Connect with us

Malappuram

തിരൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസിന്റെ മറവില്‍ അമിത തുക ഈടാക്കിയുള്ള ചൂഷണം വ്യാപകമാകുന്നു

Published

|

Last Updated

തിരൂര്‍: സബ് രജിസ്ട്രാര്‍ ഓഫീസില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവരെ ചൂഷണം ചെയ്യുന്നതായി വ്യാപക പരാതി. ദൈനം ദിനം നൂറുകണക്കിന് ആളുകള്‍ ആശ്രയിക്കുന്ന തിരൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസ് ഇപ്പോള്‍ ചൂഷകരുടെയും അഴിമതിക്കാരുടെയും വിളയാട്ട കേന്ദ്രമായായി മാറിയിരിക്കുകയാണ്.
ഓരോ സേവനങ്ങളുടെ പേരില്‍ അമിത ഫീസ് ഈടാക്കിയാണ് സാധാരണ ജനങ്ങളെ ചൂഷണത്തിന് വിധേയമാക്കുന്നത്. ഇടനിലക്കാരുടെയും ഉദ്യോഗസ്ഥരുടെയും കൂട്ട് കെട്ടിലൂടെ നടക്കുന്ന ചൂഷണങ്ങള്‍ക്ക് മുന്നില്‍ അധികൃതര്‍ പോലും മൗനം നടിക്കുകയാണ്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ആശ്രയിക്കുന്ന രജിസ്ട്രാര്‍ ഓഫീസ് കൂടിയാണ് തിരൂര്‍ കോടതിക്ക് സമീപം സ്ഥിതി ചെയ്യുന്ന സബ് രജിസ്ട്രാര്‍ കേന്ദ്രം. ദിവസവും അന്‍പതിലധികം രാജിസ്ട്രഷനും ആധാരം പകര്‍ത്തി എഴുത്ത് ഇനത്തില്‍ നാല്‍പ്പത് അപേക്ഷകളും ലഭിക്കാറുണ്ട്.
കൂടാതെ കുടിക്കടം ഉള്‍പ്പടെയുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിനായി നൂറിലധികം അപേക്ഷകളും ഏഴ് വില്ലേജുകളില്‍ നിന്നുള്ള രജിസ്‌ട്രേഷന്‍ സംബന്ധമായ ഇടപാടുകളും ഇവിടെ നടക്കാറുണ്ട്. എന്നാല്‍ പെട്ടെന്നുള്ള ആവശ്യങ്ങള്‍ക്കായി എത്തുന്ന സാധാരണക്കാര്‍ പലപ്പോഴും ചൂഷണത്തിന് വിധേയമാവുകയാണ്. ബേങ്കുകളില്‍ നിന്നും വിവിധങ്ങളായ ലോണ്‍ ലഭിക്കുന്നതിനും ഭൂമി കൈമാറ്റം നടത്തുന്നതിനുമാണ് അധിക പേരും കുടിക്കട സര്‍ട്ടിഫിക്കറ്റിനായി രേജിസ്ട്രാര്‍ ഓഫീസില്‍ സമീപിക്കാറുള്ളത്. കുടിക്കടം മൂന്നു ദിവസം കൊണ്ട് ലഭിക്കുമെന്നിരിക്കെ ഒരാഴ്ച വരെ നീട്ടുകയാണ് പതിവ്. പെട്ടെന്ന് ലഭിക്കാന്‍ അടക്കേണ്ട തുകക്ക് പുറമേ മുന്‍ഗണനാ ഫീസ് അടക്കാന്‍ അവസരമുണ്ട്. എന്നാല്‍ ആവശ്യക്കാര്‍ക്ക് പെട്ടെന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന വാഗ്ദാനം നല്‍കിയാണ് ഉദ്യോഗസ്ഥര്‍ പണം കൈ പറ്റുന്നത്.
ഇത്തരത്തില്‍ വാങ്ങുന്ന പണത്തിനു രസീതോ മറ്റു രേഖകളോ ആവശ്യകാര്‍ക്ക് നല്‍കാറില്ല. പ്രയോറിട്ടി ഫീസ് ഇനത്തില്‍ തുക നല്‍കിയാലും ഇല്ലെങ്കിലും മൂന്ന് ദിവസത്തിനകം കുടിക്കടം ലഭിക്കുമെന്നിരിക്കെയാണ് ജനങ്ങളുടെ ആവശ്യത്തെ ചൂഷണം ചെയ്യുന്ന ഉദ്യോഗസ്ഥ നടപടി. രജിസ്ട്രാര്‍ ഓഫീസിന് പരിസരങ്ങളിലായി നിരവധി ആധാരമെഴുത്ത് കേന്ദ്രങ്ങളും ഇടനിലക്കാരും പ്രവര്‍ത്തിക്കുന്നുണ്ട്. ആധാരമെഴുതുന്നതിനു സംസ്ഥാനത്ത് ഫീസ് തിട്ടപ്പെടുതിയിട്ടുണ്ടെങ്കിലും ഇത് മറികടന്നാണ് ഇവര്‍ അമിത ഫീസ് ഈടാക്കുന്നത്. ആധാരമെഴുത്ത് കേന്ദ്രങ്ങളില്‍ നിന്നും ഉദ്യോഗസ്ഥര്‍ക്കുള്ള വിഹിതം എത്തിക്കുക പതിവ് രീതിയാണ്. മാമൂലുകള്‍ നിയമമാണെന്ന് കരുതി ചൂഷണത്തിന് വിധേയരാകുന്നവരാണ് അധികവും. ഇത്തരത്തില്‍ കൈ പറ്റുന്ന തുകയുടെ രസീതോ ആവശ്യപ്പെട്ടാല്‍ നല്‍കാന്‍ തയ്യാറാവുകയില്ല.
ആവശ്യങ്ങള്‍ നടക്കില്ലെന്നു ഭയന്ന് പരാതിപ്പെടാനോ ചോദ്യം ചെയ്യാനോ ആളുകള്‍ തയ്യാറാവാത്തത് ഇത്തരം അഴിമതികള്‍ തഴച്ചു വളരാന്‍ സഹായിക്കുന്നു. രജിസ്ട്രാര്‍ ഓഫീസുകള്‍ കേന്ദ്രീകരിച്ചുള്ള അഴിമതിയും ജനദ്രോഹ നടപടിയിലും പ്രതിഷേധിച്ച് കഴിഞ്ഞ മാസം മുസ്‌ലിം യൂത്ത് ലീഗ് ഉള്‍പ്പടെയുള്ള യുവജന സംഘടനകള്‍ സമരവുമായി രംഗത്ത് വന്നിരുന്നു. എന്നാല്‍ ഒളിഞ്ഞും തെളിഞ്ഞും സാധാരണക്കാരെ ചൂഷണം ചെയ്യുന്ന പ്രവണത തകൃതിയായി നടക്കുകയാണ്.