Connect with us

Gulf

ഇലക്ട്രിക് കാര്‍ ചാര്‍ജിംഗ് സ്‌റ്റേഷന്‍ ഉദ്ഘാടനം ചെയ്തു

Published

|

Last Updated

ഇലക്ട്രിക് കാര്‍ ചാര്‍ജിംഗ് സ്‌റ്റേഷന്‍ ദുബൈ എയര്‍പോര്‍ട്ടിന്റെയും ദുബൈ സുപ്രിം കൗണ്‍സില്‍ ഓഫ് എനര്‍ജിയുടെയും ചെയര്‍മാനായ ശൈഖ് അഹ്മദ് ബിന്‍ സഈദ് അല്‍ മക്തൂം ഉദ്ഘാടനം ചെയ്യുന്നു.

ദുബൈ; ഇലട്രിക് കാറുകള്‍ ചാര്‍ജ് ചെയ്യാനുള്ള ആദ്യ ഇലക്ട്രിക്കല്‍ വെഹിക്കിള്‍സ്(ഇ വി) സ്‌റ്റേഷന്‍ ദുബൈയില്‍ ഉദ്ഘാടനം ചെയ്തു. ദുബൈ എയര്‍പോര്‍ട്ടിന്റെയും ദുബൈ സുപ്രിം കൗണ്‍സില്‍ ഓഫ് എനര്‍ജിയുടെയും ചെയര്‍മാനായ ശൈഖ് അഹ്മദ് ബിന്‍ സഈദ് അല്‍ മക്തൂമാണ് ദിവ(ദുബൈ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി) ആസ്ഥാനത്ത് സ്‌റ്റേഷന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ദിവ എം ഡിയും സി ഇ ഒയുമായ സഈദ് മുഹമ്മദ് അല്‍ തായറിന്റെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം.

ദുബൈയില്‍ ഉടന്‍ 16 ഇ വി സ്റ്റേഷനുകള്‍ കൂടി തുറക്കും. ദുബൈ നഗരത്തെ സ്മാര്‍ട്ടാക്കി മാറ്റാനുള്ള മൂന്നിന പരിപാടിയുടെ ഭാഗമാണിത്. ഓരോ സ്‌റ്റേഷനിലും രണ്ടു കാറുകള്‍ക്ക് ഒരേ സമയം ചാര്‍ജ് ചെയ്യാന്‍ സൗകര്യം ഒരുക്കും. ദുബൈയിലെ വിവിധ ദിവ ഓഫീസുകളോട് ചേര്‍ന്നും ദുബൈ സിലിക്കോണ്‍ ഒയാസിസിലുമാവും ഇവ സ്ഥാപിക്കുക.
ഒരു ഹൈബ്രിഡ് കാറും രണ്ട് ഇലട്രിക് കാറും ഉദ്ഘാടനത്തോടനുബന്ധിച്ച് ചാര്‍ജ് ചെയ്തു. ഈ വര്‍ഷം അവസാനിക്കുന്നതിന് മുമ്പായി ഇത്തരത്തിലുള്ള 100 ഇ വി സ്‌റ്റേഷനുകള്‍ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. ദിവ ആര്‍ ടി എയുമായും ജല-പരിസ്ഥിതി മന്ത്രാലയവുമായും കൈകോര്‍ത്താണ് പദ്ധതി നടപ്പാക്കുന്നത്. കാര്‍ റീ ചാര്‍ജ് സ്റ്റേഷനുമായി ബന്ധപ്പെട്ട് ദുബൈ സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുമായി ചര്‍ച്ചകള്‍ നടന്നുവരികയാണെന്ന് പദ്ധതിയുടെ ഭാഗമായി ഇലട്രിക് കാര്‍ ലഭ്യമാക്കുന്ന കമ്പനിയായ റിനോള്‍ട്ട് മിഡില്‍ ഈസ്റ്റിന്റെ എം ഡി ഹക്കീം ബുട്ടിഹ്‌റ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ദുബൈ ഡിസൈന്‍ ഡിസ്ട്രിക്ടില്‍ വാഹനം ചാര്‍ജ് ചെയ്യാനായി സ്മാര്‍ട് മീറ്ററുകളും ഗ്രിഡുകളും സ്ഥാപിക്കുന്ന പ്രവര്‍ത്തി ടീകോമിന്റെ നേതൃത്വത്തില്‍ നടന്നുവരികയാണ്. യുറോപ്പിലും മറ്റും സര്‍ക്കാര്‍ മാത്രമല്ല കാര്‍ റീചാര്‍ജിംഗ് സൗകര്യം ഏര്‍പെടുത്തുന്നത്. ഷോപ്പിംഗ് മാളുകളും റസ്റ്റോറന്റുകളും ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ഇത്തരം സംവിധാനം നടപ്പാക്കുന്നുണ്ട്. ഇത് ഭാവിയില്‍ ഇവിടെ പ്രവര്‍ത്തിക്കുന്ന മാള്‍ ഉടമകള്‍ക്കും നടത്തിപ്പുകാര്‍ക്കും പ്രചോദനമാവുമെന്നാണ് കരുതുന്നത്.
ഇലക്ട്രിക് കാറുകള്‍ കടന്നുവരുന്നതോടെ പരിസ്ഥിതി മലിനീകരണം ഏറെ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്തരം കാറുകള്‍ക്ക് അറ്റകുറ്റ പണികള്‍ കൂടുതലായി വരില്ലെന്നതും ആളുകളെ പുതിയ വാഹനത്തിലേക്ക് മാറാന്‍ പ്രേരിപ്പിക്കുമെന്നാണ് ദിവ പ്രതീക്ഷിക്കുന്നത്. സുസ്ഥിരമായ പരിസ്ഥിതിക്കായി പൊതുജനങ്ങളെ ബോധവാന്‍മാരാക്കുക എന്ന ലക്ഷ്യവും ഇ വി സ്‌റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന് പിന്നിലുണ്ട്.
ദുബൈയിലെ മാളുകളും വന്‍കിട റസ്റ്റോറന്റുകളും യൂറോപ്യന്‍ മാതൃക പിന്തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാര്‍ ബാറ്ററികള്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്ന സ്ഥിയുണ്ടാായാല്‍ കൂടുതല്‍ ഉപഭോക്താക്കളെ മാളുകളിലേക്കും ഹോട്ടലുകളിലേക്കും ആകര്‍ഷിക്കുമെന്നാണ് ദിവയുടെ പ്രതീക്ഷ.

---- facebook comment plugin here -----

Latest