യുവാക്കള്‍ രാജ്യത്തിന്റെയും മതത്തിന്റെയും മുതല്‍ക്കൂട്ട്: കാന്തപുരം

Posted on: February 27, 2015 6:00 am | Last updated: February 26, 2015 at 11:18 pm
Usthadu
എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി നടന്ന സ്വഫ്‌വ സമ്മേളനം കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു

താജുല്‍ ഉലമാ നഗര്‍: യുവാക്കള്‍ രാജ്യത്തിന്റെയും മതത്തിന്റെയും മുതല്‍ക്കൂട്ടാണെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. എസ് വൈ എസ് അറുപതാം വാര്‍ഷിക ഉപഹാരമായ ഇരുപത്തയ്യായിരം സ്വഫ്‌വ വളണ്ടിയര്‍മാരെ നാടിന് സമര്‍പ്പിച്ച ശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
യുവാക്കള്‍ക്ക് നാടിന്റെ നന്‍മക്ക് വേണ്ടി ചെയ്യാന്‍ നിരവധി പ്രവര്‍ത്തനങ്ങളുണ്ട്. എസ് വൈ എസ് കഴിഞ്ഞ അറുപത് വര്‍ഷമായി സാമൂഹിക സേവന പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെട്ടുകൊണ്ടിരിക്കുന്ന പ്രസ്ഥാനമാണ്.
ഇത്രയും വലിയ സേവന പ്രവര്‍ത്തനങ്ങള്‍ ചെയ്ത പ്രസ്ഥാനം രാജ്യത്ത് വേറെയില്ല. അടുത്ത പത്ത് വര്‍ഷത്തേക്ക് എസ് വൈ എസ് കര്‍മ പദ്ധതി തയ്യാറാക്കിയതായും അദ്ദേഹം പറഞ്ഞു.
വിവിധ മത വിശ്വാസികള്‍ ജീവിക്കുന്ന രാജ്യത്ത് എല്ലാവര്‍ക്കും സേവനം ചെയ്യാന്‍ പ്രതിജ്ഞാബദ്ധരാണ് സ്വഫ്‌വ അംഗങ്ങള്‍. ഭൗതികതയുടെ അതിപ്രസരത്തില്‍ നിന്ന് ഹൃദയത്തെയും ശരീരത്തെയും മോചിപ്പിച്ച് സേവന സന്നദ്ധരായി മാറാന്‍ തയ്യാറാകണം.
അസൂയവെക്കാതെ സമാധാനത്തോടെ ജീവിക്കുന്ന മനുഷ്യര്‍ വിജയിച്ചുവെന്ന ഖുര്‍ആന്‍ അധ്യാപനം പാഠമാകണമെന്നും അദ്ദേഹം പറഞ്ഞു.