ജാമ്യമില്ലാ കുറ്റങ്ങളുടെ പട്ടികയില്‍ റാഗിംഗ് നിരോധ നിയമങ്ങള്‍ ഉള്‍പ്പെടുത്തണം: മനുഷ്യാവകാശ കമ്മീഷന്‍

Posted on: February 26, 2015 9:56 am | Last updated: February 26, 2015 at 9:56 am

പാലക്കാട്: റാഗിംഗ് നിയമങ്ങള്‍ നിയമം കാലാനുസൃതമായി പരിഷ്‌ക്കരിക്കണമെന്നും കേസ്സുകള്‍ എത്രയും വേഗം വിചാരണ ചെയ്ത് കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും മനുഷ്യാവകാശ കമ്മീഷനംഗം ആര്‍ നടരാജന്‍ അഭിപ്രായപ്പെട്ടു. റാഗിംഗ് കുറ്റകൃത്യങ്ങള്‍ക്ക് ഇരയായയവരുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന വിശ്വാസ് പാലക്കാട് ജില്ലാ ലൈബ്രറിഹാളില്‍ നടത്തിയ റാഗിംഗ് നിരോധന നിയമത്തിനെകുറിച്ചുള്ള ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
16 വര്‍ഷങ്ങള്‍ക്കു മുമ്പ് നിലവില്‍ വന്ന നിയമത്തില്‍, റാഗിംഗ് സംബന്ധിച്ച പരാതി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലവന്മാര്‍ക്ക് എഴുതികൊടുക്കണെന്നാണ് പറഞ്ഞിരിക്കുന്നത്. വിവരസാങ്കേതിക വിദ്യയുടെ കാലഘട്ടത്തില്‍ ഇ-മെയില്‍, എസ് എം എസ് തുടങ്ങിയ മാധ്യമങ്ങള്‍ വഴി ലഭിക്കുന്ന പരാതിപോലും സ്വീകരിക്കുവാനും ജാമ്യമില്ലാ കുറ്റങ്ങളുടെ പട്ടികയില്‍ റാഗിംഗ് നിരോധന നിയമങ്ങള്‍ ഉള്‍പ്പെടുത്തണമെന്നും, കേസ്സുകളുടെ വിചാരണ വേഗത്തിലാക്കാന്‍ ഒന്നാംക്ലാസ്സ് ജൂഡീഷ്യല്‍ മജിസ്‌ട്രേട്ടിന്റെ അധികാരത്തില്‍ പ്രത്യേക കോടതികള്‍ സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അദ്ധ്യാപക-വിദ്യാര്‍ത്ഥി ബന്ധങ്ങളുടേയും കുടുംബ ബന്ധങ്ങളുടേയും ശിഥിലീകരണമാണ് പലപ്പോഴും വിദ്യാര്‍ത്ഥികളുടെ അക്രമപ്രവര്‍ത്തനങ്ങളിലേക്ക് നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.