Connect with us

Wayanad

കുരങ്ങുപനി മരണം: 10 ലക്ഷം നഷ്ടപരിഹാരം നല്‍കണം

Published

|

Last Updated

കല്‍പ്പറ്റ: കുരങ്ങുപനി ബാധിച്ച് മരിച്ച ആദിവാസികളുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് രോഗബാധിത പ്രദേശം സന്ദര്‍ശിച്ച സിപിഐ എം, എകെഎസ് നേതാക്കള്‍ ആവശ്യപ്പെട്ടു. ദിവസങ്ങളുടെ വ്യത്യാസത്തില്‍ നാലുപേരാണ് മരിച്ചത്. കാട്ടുതീ പ്രതിരോധത്തിനെതിരെ വനംവകുപ്പിന്റെ ഫയര്‍ ലൈന്‍ ജോലി എടുത്തുകൊണ്ടിരിക്കുന്നതിനിടെയാണ് ഇവര്‍ രോഗബാധിതരായത്. എന്നിട്ടും സര്‍ക്കാര്‍ ഇവരുടെ കുടുംബങ്ങളെ അവഗണിച്ചു.
പുല്‍പ്പള്ളി ദേവര്‍ഗദ്ദ കാട്ടുനായ്ക്ക കോളനിയിലെ ഓമന , ചീയമ്പം 73 കോളനിയിലെ മാധവന്‍, കുള്ളന്‍, ബൊമ്മന്‍ എന്നിവരാണ് കുരങ്ങുപനി ബാധിച്ച് മരിച്ചത്. കഴിഞ്ഞ 11നാണ് ആദിവാസി വീട്ടമ്മ ഓമന മരിച്ചത്. കുരങ്ങുപനിയെ തുടര്‍ന്നുള്ള സംസ്ഥാനത്തെ ആദ്യത്തെ മരണമായിരുന്നു ഇത്. ഓമനയുടെ കുടുംബത്തിന് വീട്‌പോലുമില്ല. ബന്ധുവീട്ടിലാണ് കുടുംബാംഗങ്ങള്‍ കഴിയുന്നത്. ഇവരുടെ വീട് നിര്‍മാണം പാതിയില്‍ നിലച്ചിട്ട് വര്‍ഷങ്ങളായി. പോസ്റ്റ്‌മോര്‍ട്ടത്തിന്റെ പേരില്‍ ബൊമ്മന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നാലുദിവസം പിടിച്ചുവെച്ചത് മനുഷ്യത്വരഹിതമാണ്. മൃതദേഹത്തോടുപോലും സര്‍ക്കാര്‍ അനാദരവ് കാണിച്ചു. പുല്‍പ്പള്ളി, പൂതാടി, മുള്ളന്‍കൊല്ലി പ്രദേശങ്ങളില്‍ ഇപ്പോഴും രോഗം പടരുകയാണ്.
കുരങ്ങുപനി ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നാമമാത്രമായ തുകയാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഇത് 10 ലക്ഷമാക്കണം. കടുവാ ആക്രമണത്തിലും കാട്ടാന ആക്രമണങ്ങളിലും കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് നല്‍കുന്ന പരിണഗന കുങ്ങുപനി ബാധിച്ച് മരിച്ചവരുടെ കുടുംബത്തിനും നല്‍കണം.
വനവുമായി ബന്ധപ്പെട്ടാണ് ഇവരും രോഗബാധിതരായത്. ആദിവാസി കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് ജില്ലയില്‍നിന്നുള്ള പട്ടികവര്‍ഗ വകുപ്പ് മന്ത്രിയടക്കം ഇടപെടണം. ചീയമ്പം 73 കോളനിയിലാണ് സിപിഎം, എ കെ എസ് നേതാക്കള്‍ സന്ദര്‍ശനം നടത്തിയത്. സിപിഐ എം ജില്ലാ സെക്രട്ടറി സി കെ ശശീന്ദ്രന്‍, എ കെ എസ് ജില്ലാസെക്രട്ടറി പി വാസുദേവന്‍, പ്രസിഡന്റ് സീത ബാലന്‍, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം പി എസ് ജനാര്‍ദനന്‍, പുല്‍പ്പള്ളി ഏരിയ സെക്രട്ടറി എം എസ് സുരേഷ് ബാബു, ടി ആര്‍ രവി എന്നിവരാണ് കോളനി സന്ദര്‍ശിച്ചത്.

Latest