ലോകകപ്പില്‍ അഫ്ഗാന് ആദ്യ ജയം

Posted on: February 26, 2015 3:09 pm | Last updated: February 26, 2015 at 11:57 pm

Afghanistan v Scotland - 2015 ICC Cricket World Cupഓവല്‍: ലോകകപ്പില്‍ ആദ്യമായി അഫ്ഗാനിസ്ഥാന് വിജയം. സ്‌കോട്‌ലന്റിനെ ഒരു വിക്കറ്റിനാണ് അഫ്ഗാന്‍ തോല്‍പ്പിച്ചത്. സ്‌കോട്‌ലന്റിന്റെ 210 റണ്‍സ് മൂന്ന് പന്ത് ശേഷിക്കെയാണ് അഫ്ഗാന്‍ മറികടന്നത്. മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവച്ച് കളിയിലെ കേമനായ ഷെമിഉല്ല ഷെന്‍വാരിയാണ് അഫ്ഗാന്റെ വിജയശില്‍പി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ സ്‌കോട്‌ലാന്റ് തരക്കേടില്ലാത്ത സ്‌കോറാണ് സ്വന്തമാക്കിയത്. നിശ്ചിത 50 ഓവറില്‍ 210 റണ്‍സെടുത്ത് എല്ലാവരും പുറത്തായ സ്‌കോട്‌ലന്റ് നിരയില്‍ മാറ്റ് മച്ചന്‍ (31), മജീദ് ഹഖ് (31) എന്നിവരാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. എവന്‍സ് (28), ബെറിങ്ടണ്‍ (25) എന്നിവരും ടീമിന് ഭേദപ്പെട്ട സ്‌കോര്‍ നേടുന്നതിന് സഹായിച്ചു. അഫ്ഗാന് വേണ്ടി ഷപൂര്‍ സദ്രാന്‍ നാല് വിക്കറ്റ് നേടി. ദൗലത്ത് സദ്രാന്‍ മൂന്ന് വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിങിനിറങ്ങിയ അഫ്ഗാന് ലോകകപ്പിലെ ആദ്യ വിജയം സ്വന്തമാക്കാനുള്ള സുവര്‍ണാവസരമായിരുന്നു മത്സരം. ഷെന്‍വാരിയിലൂടെ അവര്‍ അത് നേടുകയും ചെയ്തു. 147 പന്തില്‍ 96 റണ്‍സ് നേടിയ സമിഉല്ല ഷെന്‍വാരി അഫ്ഗാനെ വിജയത്തോട് അടുപ്പിച്ചാണ് മടങ്ങിയത്. ഒരു ഘട്ടത്തില്‍ ഏഴിന് 97 എന്ന നിലയില്‍ പരുങ്ങിയിടത്ത് നിന്നാണ് ഷെന്‍വാരി അഫ്ഗാനെ രക്ഷിച്ചെടുത്തത്. 51 പന്തില്‍ 51 റണ്‍സ് നേടിയ ജാവേദ് അഹ്മദിയും ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. സ്‌കോട്‌ലന്റിനായി ബെറിങ്ടണ്‍ 4 വിക്കറ്റ് വീഴ്ത്തി.