Connect with us

Kozhikode

കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ 'അങ്കണ്‍വാടി ബഹളം'

Published

|

Last Updated

കോഴിക്കോട്: മാതൃകാ അങ്കണ്‍വാടിക്കായി വാര്‍ഡുകളില്‍ സ്ഥലം ലഭ്യമാക്കുന്ന കാര്യത്തില്‍ വിവേചനം കാണിക്കുന്നതായി കാണിച്ച് കോര്‍പറേഷന്‍ കൗണ്‍സിലില്‍ പ്രതിപക്ഷ ബഹളം.

മേയറുടെ വാര്‍ഡായ പൊറ്റമ്മലില്‍ അങ്കണ്‍വാടിക്കായി സ്ഥലം അനുവദിച്ചപ്പോള്‍ തൊട്ടടുത്ത വാര്‍ഡായ കൊമ്മേരിയില്‍ നഗരസഭയുടെ ഉടമസ്ഥതയില്‍ സ്ഥലമുണ്ടായിട്ടുപോലും നല്‍കിയില്ലെന്ന് ആരോപിച്ച് ഇവിടത്തെ കൗണ്‍സിലറായ കവിതാ അരുണ്‍ രംഗത്തെത്തി. ശ്രദ്ധക്ഷണിക്കലില്‍ പ്രശ്‌നം ഉന്നയിച്ച കവിത അരുണ്‍ രാഷ്ട്രീയ വിരോധത്തിന്റെ പേരിലാണ് മേയര്‍ വിവേചനം കാണിക്കുന്നതെന്ന് ആരോപിച്ചു. സി പി എം പാര്‍ട്ടി നിര്‍ദേശ പ്രകാരമാണ് മേയര്‍ ഇത്തരം നടപടിക്ക് കൂട്ടുനില്‍ക്കുന്നതെന്ന് പറഞ്ഞ് യു ഡി എഫ് കൗണ്‍സിലര്‍മാര്‍ രംഗത്തെത്തിയതോടെ കൗണ്‍സില്‍ യോഗം ബഹളത്തില്‍ മുങ്ങി.
എന്നാല്‍ ഒരു തരത്തിലുള്ള വിവേചനവും കാണിച്ചില്ലെന്നും ഏത് വാര്‍ഡിലും മാതൃക ആങ്കണ്‍വാടി വരുന്നതില്‍ തനിക്ക് സന്തോഷമേയുള്ളുവെന്നും മേയര്‍ എ കെ പ്രേമജം പറഞ്ഞു. പ്രതിപക്ഷം രാഷ്ട്രീയ ആരോപണം ഉന്നയിക്കുകയാണെന്നും മേയര്‍ പറഞ്ഞു.
അതിനിടെ സി പി എം സൊസൈറ്റിയായ ബേപ്പൂര്‍ കയര്‍ ക്ലസ്റ്റര്‍ കണ്‍സോര്‍ഷ്യത്തിന് മൂന്ന് വര്‍ഷത്തേക്ക് ലൈസന്‍സ് ഫീ വ്യവസ്ഥയില്‍ നല്ലളം കോട്ടുമ്മല്‍ കൊയമ്പയിലെ സ്ഥലം ലീസിന് നല്‍കുന്നത് സംബന്ധിച്ച് 82 ാം നമ്പര്‍ അജന്‍ഡയും ബഹളത്തിനിടയാക്കി.
സി പി എം സൊസൈറ്റി നഗരസഭക്ക് തിരികെ നല്‍കാത്ത ഭൂമി സംബന്ധിച്ചാണ് അജന്‍ഡ കൊണ്ടുവന്നതും ഇത് സംബന്ധിച്ച 34/49531/90 നമ്പര്‍ ഫയല്‍ കാണാതെപോയതില്‍ അസ്വാഭാവികതയുണ്ടെന്നും ആരോപിച്ച് കൗണ്‍സിലര്‍ കെ ബാലഗോപാലന്‍ അജന്‍ഡ കീറിയെറിഞ്ഞു. ടെന്‍ഡര്‍ ദേശാഭിമാനി, മംഗളം, ഇന്ത്യന്‍ എക്‌സ്പ്രസ് എന്നീ മൂന്ന് പത്രങ്ങളില്‍ മാത്രമായി പരസ്യം നല്‍കിയത് സംബന്ധിച്ചും ആരോപണമുയര്‍ന്നു. ഒടുവില്‍ പ്രതിപക്ഷ ആരോപണം ഉന്നയിച്ച ഭരണഭക്ഷം അജന്‍ഡ വോട്ടിനിട്ട് പാസാക്കി.
ജനകീയാസൂത്രണ പദ്ധതി പ്രകാരം വികസനപ്രവൃത്തികള്‍ക്കായി അനുവദിച്ച ഫണ്ടില്‍ ഇരുപത് ശതമാനം പോലും ചെലവഴിക്കാതെ കോടികളുടെ നഷ്ടമാണ് ഭരണസമിതി വരുത്തിവെച്ചതെന്ന് പി കിഷന്‍ചന്ദ് ശ്രദ്ധക്ഷണിക്കല്‍ ഉന്നയിച്ചു. പദ്ധതിവിഹിതത്തിന്റെ 40 ശതമാനമെങ്കിലും ചെലവഴിച്ചില്ലെങ്കില്‍ അടുത്ത സാമ്പത്തികവര്‍ഷത്തില്‍ ലഭിക്കേണ്ട ഫണ്ടില്‍ അനുഭവപ്പെടാവുന്ന നഷ്ടം സംബന്ധിച്ചും അദ്ദേഹം സഭയെ ധരിപ്പിച്ചു. മരാമത്ത് വകുപ്പിന്റെ പിടിപ്പുകേടാണ് ഇതിന് കാരണമെന്ന് പ്രതിപക്ഷ ഉപനേതാവ് കെ മുഹമ്മദലി ഉന്നയിച്ചു. എന്നാല്‍ ഉദ്യോഗസ്ഥരുടെ കുറവ് കൊണ്ടാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ താളംതെറ്റുന്നതെന്ന് മരാമത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ എം മോഹനന്‍, ഡെപ്യൂട്ടി മേയര്‍ പ്രൊഫ. പി ടി അബ്ദുല്ലത്വീഫ്, മേയര്‍ എന്നിവര്‍ വിശദീകരിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതിക്കായി അനുവദിച്ച ഫണ്ടില്‍ 90 ശതമാനവും ചെലവഴിച്ചതായി ചെയര്‍പേഴ്‌സണ്‍ പി ഉഷാദേവി ടീച്ചര്‍ അറിയിച്ചു.
കെ എസ് യു ഡി പി പദ്ധതി പ്രകാരം നടപ്പാക്കുന്ന പദ്ധതികളില്‍ ഒന്നാം ഘട്ടത്തില്‍ നടപ്പാക്കുന്നവയിലേക്ക് കനോലി കനാല്‍ നവീകരണം കൂടി കൗണ്‍സില്‍ യോഗം ഉള്‍പ്പെടുത്തി.

Latest