Connect with us

Malappuram

ഇനി സമ്മേളനത്തിന്റെ നേര്‍ക്കാഴ്ചകളിലേക്ക്

Published

|

Last Updated

താജുല്‍ ഉലമാ നഗര്‍: മാസങ്ങള്‍ നീണ്ട പ്രചാരണങ്ങള്‍ക്കും ആവേശങ്ങള്‍ക്കും പരിസമാപ്തി, ഇനി മഹാ സംഗമത്തിന്റെ നേര്‍ക്കാഴ്ചകളിലേക്ക് കണ്ണും മനസും തിരിക്കാം. താജുല്‍ ഉലമാ നഗര്‍ ഇന്ന് മുതല്‍ ജനലക്ഷങ്ങളെ സ്വീകരിക്കും. ഹൃദയങ്ങളില്‍ കെടാതെ കൊളുത്തിവെച്ച ആദര്‍ശക്കരുത്തുമായാണ് ജനലക്ഷങ്ങള്‍ ചരിത്രമുറങ്ങുന്ന മണ്ണിലേക്കെത്തുന്നത്.

കല്‍പറ്റയില്‍ സമ്മേളനം പ്രഖ്യാപിച്ചതു മുതല്‍ സമ്മേളന സന്ദേശം ജന ഹൃദയങ്ങളിലെത്തിക്കാന്‍ നൂറുകൂട്ടം പ്രചാരണ പ്രവര്‍ത്തനങ്ങളാണ് നാടെങ്ങും നടത്തിയത്. ശ്രദ്ധേയമായ പ്രചാരണപരിപാടികള്‍ ഏവരെയും ആകര്‍ഷിക്കുന്നതായിരുന്നു. ബോര്‍ഡുകളെഴുതിയും ഒറ്റയായും സംഘമായും പ്രകടനങ്ങള്‍ നടത്തിയും റോഡ് മാര്‍ച്ച്, ഹൈ വേ മാര്‍ച്ച്, നാടുണര്‍ത്തല്‍, വിളംബ രറാലി, വിഭവ സമാഹരണം, ദഅ്‌വാ പ്രഭാഷണങ്ങള്‍, ആദര്‍ശ സമ്മേളനങ്ങള്‍ തുടങ്ങിയ നാടിളക്കിയുള്ള പ്രചാരണങ്ങള്‍ക്ക് സമാപ്തി കുറിച്ചാണ് സമ്മേളനത്തിലേക്ക് കാലെടുത്തുവെക്കുന്നത്.
ആത്മീയ ചൈതന്യം നിറയുന്ന പഠന സെഷനുകള്‍, പ്രാസ്ഥാനിക മുന്നേറ്റവും ചരിത്രവും തുറന്ന് കാണിക്കുന്ന സമ്മേളനങ്ങള്‍, സ്‌നേഹ സംഭാഷണങ്ങള്‍, ദേശീയോദ്ഗ്രഥന സമ്മേളനം, വൈവിധ്യമാര്‍ന്ന വിഷയങ്ങളിലുള്ള സെമിനാര്‍, മാധ്യമങ്ങളുടെ അകവും പുറവും തുറന്നുകാണിക്കുന്ന സംവാദം, ദഅ്‌വാ കോണ്‍ഫറന്‍സ്, തൊഴിലാളി സമ്മേളനങ്ങള്‍, കര്‍ഷക സമ്മേളനങ്ങള്‍, എം ഒ ഐ നാഷനല്‍ മീറ്റ്, സാന്ത്വനം ക്ലബ് കോണ്‍ഫറന്‍സ്, സ്ഥാപന മേധാവികളുടെ സമ്മേളനം, ഖുര്‍ആന്‍ പഠിതാക്കളുടെ സംഗമം, പ്രൊഫഷണല്‍ കോണ്‍ഫറന്‍സ്, വ്യാപാരി വ്യവസായി സമ്മേളനം, പ്രവാസി സമ്മേളനം, ക്യാമ്പസ് സമ്മിറ്റ് തുടങ്ങി പുതുമയും വ്യതിരിക്തവുമായ സെഷനുകളെല്ലാം സമ്മേളന പ്രതിനിധികള്‍ക്ക് വേറിട്ട അനുഭവമാകും. ഓരോ സെഷനുകളിലും പ്രമുഖ വ്യക്തിത്വങ്ങളാണ് സമ്മേളന പ്രതിനിധികളുമായി സംവദിക്കുക.