭവ സമാഹരണത്തിന് സര്‍ക്കാര്‍ സ്വീകരിക്കാന്‍ പോകുന്ന വഴികള്‍ പ്രത്യാശാ നിര്‍ഭരമല്ല. യാത്രാക്കൂലി കൂട്ടിയില്ലെന്നത് സാധാരണ ജനങ്ങള്‍ക്ക് ഏറെ സന്തോഷം പകരുന്നതാണ്. രാഷ്ട്രീയ സമ്മര്‍ദത്തിന്റെ പുറത്താണ് ആ തീരുമാനം സുരേഷ് പ്രഭു കൈക്കൊണ്ടതെന്ന് ഉറപ്പാണ്. റെയില്‍വേയുടെ ഭൂമിയും സംവിധാനങ്ങളും സ്വകാര്യ മേഖലക്ക് വിട്ടുകൊടുത്തും വിദേശ നിക്ഷേപം സ്വീകരിച്ചും നടക്കുന്ന വിഭവ സമാഹരണം ഈ സ്ഥാപനത്തെ എവിടെയെത്തിക്കുമെന്ന ചോദ്യം ശക്തമായി ഉയരും. അപ്പോള്‍ പറഞ്ഞുനില്‍ക്കാന്‍ സര്‍ക്കാറിനുള്ള താത്കാലിക മറുപടിയാകും യാത്രാക്കൂലി കൂട്ടിയില്ല എന്നത്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സംരംഭം എന്ന ഖ്യാതി അസ്തമിക്കുന്നതിന്റെ കൃത്യമായ സൂചന നല്‍കുന്നുണ്ട് ഈ ബജറ്റ്.
12 ഇനങ്ങള്‍ക്ക് ചരക്ക് കൂലി കൂട്ടിയിട്ടുണ്ട് റെയില്‍വേ മന്ത്രി. സിമന്റ്, മണ്ണെണ്ണ ,രാസവളം, ഭക്ഷ്യധാന്യങ്ങള്‍ തുടങ്ങി ചരക്ക് നീക്കത്തിന് റെയില്‍വേയെ മാത്രം ആശ്രയിക്കുന്ന ഇനങ്ങള്‍ക്കാണ് നിരക്ക് കൂട്ടിയത് എന്നത് വലിയ ആഘാതമാകും ഉണ്ടാക്കുക. മൊത്തം ചരക്ക് കൂലി വര്‍ധനവ് 10 ശതമാനം വരെയായിരിക്കും. ഇത് വിലക്കയറ്റത്തിന് വഴിവെക്കുമെന്നും നിര്‍മാണ മേഖലയിലടക്കം മുരടിപ്പിന് വഴിവെക്കുമെന്നുമുറപ്പാണ്. പുതിയ ട്രെയിനുകളോ പദ്ധതികളോ ഇല്ലാത്തത് ബജറ്റിന്റെ വെളിച്ചം കെടുത്തിയെന്ന് പറയാതെ വയ്യ. പുതിയ പാതകളുമില്ല. നവീകരണവും സാങ്കേതിക മുന്നേറ്റവും ലക്ഷ്യമിടുമ്പോഴും വിപുലീകരണത്തെ പാടേ അവഗണിച്ചുകൊണ്ട് മുന്നോട്ട് പോകുന്നത് ഭൂഷണമാകില്ല. കാരണം, ട്രെയിന്‍ യാത്രക്കാരുടെ എണ്ണം കുടുകയാണെന്നും വികസനത്തിന്റെ ഈ നാഡീബന്ധം ഇനിയും ചെന്നെത്താത്ത ഇടങ്ങള്‍ നിരവധിയുണ്ടെന്നും കണക്കിലെടുക്കുമ്പോള്‍ ഈ വിമര്‍ശം ഏറെ പ്രസക്തമാകുന്നു. ബജറ്റ് സമ്മേളനം അവസാനിപ്പിക്കുന്നതിന് മുമ്പുതന്നെ പുതിയ ട്രെയിന്‍ സംബന്ധിച്ച വിശദാംശങ്ങള്‍ മുന്നോട്ട് വെക്കുമെന്ന മന്ത്രിയുടെ വാക്കുകളില്‍ പ്രതീക്ഷയര്‍പ്പിക്കുക മാത്രമേ വഴിയുള്ളൂ.
കേരളത്തിന് വട്ടപ്പൂജ്യം എന്ന മുന്നനുഭവങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് ഇത്തവണത്തേത് എന്ന് മാത്രമേ പറയാനാകൂ. കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് പത്ത് ലക്ഷം രൂപ അനുവദിക്കുക വഴി ആ പദ്ധതിയെ സ്പര്‍ശിച്ച് പോകാന്‍ റെയില്‍വേ മന്ത്രി സന്‍മനസ്സ് കാണിച്ചു. തിരുന്നാവായ -ഗുരുവായൂര്‍ പാത, അങ്കമാലി- ശബരി പാതകള്‍ക്ക് ടോക്കണ്‍ തുക വെച്ചിട്ടുണ്ട്. കേരളത്തിലെ പാത ഇരട്ടിപ്പിക്കല്‍ പ്രവൃത്തിക്ക് ഗതിവേഗം പകരാന്‍ റെയില്‍വേ മന്ത്രാലയം ഇനിയും വേണ്ടത്ര ജാഗ്രത കാണിക്കുന്നില്ല എന്നത് ദൗര്‍ഭാഗ്യകരമാണ്. സത്യത്തില്‍ പാത ഇരട്ടിപ്പിക്കല്‍ യാത്രക്കാരേക്കാള്‍ അനിവാര്യമായിട്ടുള്ളത് റെയില്‍വേ അധികൃതര്‍ക്ക് തന്നെയാണ്. എന്നിട്ടും ഇരട്ടിപ്പിക്കല്‍ ജോലി ഇഴയുകയാണ്. കേരളത്തില്‍ ദൂരം പ്രതി യാത്രക്കാരുടെ എണ്ണം വളരെ കൂടുതലാണ്. ഉള്ളവര്‍ കൃത്യമായി ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്നു. എന്നിട്ടും പുതിയ ട്രെയിന്‍ അനുവദിക്കാതെ, പുതിയ പാതകള്‍ നല്‍കാതെ തഴയുന്നതിന്റെ “രാഷ്ട്രീയം” ഈ ബജറ്റിലും ആവര്‍ത്തിച്ചിരിക്കുന്നു.
റെയില്‍വേ അനുഭവിക്കുന്ന ബലഹീനതകളേയും പ്രശ്‌നങ്ങളേയും അഭിസംബോധന ചെയ്യാന്‍ മന്ത്രി ശ്രമിച്ചിട്ടുണ്ട്. വേഗം, ശുചിത്വം, സുരക്ഷ, ഉപഭോക്തൃ സേവനം, ആധുനീകരണം തുടങ്ങിയ മേഖലകളിലെല്ലാം ഇന്ത്യന്‍ റെയില്‍വേക്ക് ഏറെ മുന്നോട്ട് പോകാനുണ്ടെന്ന സത്യം അദ്ദേഹം തിരിച്ചറിയുന്നു. പുതിയ കാലത്തിന്റെ സങ്കേതങ്ങളെ റെയില്‍വേയുമായി കൂട്ടിയിണക്കണമെന്ന നിശ്ചയദാര്‍ഢ്യമാണ് ടിക്കറ്റ് ബുക്കിംഗ് മുതലുള്ള സര്‍വ മേഖലയിലും ഏറ്റവും പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുമെന്ന പ്രഖ്യാപനം ഉയര്‍ത്തിപ്പിടിക്കുന്നത്. റയില്‍വേയുടെ എല്ലാ സേവനങ്ങള്‍ക്കുമായി സമഗ്രമായ ബഹുഭാഷാ വെബ്‌സൈറ്റ് , പരാതികള്‍ രേഖപ്പെടുത്താന്‍ പ്രത്യേക മൊബൈല്‍ ആപ്പ്, സ്മാര്‍ട്ട് ഫോണ്‍ വഴി ടിക്കറ്റ് ബുക്കിംഗ്, ബി സ്റ്റേഷനുകളിലും വൈ ഫൈ സൗകര്യം, ജനറല്‍ കമ്പാര്‍ട്ട്‌മെന്റുകളിലും മൊബൈല്‍ റീ ചാര്‍ജ് സംവിധാനം, ഡെബിറ്റ് കാര്‍ഡുപയോഗിച്ച് ടിക്കറ്റ് എടുക്കാന്‍ വെന്‍ഡിംഗ് മെഷീന്‍, ഭക്ഷണത്തിന് ഇ ബുക്കിംഗ് തുടങ്ങിയവയെല്ലാം പുതിയ കാലത്തെ അടയാളപ്പെടുത്തുന്നവയാണ്. സ്ത്രീ സുരക്ഷക്ക് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കും, ലിഫ്റ്റുകളും എസ്‌കലേറ്ററുകളും കൂടുതലായി സ്ഥാപിക്കും, മുതിര്‍ന്ന പൗരന്‍മാര്‍ക്കും ഗര്‍ഭിണികള്‍ക്കും ലോവര്‍ ബര്‍ത്തുകള്‍ അനുവദിക്കും, ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ തന്നെ വീല്‍ ചെയറുകള്‍ ബുക്ക് ചെയ്യാന്‍ സംവിധാനമൊരുക്കും തുടങ്ങിയ പ്രഖ്യാപനങ്ങള്‍ തികച്ചും അഭിനന്ദനാര്‍ഹമാണ്. ടിക്കറ്റ് ബുക്കിംഗ് കാലാവധി നാല് മാസമായി വര്‍ധിപ്പിച്ചതും യാത്രക്കാര്‍ക്ക് ആശ്വാസകരമാണ്.
അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ മുന്നേറ്റത്തിനായി ഉടനെ നടപ്പാക്കേണ്ട നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 8,56,020 കോടി രൂപയാണ് നീക്കിവെച്ചിട്ടുള്ളത്. വിവിധ സംസ്ഥാനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടങ്ങിയവയുമായി സഹകരിച്ച് ദീര്‍ഘകാല സാമ്പത്തികസാങ്കേതിക സഹായം ഉറപ്പുവരുത്തുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് ബജറ്റില്‍ പ്രഖ്യാപിക്കുന്നു.
റെയില്‍വേ മന്ത്രാലയത്തോട് പരാതി പറയുന്ന സ്ഥിരം വേഷത്തില്‍ നിന്ന് പങ്കാളിയുടെ തലത്തിലേക്ക് ഈ നയം സംസ്ഥാനങ്ങളെ ഉയര്‍ത്തുമെങ്കില്‍ വലിയ മാറ്റത്തിന് ഇത് വഴിയൊരുക്കും. തീരുമാനമെടുക്കുന്നതിലെ കാലതാമസം ഒഴിവാക്കല്‍, ഉദ്യോഗസ്ഥ വിന്യാസം, ആശയവിനിമയശേഷി എന്നിവ മികച്ച രീതിയില്‍ പ്രയോജനപ്പെടുത്തല്‍, പരിശീലനം തുടങ്ങിയവയ്ക്ക് പ്രാധാന്യം നല്‍കുമെന്ന പ്രഖ്യാപനം കടലാസില്‍ ഒതുങ്ങിപ്പോകാതിരുന്നെങ്കില്‍ നന്നായിരുന്നു.

Latest