എക്‌സ്‌റേ ഫിലിമില്ല: ജില്ലാ ആശുപത്രിയില്‍ രോഗികള്‍ ദുരിതത്തില്‍

Posted on: February 26, 2015 10:10 am | Last updated: February 26, 2015 at 10:10 am

x-rayമാനന്തവാടി: ജില്ലാ ആശുപത്രിയില്‍ എക്‌സ്‌റേ ഫിലിമില്ലാത്തതിനെ തുടര്‍ന്ന് എക്‌സ്‌റെ യൂണിറ്റിന്റെ പ്രവര്‍ത്തനം നിലച്ചു. ബുധനാഴ്ച ഉച്ചയോടെയാണ് യൂണിറ്റിന്റെ പ്രവര്‍ത്തനം നിലച്ചത്. ഇതോടെ രോഗികള്‍ സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ട അവസ്ഥയായി. എന്‍ ആര്‍ എച്ച് എം മുഖേനയാണ് എക്‌സ്‌റേ ഫിലിമുകള്‍ വിതരണം നടത്തിയിരുന്നത്. ഫിലിമുകളുടെ വിതരണം നലച്ച തോടെയാണ് എക്‌സ്‌റേ യൂണിറ്റിന്റെ പ്രവര്‍ത്തനം നിലച്ചത്.
മാസം 100മുതല്‍ 1200 രോഗികള്‍ വരെ ജില്ലാ ആശുപത്രിയില്‍ എക്‌സ്‌റേ എടുക്കാന്‍ എത്താറുണ്ട്. ജനറല്‍ വിഭാഗത്തിന് 120രൂപയാണ് ചാര്‍ജ്ജ്. ബിപിഎല്‍ വിഭാഗങ്ങള്‍ക്ക് പകുതിയും എസ്‌സി, എസ്ടി വിഭാഗങ്ങള്‍ക്കും ആരോഗ്യ ഇന്‍ഷൂറന്‍സിന്റെ പരിധിയിലുളളവര്‍ക്കും 18 വയസ്സില്‍ താഴെയുള്ളവര്‍ക്കും സൗജന്യവുമാണ്.
സാധാരണയായി ഉപയോഗിക്കാറുള്ള ചെറിയ ഫിലിമുകള്‍ തീര്‍ന്നിട്ട് ഏഴുമാസമായി. യൂണിറ്റിലുണ്ടായിരുന്ന വലിയ ഫിലിമുകള്‍ നാലായി മുറിച്ചാണ് ഇക്കാലമത്രയും ഉപയോഗിച്ചത്. ഈ ഫിലിമുകള്‍ തൗര്‍ന്നതോടെയാണ് പ്രവര്‍ത്തനം പൂര്‍ണ്ണമായി നിലച്ചത്. ജില്ലയില്‍ അപകടമുണ്ടായാല്‍ ആദ്യമെത്തുന്നത് ജില്ലാ ആശുപത്രിയിലാണ്. അവിടെ എത്തിയാല്‍ എക്‌സ്‌റേ എടുക്കാനുള്ള സൗകര്യം പോലുമില്ലെന്നത് ജില്ലയിലെ ആരോഗ്യ മേഖലയോട് സര്‍ക്കാര്‍ പുലര്‍ത്തുന്ന സമീപനത്തിന്റെ ഭാഗമാണ്. ഫിലിം വാങ്ങുന്നതിന് ഇതുവരെ നടപടിയായിട്ടില്ല. എക്‌സ്‌റേ എടുക്കന്നവര്‍ അപ്പോള്‍തന്നെ പണം കൗണ്ടറില്‍ അടക്കാറുണ്ട്. ഇളവ് ലഭിക്കണമെങ്കില്‍ ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കണം. പലപ്പോഴും ഈ രേഖകളില്ലാതെയാണ് രോഗികളെത്താറ്. അവര്‍ പണമടച്ചാണ് എക്‌സ്‌റേ എടുക്കാറുള്ളത്. അതുകൊണ്ടുതന്ന പണമില്ലാത്തതിനാലാണ് ഫിലിം വാങ്ങാതിരിക്കുന്നത് എന്ന് കരുതാന്‍ കഴിയില്ല. എക്‌സ്‌റേ യൂണിറ്റിന്റെ പ്രവര്‍ത്തനം നിലക്കുന്നതില്‍ ജില്ലാ പഞ്ചായത്തും അനകൂല നിലപാടിലാണെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.