Connect with us

International

'മൂന്ന് രക്ഷിതാക്കളില്‍ നിന്ന് ഒരു സന്താനം' പദ്ധതി അടുത്ത വര്‍ഷത്തോടെ ബ്രിട്ടനില്‍ യാഥാര്‍ഥ്യമാകും

Published

|

Last Updated

ലണ്ടന്‍: “മൂന്ന് രക്ഷിതാക്കളില്‍ നിന്ന് ഒരു സന്താനം” പദ്ധതി ബ്രിട്ടനില്‍ 2016ല്‍ യാഥാര്‍ഥ്യമാകും. മൂന്ന് പേര്‍ക്ക് ഒരു സന്താനത്തെ ഉത്പാദിപ്പിക്കുന്നത് സംബന്ധിച്ച നിയമം ബ്രിട്ടന്‍ അംഗീകരിച്ചതോടെയാണ് 2016ല്‍ തന്നെ ഈ പദ്ധതി ലക്ഷ്യം കാണുമെന്ന് വ്യക്തമായിരിക്കുന്നത്. ബ്രിട്ടനിലെ പ്രഭുസഭ ഈ പദ്ധതിക്ക് പിന്തുണ അറിയിച്ചു. 48 വോട്ടുകള്‍ക്കെതിരെ 280 വോട്ടുകള്‍ നേടിയാണ് സഭ ഇതിനെ പിന്താങ്ങിയത്. ജനപ്രതിനിധി സഭ നേരത്തെ തന്നെ ഇതിനെ അംഗീകരിച്ചിരുന്നു. അന്ന് 382 എം പിമാര്‍ ഇതിനെ അനുകൂലിക്കുകയും 128 പേര്‍ എതിര്‍ക്കുകയും ചെയ്തിരുന്നു. മാതാവില്‍ നിന്ന് മക്കളിലേക്ക് ജനിതക രോഗങ്ങള്‍ പകരുന്നത് ഇതുവഴി തടയാനാകുമെന്നാണ് ശാസ്ത്രലോകത്തിന്റെ വാദം. ഭാര്യക്ക് ജനിതകമായ എന്തെങ്കിലും അസുഖമുണ്ടെങ്കില്‍ മറ്റൊരു സ്ത്രീയില്‍ നിന്ന് ശരീരത്തിലെ സെല്ലുകള്‍ക്ക് ഊര്‍ജം നല്‍കുന്ന മിറ്റോകോണ്‍ട്രിയ എന്ന ഘടകത്തെ സ്വീകരിക്കുകയാണ് ഈ രീതിയില്‍ ചെയ്യുന്നത്. കാര്‍ ബാറ്ററികള്‍ പരസ്പരം മാറ്റുന്നത് പോലെ മാത്രമാണ് ഈ പ്രവര്‍ത്തനമെന്ന് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. ദമ്പതികള്‍ക്ക് അസുഖങ്ങളില്ലാത്ത, ആരോഗ്യവാനായ കുട്ടിയെ ലഭിക്കുന്നത് നിഷേധിക്കുന്നത് ക്രൂരമാണെന്നാണ് ഇതിനെ അനുകൂലിക്കുന്നവര്‍ പറയുന്നത്. ലോകവ്യാപകമായി ഈ രീതി നിയമവിരുദ്ധമാണ്.