Connect with us

Wayanad

കെ എസ് ആര്‍ ടി സി ബസുകള്‍ക്കെതിരെ നടപടി സ്വീകരിച്ചതിന് ഉദ്യോഗസ്ഥര്‍ക്ക് സമ്മര്‍ദവും ഭീഷണിയും

Published

|

Last Updated

കല്‍പ്പറ്റ: തേഞ്ഞു തീര്‍ന്ന മൊട്ട ടയറുകളുമായി സര്‍വീസ് നടത്തിയ കെ.എസ് ആര്‍ ടി സി ബസുകള്‍ക്കെതിരേ നടപടി സ്വീകരിച്ചതിന് മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കോര്‍പറേഷന്‍ ഉദ്യോഗസ്ഥരുടെ സമ്മര്‍ദവും ഭീഷണിയും.
ഇന്നലെ ജില്ലയിലുടനീളം ബസുകളില്‍ പരിശോധന നടത്തിയ മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരെയാണ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ കോഴിക്കോട്ടുള്ള ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയത്. ബസിലെ സീറ്റ് സംവരണം സംബന്ധിച്ച കാര്യങ്ങള്‍ പരിശോധിക്കാനായി ഇന്നലെ കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡില്‍ എത്തിയപ്പോഴാണ് ഇവിടെയുണ്ടായിരുന്ന മൂന്ന് കെ.എസ്.ആര്‍.ടി.സി ബസുകളുടെ ടയറുകള്‍ പാടെ തേഞ്ഞു തീര്‍ന്നതായി മോട്ടോര്‍ വാഹനവകുപ്പ് അധികൃതരുടെ ശ്രദ്ധയില്‍ പെട്ടത്. ഈ ബസുകള്‍ സര്‍വീസ് നടത്തുന്നത് വിലക്കി ഉദ്യോഗസ്ഥര്‍ നോട്ടീസ് നല്‍കി. തുടര്‍ന്ന് വൈകീട്ടാണ് കോഴിക്കോട് നിന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വിളി വന്നത്. കെ.എസ്.ആര്‍.ടി.സിക്കെതിരായ നടപടി പിന്‍വലിക്കണമെന്നായിരുന്നു ആവശ്യം.
യാത്രക്കാരുടെ സുരക്ഷാര്‍ത്ഥം നടപടി പിന്‍വലിക്കാന്‍ പറ്റില്ലെന്ന് അറിയിച്ചപ്പോള്‍ വകുപ്പ് മന്ത്രിയെ കാണുമെന്നും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിപ്പിക്കുമെന്നുമായിരുന്നു ഭീഷണി. കോര്‍പറേഷന്റെ ആസ്ഥാനത്തു നിന്ന് ടയര്‍ അയച്ചിട്ടുണ്ടെന്നും അത് എത്താത്തതിനാലാണ് തേഞ്ഞ ടയര്‍ ഇട്ടതെന്നും സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന കെ.എസ്.ആര്‍.ടി.സിയെ നിങ്ങള്‍ ബുദ്ധിമുട്ടിക്കരുതെന്നുമായിരുന്നു കോര്‍പറേഷന്‍ അധികൃതരുടെ നിലപാട്.
കഴിഞ്ഞമാസം മടക്കിമല വളവില്‍ നിന്ന് താഴ്ചയിലേക്ക് മറിഞ്ഞ കെ.എസ്.ആര്‍.ടി.സി. ബസിന്റെ ടയറുകള്‍ തേഞ്ഞു തീര്‍ന്നവയായിരുന്നു. ചാറ്റല്‍ മഴയില്‍ മൊട്ട ടയറുകള്‍ക്ക് റോഡില്‍ പിടുത്തം കിട്ടാതെ വന്നതും അപകടത്തിനു കാരണമായിയെന്ന് നാട്ടുകാര്‍ അഭിപ്രായപ്പെട്ടിരുന്നു.
ബസ് തലകീഴായി മറിഞ്ഞ് ടയറുകള്‍ മുകളില്‍ വന്നപ്പോഴാണ് മൊട്ട ടയറുകള്‍ നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. അന്ന് ഭാഗ്യം കൊണ്ടാണ് വന്‍ ദുരന്തം ഒഴിവായത്. ആ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് യാത്രക്കാരുടെ സുരക്ഷയെ കരുതി ബസുകള്‍ക്കെതിരേ മോട്ടോര്‍ വാഹന വകുപ്പ് നടപടി സ്വീകരിച്ചത്.