Connect with us

Wayanad

സീറ്റ് സംവരണം: മാനദണ്ഡങ്ങള്‍ പാലിക്കാത്ത ബസുകള്‍ക്കെതിരെ നടപടി

Published

|

Last Updated

കല്‍പ്പറ്റ: സീറ്റ് സംവരണം സംബന്ധിച്ച മാനദണ്ഡങ്ങള്‍ പാലിക്കാതെ സര്‍വീസ് നടത്തിയ ബസുകള്‍ക്കെതിരേ മോട്ടോര്‍ വാഹനവകുപ്പിന്റെ നടപടി. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദേശ പ്രകാരം ഇന്നലെ ജില്ലയിലുടനീളം ആര്‍ ടി ഒ സത്യന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
ഇതിനിടെ മോശം ടയറുമായി സര്‍വീസ് നടത്തിയ മൂന്ന് കെ എസ് ആര്‍ ടി സി ബസുകള്‍ക്കെതിരേയും ആര്‍ ടി ഒ നടപടി സ്വീകരിച്ചു. സ്ത്രീകള്‍, മുതിര്‍ന്നവര്‍, വികലാംഗര്‍, അന്ധര്‍ തുടങ്ങിയവര്‍ക്കായി നിശ്ചിത എണ്ണം സീറ്റുകള്‍ ബസില്‍ ഒഴിച്ചിടണമെന്നാണ് നിയമം. മിക്ക ബസുകളിലും ഇത് കൃത്യമായി പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് ലഭിച്ച പരാതിയെ തുടര്‍ന്നാണ് പരിശോധന നടത്തിയത്.
കല്‍പ്പറ്റ, ബത്തേരി, പുല്‍പ്പള്ളി, പനമരം, മാനന്തവാടി എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ നിരവധി ബസുകള്‍ നിയമലംഘനം നടത്തിയതായി കണ്ടെത്തി. അര്‍ഹരായവര്‍ക്ക് സംവരണ സീറ്റുകള്‍ ഒഴിഞ്ഞുകൊടുക്കാതെ മറ്റുള്ളവര്‍ യാത്ര ചെയ്താല്‍ അവരില്‍ നിന്ന് 100 രൂപ പിഴ ഈടാക്കണമെന്ന അറിയിപ്പ് ബസില്‍ ഉണ്ടാവണം. ഇതില്ലാത്ത ബസുകള്‍ക്കെതിരേയും നടപടി എടുത്തു.
ചവിട്ടുപടിയുടെ ഉയരം, സീറ്റുകള്‍ തമ്മിലുള്ള ദൈര്‍ഘ്യം തുടങ്ങിയ കാര്യങ്ങളും ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. സ്പീഷ് ഗവേര്‍ണര്‍ ഇല്ലാതെ സര്‍വീസ് നടത്തിയ മൂന്ന് സ്വകാര്യ ബസുകള്‍ക്ക് 5000 രൂപ വീതം പിഴ ഈടാക്കി.

Latest