ഗ്രാമപഞ്ചായത്തുകള്‍ ശുദ്ധീകരിച്ച വെള്ളം കൊടുക്കുന്നുവെന്ന് ഉറപ്പുവരുത്തണം

Posted on: February 26, 2015 10:01 am | Last updated: February 26, 2015 at 10:01 am

പാലക്കാട്: പകര്‍ച്ച വ്യാധി നിയന്ത്രണം ഉറപ്പുവരുത്തുന്നതിന് ഗ്രാമപഞ്ചായത്തുകള്‍ കുടിവെളള വിതരണം ചെയ്യുമ്പോള്‍ അവ ശുദ്ധീകരിച്ച് നല്‍കുന്നുവെന്ന് ഉറപ്പു വരുത്തണമെന്ന് സാംക്രമിക രോഗ നിയന്ത്രണവുമായി ബന്ധപ്പെട്ട് ചേര്‍ന്ന ജില്ലാതലഅവലോകന യോഗം നിര്‍ദ്ദേശിച്ചു. കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ എ ഡി എം യു നാരായണന്‍കുട്ടി അധ്യക്ഷത വഹിച്ചു.
വാട്ടര്‍ അതോറിറ്റി വിതരണം ചെയ്യുന്ന കുടിവെളള ക്ലോറിനേഷന്‍ ചെയ്ത് നല്‍കുമ്പോള്‍ ഇതേ രീതിയില്‍ ഗ്രാമപഞ്ചായത്തുകള്‍ വഴി നല്‍കുന്ന ജലം ശുദ്ധീകരിച്ച് നല്‍കുന്നിന് നിര്‍ദ്ദേശങ്ങള്‍ നിലവിലുണ്ടോ ഇത് പാലിക്കപ്പെടുന്നുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ യോഗത്തില്‍ പങ്കെടുത്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി എന്‍ കണ്ടമുത്തന്‍ ആരാഞ്ഞു.
ജില്ലയില പകര്‍ച്ചവ്യാധി നിയന്ത്രണവുമായി ബന്ധപ്പെട്ട് നടത്തേണ്ട കാര്യങ്ങളെ സംബന്ധിച്ച് ആക്ഷന്‍ പഌന്‍ തയ്യാറാക്കിയതായി ഡപ്യൂട്ടി ഡി എം ഒ യോഗത്തില്‍ അറിയിച്ചു. ഇത് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്.
എല്ലാമാസവും സാംക്രമിക രോഗ നിയന്ത്രണവുമായി ബന്ധപ്പെട്ട് ജില്ലാതല അവലോകനം ചേരുന്നതിനും യോഗം തീരുമാനിച്ചു.
കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികള്‍ വൃത്തിഹീനമായ ചുറ്റുപാടുകളില്‍ ജോലി ചെയ്യുമ്പോള്‍ കൈയ്യുറ ധരിക്കുന്നുവെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പുവരുത്തണം. ഇവര്‍ക്ക് കഴിക്കുന്നതിന് ആവശ്യമായ പ്രതിരോധ മരുന്നുകള്‍ പി എച്ച് സി.കള്‍ വഴി ലഭ്യമാക്കണമെന്നും ഡെപ്യൂട്ടി ഡി എം ഒ കെ എ നാസര്‍ അറിയിച്ചു. അന്യസംസ്ഥാന തൊഴിലാളികളിലെ ആരോഗ്യസ്ഥിതി പരിശോധിക്കുന്നതിന്റെ ഭാഗമായി ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ കീഴില്‍ കഞ്ചിക്കോട്, പട്ടാമ്പി, കൊഴിഞ്ഞാമ്പാറ, ഒലവക്കോട് എന്നിവിടങ്ങളില്‍ മെഡിക്കല്‍ ക്യാംപ് നടത്തി. അതേസമയം ഇവരെ സംബന്ധിച്ച കണക്കെടുപ്പ് ബുദ്ധിമുട്ടാണെന്ന് ലേബര്‍ ഓഫീസര്‍ അറിയിച്ചു.
വൃത്തിയും ശുചിത്വവും ഉറപ്പാക്കുന്നതിനായി കാറ്ററിങ്, ഹോട്ടല്‍ തൊഴിലാളിമാര്‍ എന്നിവര്‍ക്ക് പ്രതേ്യക പരിശീലനം നല്‍കും. എച്ച്1എന്‍1 രോഗവുമായി ബന്ധപ്പെട്ട് ജില്ലയില്‍ മൂന്ന് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായും ഇതില്‍ ഒരു കുട്ടി മരണപ്പെട്ടതായും ഡെപ്യൂട്ടി ഡി എം ഒ അറിയിച്ചു.
രോഗം നിയന്ത്രണ വിധേയമാണെന്നും ആശുപത്രികളില്‍ രോഗത്തിന് ആവശ്യമായ മരുന്ന് ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു.
കപ്പൂര്‍ ഭാഗത്ത് മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്ത സഹചര്യത്തില്‍ മേഖലയില്‍ ശുചിത്വമിഷന്റെ നേത്യത്വത്തില്‍ ബോധവത്കരണ കഌസുകള്‍ നടത്തുന്നതിനും യോഗം തീരുമാനിച്ചു.