Connect with us

Kerala

കരുത്തിന്റെ യൗവ്വനം ചുവടുവെച്ചു; സ്വഫ്‌വ നാടിന് സ്വന്തം

Published

|

Last Updated

താജുല്‍ ഉലമാ നഗര്‍: രണധീരരുടെ ചെഞ്ചോര വീണ മണ്ണില്‍ നെഞ്ചുറപ്പോടെ സ്വഫ്‌വ ചുവടുവെച്ചു. വിപ്ലവത്തിന്റെ കനല്‍ വീഴ്ത്തിയ റാലിക്കൊടുവില്‍ ഈ സാര്‍ഥവാഹക സംഘത്തെ നാടിന് സമര്‍പ്പിച്ചു. സംഘചേതനയുടെ കരുത്തും സൗന്ദര്യവും സംഗമിച്ച സായാഹ്നത്തില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരാണ് സ്വഫ്‌വ സമര്‍പ്പണം നടത്തിയത്. നാല് നാള്‍ താജുല്‍ ഉലമാ നഗറില്‍ നടക്കുന്ന എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനം കഴിഞ്ഞാല്‍ നാടിന്റെ തുടിപ്പിനൊപ്പമാകും സ്വഫ്‌വ സംഘത്തിന്റെ സഞ്ചാരം. പ്രത്യേക വേഷം ധരിച്ച് ത്രിവര്‍ണപതാക കൈകളില്‍ പിടിച്ച് നീങ്ങിയ കര്‍മസേന കോട്ടക്കലിന്റെ ഹൃദയം കവര്‍ന്നാണ് താജുല്‍ ഉലമാ നഗറിലെത്തിയത്.

ദേശീയപാത പറമ്പിലങ്ങാടിയില്‍ നിന്ന് തുടങ്ങിയ റാലി കരുത്തിന്റെ കൊടിയടയാളമായി. അടുക്കും ചിട്ടയും തന്നെയായിരുന്നു റാലിയുടെ ആകര്‍ഷണം. സാംസ്‌കാരികാപചയങ്ങള്‍ക്കെതിരെ ചെറുത്തുനില്‍പ്പിനുള്ള ആഹ്വാനം മുദ്രാവാക്യങ്ങളായി റാലിയില്‍ മുഴങ്ങി. പതിനഞ്ച് ജില്ലാ ചീഫുമാരായിരുന്നു റാലിയുടെ മുന്‍നിരയില്‍. തൊട്ടുപിന്നിലായി 125 സോണ്‍ ചീഫുമാര്‍ അണിനിരന്നു. എസ് വൈ എസ് സംഘടിപ്പിച്ച ഹൈവേ മാര്‍ച്ചിന് നേതൃത്വം നല്‍കിയ 33 അംഗ പ്രത്യേക സംഘം ഇതിന് പിന്നിലായി ചുവടുവെച്ചു. ഇവര്‍ക്ക് പിന്നിലായിരുന്നു കാല്‍ ലക്ഷം പേരടങ്ങുന്ന സ്വഫ്‌വ സംഘത്തിന്റെ റാലി.
ചങ്കുവെട്ടി വഴി എടരിക്കോട് ജംഗ്ഷനില്‍ നിന്ന് തിരൂര്‍ റോഡ് വഴി താജുല്‍ ഉലമ നഗരിയിലെത്തിയ റാലി സമ്മേളന നഗരിയില്‍ തയ്യാറാക്കിയ 60 കൊടി മരങ്ങള്‍ക്ക് അഭിമുഖമായി നിന്നു. സ്വഫ്‌വ സംഘത്തിന്റെ അഭിവാദ്യം സ്വീകരിച്ച ശേഷം കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നേരിന്റെ പക്ഷത്ത് നെഞ്ചുറപ്പോടെ നില്‍ക്കുമെന്ന് അംഗങ്ങള്‍ പ്രതിജ്ഞയെടുത്തു.
രാജ്യത്തിന്റെ ഭാവി യുവാക്കളുടെ കരങ്ങളിലാണെന്നും ഈ സന്നദ്ധസേനയെ നാടിന് സമര്‍പ്പിക്കാന്‍ കഴിഞ്ഞതില്‍ എസ് വൈ എസ് അഭിമാനിക്കുന്നതായും സ്വഫ്‌വ സംഘത്തെ സമര്‍പ്പിച്ച ശേഷം കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. ഏത് സംഘടനകളുടെയും നിലനില്‍പ്പ് യുവാക്കളിലാണ്. രാജ്യത്തിന് ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാന്‍ യുവാക്കള്‍ക്ക് കഴിയും.
സേവന സന്നദ്ധതയാണ് പ്രതിജ്ഞയിലൂടെ സ്വഫ്‌വ അംഗങ്ങള്‍ വ്യക്തമാക്കിയത്. ആരോഗ്യവും സമയവും പ്രവര്‍ത്തനവും നന്മയുടെ മാര്‍ഗത്തിലായിരിക്കുമെന്ന പ്രതിജ്ഞയാണിത്. നാനജാതിമതസ്ഥര്‍ ഒരുമയുടെ കഴിയുന്ന ഈ രാജ്യത്ത് എല്ലാവര്‍ക്കും ഗുണം ചെയ്യാന്‍ പ്രതിജ്ഞാബദ്ധരാണെന്ന പ്രതിജ്ഞയാണ് എടുത്തിരിക്കുന്നതെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു. പതിനാല് ജില്ലകളില്‍ നിന്നും തമിഴ്‌നാട്ടിലെ നീലഗിരിയില്‍ നിന്നുമായി തിരഞ്ഞെടുക്കപ്പെട്ട് പ്രത്യേകം പരിശീലനം നല്‍കിയതാണ് എസ് വൈ എസിന്റെ സ്വഫ്‌വ സംഘം.

Latest