വിലക്കയറ്റം കൂകിയെത്തും

Posted on: February 27, 2015 5:48 am | Last updated: February 26, 2015 at 10:49 pm

വികസനോന്‍മുഖമെന്നും ആധുനികീകരണത്തിലേക്ക് വാതില്‍ തുറന്നിടുന്നതെന്നും പതിവുകള്‍ തെറ്റിച്ചതെന്നും ആഘോഷിക്കുന്നതിനിടയില്‍ റെയില്‍ വേ ബജറ്റ് വിലക്കയറ്റത്തിനും സ്വകാര്യവത്കരണത്തിനും മേഖലാപരമായ അസന്തുലിതാവസ്ഥക്കും വഴിവെക്കുമെന്ന ആശങ്കകള്‍ ചര്‍ച്ചകളില്‍ വരാതെ പോകുകയാണ്. റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിന്റെ കന്നി ബജറ്റ് 12 അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിനിടയാക്കും. ഭക്ഷ്യധാന്യങ്ങള്‍, സിമന്റ്, കല്‍ക്കരി തുടങ്ങിയവയുടെ വില പത്ത് ശതമാനം കണ്ട് വര്‍ധിക്കുമെന്നാണ് വിലയിരുത്തുന്നത്. ഇവയുടെ ചരക്കുകൂലിയില്‍ 0.8 ശതമാനം മുതല്‍ 10 ശതമാനം വരെ വര്‍ധന വരുത്തിയതാണ് വിപണിയില്‍ ഇവയുടെ വിലക്കയറ്റത്തിനിടയാക്കുക. യൂറിയയുടെ കാര്യത്തിലും പത്ത് ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടാകാന്‍ പോകുന്നത്. ഇത് സര്‍ക്കാറിന്റെ സബ്‌സിഡി ബാധ്യത വര്‍ധിപ്പിക്കും. നിലവില്‍ നല്‍കിക്കൊണ്ടിരിക്കുന്ന 3,000 കോടിക്ക് മേല്‍ 300 കോടി കൂടി സബ്‌സിഡിയിനത്തില്‍ നല്‍കേണ്ടിവരുമെന്ന് ഫെര്‍ട്ടിലൈസര്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ മേധാവി സതീഷ് ചന്ദര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍, ചരക്കുകൂലി വര്‍ധന യൂറിയയുടെ വിലയില്‍ മാറ്റമുണ്ടാക്കില്ലെന്ന് വളം മന്ത്രി ആനന്ദ് കുമാര്‍ വ്യക്തമാക്കുന്നു. ടണ്ണിന് 5,360 രൂപയെന്ന നിരക്കില്‍ത്തന്നെ തുടര്‍ന്നും യൂറിയ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. കര്‍ഷകര്‍ക്കുള്ള യൂറിയക്ക് വിലവര്‍ധനയുണ്ടാകില്ലെന്ന് റെയില്‍വേ സഹമന്ത്രി മനോജ് സിന്‍ഹയും ഉറപ്പ് നല്‍കുന്നു.
കല്‍ക്കരി, ഇരുമ്പ്, ഉരുക്ക്, ഭക്ഷ്യധാന്യങ്ങള്‍, നിലക്കടലയെണ്ണ, എല്‍ പി ജി, മണ്ണെണ്ണ എന്നിവക്ക് 2.7, 6.3, 6.3, 0.8, 10, 2.1, 0.8, 0.8 ശതമാനത്തിന്റെ ചരക്ക് കൂലി വര്‍ധനയാണ് യഥാക്രമം വരുത്തിയിട്ടുള്ളത്. സിമന്റിന്റെ ചരക്ക് കൂലിവര്‍ധന കാരണം 50 കിലോയുടെ ഒരു ചാക്കിന് രണ്ട് മുതല്‍ നാല് വരെ രൂപയുടെ വര്‍ധന വരുത്തേണ്ടിവരുമെന്നാണ് ഡാല്‍മിയ സിമന്റ് ഗ്രൂപ്പിന്റെ സി ഇ ഒ മഹേന്ദ്ര സിംഗി പറയുന്നത്. അതേസമയം, ആവശ്യവും വിതരണവും അടിസ്ഥാനമാക്കി വിലക്കയറ്റത്തെ കുറിച്ച് പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചാക്കൊന്നിന് അഞ്ച് മുതല്‍ പത്ത് വരെ രൂപയുടെ വര്‍ധന വേണ്ടിവരുമെന്നാണ് മറ്റൊരു പ്രമുഖ സിമന്റ് നിര്‍മാണ കമ്പനിയുടെ വിലയിരുത്തല്‍.
അതേസമയം, ഉരുക്ക് നിര്‍മാണ കമ്പനികളില്‍ നിന്ന് ബജറ്റ് നിര്‍ദേശങ്ങളെ കുറിച്ച് സമ്മിശ്ര പ്രതികരണമാണ് ഉണ്ടായിട്ടുള്ളത്. അടുത്ത അഞ്ച് വര്‍ഷത്തേക്ക് 8.5 ലക്ഷം കോടിയുടെ നിക്ഷേപം റെയില്‍ ബജറ്റ് നിര്‍ദേശിക്കുന്നത് കാരണം ഉരുക്ക് വിപണിയില്‍ മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കുമെന്ന് വിലയിരുത്തുമ്പോള്‍ത്തന്നെ ഡീസല്‍ വിലയില്‍ കുറവുണ്ടായിട്ടും ചരക്കുകൂലി വര്‍ധിപ്പിച്ചതിലുള്ള നീരസവും ഉരുക്ക് വ്യവസായികള്‍ മറച്ചുവെക്കുന്നില്ല.
വിഭവ സമാഹരണത്തിനായി സ്വകാര്യ നിക്ഷേപം ക്ഷണിക്കുന്ന റെയില്‍വേ, രാഷ്ട്രം പതിറ്റാണ്ടുകള്‍ കൊണ്ട് പടുത്തുയര്‍ത്തിയ അടിസ്ഥാന സൗകര്യങ്ങള്‍ ഉപയോഗിച്ച് ലാഭം കൊയ്യാന്‍ സ്വകാര്യ മൂലധന ഉടമകള്‍ക്ക് വഴിയൊരുക്കുകയാണ് യഥാര്‍ഥത്തില്‍ ചെയ്യുന്നതെന്ന വിലയിരുത്തലും ശക്തമാണ്. ലാഭ സാധ്യത കണക്കിലെടുത്തുമാത്രമേ സ്വകാര്യ സംരംഭകര്‍ മുതല്‍ മുടക്കുകയുള്ളൂ. അത് തിരിച്ചുപിടിക്കാന്‍ അവര്‍ ശ്രമിക്കുക തന്നെ ചെയ്യും. ഇന്ത്യയില്‍ നടപ്പാക്കിയ മിശ്ര സാമ്പത്തിക ക്രമം തന്നെ പൊതു മുതല്‍മുടക്കില്‍ വികസിച്ചുവന്ന അടിസ്ഥാന സൗകര്യങ്ങള്‍ സ്വകാര്യ മേഖലയുടെ വികാസത്തിന് പാതയൊരുക്കുകയാണ് ചെയ്തത്. റെയില്‍വേയുടെ ഭൂമി അടക്കമുള്ള സ്വത്തുക്കള്‍ വാണിജ്യ ആവശ്യത്തിന് വിനിയോഗിക്കപ്പെടുമ്പോഴും ഈ അപകടം പതിയിരിക്കുന്നുണ്ട്.
പി പി പി മാതൃകയിലുള്ള പദ്ധതികള്‍ അത് മേഖലാപരമായ അസന്തുലിതാവസ്ഥക്ക് കാരണമാകുമെന്നതാണ് മറ്റൊരു പ്രശ്‌നം. ഇതിന്റെ ഏറ്റവും നല്ല ഉദാഹരണം കേരളത്തിലെ കഞ്ചിക്കോട് കോച്ച് ഫാക്ടറിയാണ്. ഇതിന്റെ മുതല്‍മുടക്കിന്റെ നല്ല പങ്ക് സ്വകാര്യ മേഖലയില്‍ നിന്ന് കണ്ടെത്തണം. എന്നാല്‍, ഗുജറാത്ത്, മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇവിടെ അത് ഏറെ ദുഷ്‌കരമാണ്. സംസ്ഥാനം നിക്ഷേപക സൗഹൃദമാകാത്തതിനാണ് പഴി മുഴുവന്‍. എന്താണ് ഈ നിക്ഷേപക സൗഹൃദമെന്ന ചോദ്യം ഇവിടെ പ്രസക്തമാകുന്നു.