Connect with us

Kozhikode

ബ്രാഞ്ച് സെക്രട്ടറിയടക്കം ഏഴ് പേര്‍ക്ക് കഠിന തടവ്

Published

|

Last Updated

വടകര: സി പി എം പ്രവര്‍ത്തകനെ കാര്‍ തടഞ്ഞുനിര്‍ത്തി വധിക്കാന്‍ ശ്രമിച്ച കേസില്‍ പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറിയടക്കം ഏഴ് പേര്‍ക്ക് ശിക്ഷ.
സി പി എം വളയം നിരവ് ബ്രാഞ്ച് സെക്രട്ടറി ഭൂമിവാതുക്കല്‍ പൊയിലുപറമ്പത്ത് ജിനീഷ് (35), വളയം ലോക്കല്‍ കമ്മിറ്റി അംഗം പൊയിലുപറമ്പത്ത് അനില്‍ (39), വടക്കേ നടുക്കണ്ടി ശ്രീധരന്‍ (43), വടക്കേട്ടില്‍ നിജേഷ് (31), പുത്തന്‍പുരയില്‍ സജിലേഷ് (33), മണ്ടന്‍തറ പവിത്രന്‍ (47), പൂവുള്ളചാലില്‍ അജേഷ് (25) എന്നിവരെയാണ് വടകര അസിസ്റ്റന്റ് സെഷന്‍സ് കോടതി ജഡ്ജ് അനില്‍ കെ ഭാസ്‌കരന്‍ ശിക്ഷിച്ചത്. മൂന്ന് വര്‍ഷം കഠിനതടവും പതിനായിരം രൂപ വീതം പിഴയുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി കഠിനതടവ് അനുഭവിക്കണം. ഈ കേസിലെ അഞ്ചാം പ്രതി വടക്കേട്ടില്‍ ജിതേഷ് (32) കേസില്‍ ഹാജരാകാത്തതിനാല്‍ കേസ് പിന്നീട് പരിഗണിക്കും.
2009 മെയ് മൂന്നിനാണ് കേസിനാസ്പദമായ സംഭവം. സി പി എം പ്രവര്‍ത്തകനായ വളയം നിരവുമ്മല്‍ കിഴക്കേ പറമ്പത്ത് പ്രവീണിനെ വധിക്കാന്‍ ശ്രമിച്ച കേസിലാണ് ശിക്ഷ. വളയം ചുഴലി റോഡില്‍ മാര്‍ഗതടസ്സം സൃഷ്ടിച്ച് പ്രവീണ്‍ സഞ്ചരിച്ച കാര്‍ തടഞ്ഞുനിര്‍ത്തി ഗ്ലാസും ഹെഡ്‌ലൈറ്റും തകര്‍ക്കുകയും കാറിലുണ്ടായിരുന്ന പ്രവീണിനെ പിടിച്ചിറക്കി റീപ്പര്‍ ഉപയോഗിച്ച് തലക്കടിച്ച് പരുക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ വളയം പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
പാര്‍ട്ടി സെക്രട്ടറിയെ യോഗത്തില്‍ വെച്ച് ചോദ്യം ചെയ്തതിന്റെ വിരോധമായിരുന്നു അക്രമത്തിന് പിന്നില്‍.